പാലാ: യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരളാ കോൺഗ്രസ് ജോസ് വിഭാഗം ഇടതുമുന്നണിയിലേയ്ക്ക് പോയാലും പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക് ഒപ്പമുണ്ടാകാനിടയില്ല.

' കാര്യങ്ങളെല്ലാം വീക്ഷിച്ചു വരികയാണ്, നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.' ചെയർപേഴ്‌സൺ മേരി ഡൊമിനിക് പറയുന്നു. എങ്കിലും വളരെ അടുപ്പക്കാരോട് ഇവർ നയം വ്യക്തമാക്കുകയും കഴിഞ്ഞയാഴ്ച ജോസ് കെ. മാണിയോട് നേരിട്ട് നിലപാട് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മേരി ഡൊമിനിക് ജോസ് പക്ഷത്താണെങ്കിലും വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും ഏഴു കൗൺസിലർമാരും ജോസഫ് ഗ്രൂപ്പിനൊപ്പമാണ്. നഗരസഭാ പ്രതിപക്ഷത്തിപ്പോൾ നേരത്തേ ബി.ജെ.പി.യിലുണ്ടായിരുന്ന അഡ്വ. ബിനു പുളിക്കക്കണ്ടം ഉൾപ്പെടെ 6 അംഗങ്ങളേയുള്ളൂ.

തങ്ങൾ യു.ഡി.എഫിന് ഒപ്പം ഉറച്ചു നിൽക്കുമെന്ന് പടവനും കൂട്ടരും വ്യക്തമാക്കുന്നു. ഇവരോട് മാനസികമായി വളരെ അടുപ്പം പുലർത്തുന്ന ആളാണ് ചെയർപേഴ്‌സൺ മേരി ഡൊമിനിക് .
ഇവർ ഇടതു മുന്നണിയിലേക്കില്ല എന്നു തീരുമാനിച്ചാൽ നഗര ഭരണം ജോസ് പക്ഷത്തിനു നഷ്ടപ്പെടും.

പടവനും കൂട്ടരും കോൺഗ്രസും കൈ കോർത്താൽ ഇടതു മുന്നണിയുടെ പിന്തുണ കിട്ടിയാൽപ്പോലും ജോസ് പക്ഷത്തിന് നഗരഭരണം നിലനിർത്താനാവില്ല.
പുതിയ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് ഇന്നലെ രാത്രി പടവനും കൂട്ടരും രഹസ്യ ചർച്ച നടത്തിയതായാണ് സൂചന. തങ്ങളുടെ നിലപാടുകൾക്ക് ചെയർപേഴ്‌സൺ മേരി ഡൊമിനിക്കിന്റെ പിന്തുണ ഉറപ്പാക്കാനുള്ള ശ്രമത്തിലാണവർ.