കോട്ടയം: യു.ഡി.എഫിൽ നിന്നുള്ള അപ്രതീക്ഷിത പുറത്താക്കലിന്റെ ഞെട്ടലിൽ മുന്നണിക്കെതിരെ ആഞ്ഞടിച്ച് ജോസ് കെ മാണി'രാഷ്ട്രീയ അനീതിയാണ് കാട്ടിയത്. നടന്നത് വൺവേ ചർച്ചയാണ്. തീരുമാനം അധാർമ്മികമാണ്. മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത് . പ്രതിസന്ധികളിൽ മുന്നണിയെ സംരക്ഷിച്ചുപോന്ന കെ.എം മാണിയെയാണ് പുറത്താക്കിയത്. മാണിയുടെ രാഷ്ട്രീയത്തെയാണ് തള്ളിപ്പറഞ്ഞത്. ഇത് ആത്മാഭിമാന പ്രശ്നമാണ്.അത് ആരുടെ മുന്നിലും അടിയറവെച്ച പാരമ്പര്യം ഞങ്ങൾക്കില്ല'. വികാരാധീനനായാണ് ജോസ് കെ മാണി ഇങ്ങനെ പ്രതികരിച്ചത്.
ഇന്ന് കോട്ടയത്ത് പാർട്ടി സ്റ്റിയറിംഗ് കമ്മിറ്റി ചേർന്ന് ഭാവി പരിപാടി തീരുമാനിക്കുമെന്നും ജോസ് അറിയിച്ചു.
നിയമസഭാ തിരഞ്ഞടുപ്പിൽ കൂടുതൽ സീറ്റെന്ന ഉപാധി നിരത്തി ജില്ലാ പഞ്ചായത്ത് പ്രശ്നം തിരഞ്ഞെടുപ്പുവരെ നീട്ടിക്കൊണ്ടു പോകാനായിരുന്നു ജോസ് വിഭാഗം ശ്രമിച്ചത്. ഒമ്പതു ദിവസം മുമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് യു.ഡി.എഫ് നേതൃത്വം ആവശ്യപ്പെട്ടത് പരസ്യമായി തള്ളിക്കളയുകയായിരുന്നു.
ഇന്നലെ സ്വന്തം നിലപാടുകളെ ന്യായീകരിക്കുകയും യു.ഡി.എഫ് പന്തിയിൽ പക്ഷഭേദം കാട്ടിയെന്ന് ആരോപിക്കുകയുംചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട നിസാര കാര്യത്തിന്റെ പേരിലാണ് പുറത്താക്കലെന്ന് ജോസ് പറഞ്ഞു. ലോക് സഭാ തിരഞ്ഞെടുപ്പിലും പാലാ ഉപതിരഞ്ഞെടുപ്പിലുംയു.ഡി.എഫ് വിരുദ്ധനിലപാട് സ്വീകരിച്ച് യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നുവരെ പറഞ്ഞ ജോസഫിനെ ആയിരം തവണ പുറത്താക്കേണ്ടതായിരുന്നു. ബോധപൂർവ്വമായ രാഷ്ടീയ അജൻഡ ഇതിന് പിന്നിലുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
ഇല്ലാത്ത ധാരണയുടെ പേരിൽ രാജി വയ്ക്കണമെന്ന് പറയുന്നത് നീതിയുടെ പ്രശ്നമാണ്.ധാരണയെന്നത് അടിച്ചേൽപ്പിക്കലല്ല
യു.ഡി.എഫ് നേതൃത്വം ഒരുതവണ പോലും പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്തിയിട്ടില്ല.
കരാറുകളിൽ ചിലത് ചില സമയത്ത് മാത്രം ഓർമ്മപ്പെടുത്തുന്നു. ഇതിനെ 'സെലക്ടീവ് ഡിമൻഷ്യ എന്നാണ് വിശേഷിപ്പിക്കേണ്ടത്.പാർട്ടിക്കകത്തെ പ്രശ്നങ്ങൾ മുന്നണിയിൽ ചർച്ച ചെയ്യാനുള്ള ശ്രമം ഒരു ഘട്ടത്തിലും ജോസഫ് അംഗീകരിച്ചിരുന്നില്ലെന്നും ജോസ് പറഞ്ഞു.
.