കോട്ടയം: ജില്ലയിൽ ഇന്നലെ ലഭിച്ച 325 കൊവിഡ് സാമ്പിൾ പരിശോധനാ ഫലങ്ങളും നെഗറ്റീവായപ്പോൾ ഈ മാസം ആദ്യമായി പുതിയ രോഗികളില്ലാത്ത ദിനമായി. ഈ മാസം ഒന്നിനുശേഷം പുതിയതായി ആർക്കും രോഗം ബാധിക്കാത്ത ആദ്യ ദിവസമാണിത്. ഇന്നലെ എട്ടു പേർ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയിൽ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.

രോഗമുക്തരായവർ ഉൾപ്പെടെ ഇതുവരെ 216 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ ഏറ്റവുമധികം പേരുടെ പരിശോധനാ ഫലം പോസിറ്റീവായതും ഈ മാസമാണ്. ജൂൺ മാസത്തിൽ ഇതുവരെ 173 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരുടെ പ്രതിദിന ശരാശരി 6.4 ആണ്. മെയ് 23, ഏപ്രിൽ 17, മാർച്ച് 3 എന്നിങ്ങനെയാണ് മുൻ മാസങ്ങളിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.

രോഗമുക്തരായവർ
1. അബുദാബിയിൽനിന്നെത്തിയ പനച്ചിക്കാട് സ്വദേശി (59).

2. ചെന്നൈയിൽനിന്നെത്തിയ മുണ്ടക്കയം സ്വദേശി (23).

3. മുംബയിൽ നിന്നെത്തിയ ടി.വി പുരം സ്വദേശി (33).

4. സൗദിയിൽ നിന്നെത്തിയ ഗർഭിണിയായ ആർപ്പൂക്കരക്കാരി (28).

5. അബുദാബിയിൽ നിന്നെത്തിയ മാലം സ്വദേശി (55).

6. സമ്പർക്കം മുഖേന രോഗം സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി (61).

7. മുംബയിൽനിന്നെത്തിയ ചിറക്കടവ് സ്വദേശി (53).

8. സൗദിയിൽ നിന്നെത്തിയ നീണ്ടൂർ സ്വദേശി (33)