അടിമാലി: പ്രസവവാർഡ് ഉൾപ്പടെയുള്ളവ പ്രവർത്തിക്കുന്ന അടിമാലി താലൂക്കാശുപത്രിയിൽ രക്ത ബാങ്ക് സംവിധാനം വേണമെന്ന ആവശ്യം ശക്തമായി. ദിവസവും നൂറുകണക്കിന് രോഗികൾ വിവിധ രോഗങ്ങൾക്ക് ചികത്സ തേടിയെത്തുന്ന ഇടമാണ് അടിമാലി താലൂക്കാശുപത്രി.പക്ഷെ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വേണ്ടുന്ന രക്തബാങ്ക് സംവിധാനം ഇനിയും ആശുപത്രിയിൽ സജ്ജമായിട്ടില്ല.രക്തബാങ്കിന്റെ അഭാവം വിദൂര ആദിവാസി മേഖലകളിൽ നിന്നുൾപ്പെടെയെത്തുന്ന രോഗികൾക്ക് വരുത്തുന്ന ബുദ്ധിമുട്ട് ചില്ലറയല്ല.. രക്തം ആവശ്യമായി വരുന്ന സാഹചര്യത്തിൽ അടിമാലിയിലെ സന്നദ്ധ സംഘടനകളുടെയും യുവജന സംഘടനകളുടെയും സഹായമാണ് രോഗികൾക്ക് ആശ്രയമായിട്ടുള്ളത്.ആദിവാസികൾ അടക്കമുള്ളവർക്ക് ഇത്തരം കാര്യങ്ങളിൽ ഇടപെട്ട് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് പലപ്പോഴും ഏറെ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ട് ഈ സാഹചര്യത്തിലാണ് രക്തബാങ്ക് സംവിധാനമെന്ന ആവശ്യത്തിന് വീണ്ടും ശക്തിയാർജ്ജിക്കുന്നത്.സമീപപ്രദേശങ്ങളിൽ ഏറ്റവും അധികം പ്രസവങ്ങൾ നടക്കുന്ന ആശുപത്രികളിൽ ഒന്നാണ് അടിമാലി താലൂക്കാശുപത്രി.ഈ ഒരു സാഹചര്യം തന്നെ ആശുപത്രിയിൽ രക്തബാങ്കിന്റെ പ്രാധാനം ഇരട്ടിയാക്കുന്നു.പ്രസവ സംബന്ധമായ ആവശ്യങ്ങൾക്ക് രക്തം കരുതുന്നതിനായി താലൂക്കാശുപത്രിയിൽ എത്തുന്ന രോഗികൾ പിന്നീട് ക്രോസ് മാച്ചിംങ്ങ് നടത്താൻ സ്വകാര്യ ആശുപത്രിയെ ആശ്രയിക്കണം. ദേശീയ പാതയിൽ രാത്രികാലങ്ങളിലടക്കം അപകടങ്ങൾ നിരന്തരം നടക്കുമ്പോൾ ആദ്യം ആശ്രയിക്കുന്നത് താലൂക്ക് ആശുപത്രിയെയാണ്. പലപ്പോഴും ഇത്തരം കേസുകൾക്ക് രക്തം ആവശ്യമായി വരാറുണ്ട്. അടിയന്തിര സാഹചര്യത്തിൽ ആശുപത്രിയിലെ പരിമിതി പലപ്പോഴും പ്രതിബന്ധമായി മാറും. ബ്ളഡ് ബാങ്ക് കൂടി എത്തിയാൽ ആശുപത്രിയുടെ വികസനത്തിന് ആക്കം കൂട്ടാനും ഉപകരിക്കും.
ബ്ളഡ് ബാങ്ക്കെട്ടിടം
സ്റ്റാഫ് ക്വാട്ടേഴ്സായി
ഇടക്കാലത്ത് ബ്ളഡ് ബാങ്ക് സ്ഥാപിക്കാനുള്ള ശ്രമം നടന്നു. അതിനായി കെട്ടിടവും നിർമ്മിച്ചു. ബ്ളഡ് ബാങ്ക് എന്നത് അനന്തമായി നീണ്ടു. കെട്ടിടവും നശിക്കുമെന്ന നിലവന്നപ്പോൾ ഇത് സ്റ്റാഫ് ക്വാട്ടേഴ്സായി മാറ്റുകയായിരുന്നു.
രക്തബാങ്ക്
നിലവിലെ വ്യവസ്ഥ അനുസരിച്ച് പ്രതിവർഷം രണ്ടായിരം യൂണിറ്റിൽ കൂടുതൽ രക്തം ആവശ്യമായി വരുന്ന ആശുപത്രികളിലാണ് രക്തബാങ്കുകൾ ആരംഭിക്കുന്നത്. രണ്ടായിരം യൂണിറ്റിൽ താഴെയാണ് രക്തത്തിന്റെ ആവശ്യകതയെങ്കിൽ രക്തസംഭരണ യൂണിറ്റുകൾ ആരംഭിക്കും
(നിയമസഭയിൽ ആരോഗ്യമന്ത്രി പറഞ്ഞത്).