കോട്ടയം: പുറത്താക്കിയെന്ന വാർത്ത ജോസ് വിഭാഗത്തിലെ നേതാക്കളിൽ ഞെട്ടലുണ്ടാക്കി. അണികൾ വികാരാധീനരായി . കെ.എം.മാണി മരിച്ചിട്ടില്ലെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു അണികൾ പാർട്ടി ഓഫീസിൽ എത്തിയ ജോസിനെ സ്വീകരിച്ചത്.
ഒമ്പതു ദിവസം മുമ്പ് തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന യു.ഡി.എഫ് നിർദ്ദേശം ജോസ് വിഭാഗം തള്ളിയിരുന്നു. ആര് പറഞ്ഞാലും രാജിവയ്ക്കുന്ന പ്രശ്നമില്ലെന്ന നിലപാടാണ് ഇന്നലെ രാവിലെയും തോമസ് ചാഴിക്കാടൻ എം.പി യും ആവർത്തിച്ചത് . ഉച്ചയോടെ കഥ മാറി. ജോസ് പക്ഷത്തെ യു.ഡി.എഫിൽ നിന്നു പുറത്താക്കിയെന്ന് തിരുവനന്തപുരത്ത് മുന്നണി കൺവീനർ ബെന്നി ബഹന്നാൻ പ്രഖ്യാപിച്ചപ്പോൾ കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിൽ യോഗത്തിലായിരുന്നു നേതാക്കൾ . വാർത്തയറിഞ്ഞ് എം.എൽ. എമാരായ റോഷി അഗസ്റ്റിനും എൻ.ജയരാജും ചാനൽ കാമറകൾക്കു മുന്നിൽ വികാരാധീനരായി. യു.ഡി.എഫ് പൊതുസമൂഹം കണ്ണീരോടെ ഈ തീരുമാനത്തെ കാണുമെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചപ്പോൾ രാഷ്‌ട്രീയ ധാർമ്മികത ഇല്ലാത്ത തീരുമാനമെന്നായിരുന്നു ജയരാജിന്റെ പ്രതികരണം . പിറകേ തോമസ് ചഴികാടൻ, സ്റ്റീഫൻ ജോർജ് , ജോസഫ് പുതുശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റിൻ കളത്തുങ്കൽ, പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം , പി.എം.മാത്യു, വിജി എം. തോമസ് തുടങ്ങിയ നേതാക്കളൊന്നായെത്തി . ഓബി വാനുമായി ചാനൽ പടയെത്തിയപ്പോൾ എല്ലാവർക്കും ആവേശമായി. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിനകത്തും പുറത്തും നേതാക്കളുടെയും പ്രവർത്തകരുടെയും കൂട്ട ഇടിയായി .
നാലുമണിയോടെ ജോസ് കെ. മാണി എത്തിയപ്പോൾ പ്രവർത്തകരുടെ ആവേശം അണപൊട്ടി. ' മരിച്ചിട്ടില്ല, മരിച്ചിട്ടില്ല കെ.എം. മാണി മരിച്ചിട്ടില്ല എന്ന മുദ്രാവാക്യം ജോസ് കെ. മാണി സിന്ദാബാദിനൊപ്പം ഉയർന്നു. വൈകാതെ അത് കൊവിഡ് നിയന്ത്രണവും മറികടന്നുള്ള ആൾക്കൂട്ടമായി. പലരും മാസ്ക് മാറ്റിയായിരുന്നു മുദ്രാവാക്യം മുഴക്കിയത്.
രണ്ടാം നിലയിൽ പാർട്ടി ഓഫീസിലെ ശീതീകരിച്ച മുറിയിൽ ഉന്നത നേതാക്കളുടെ യോഗത്തിനു ശേഷം പത്രസമ്മേളനം എന്നതു മാറ്റി ജോസ് കെ. മാണി ആദ്യമേ പത്രസമ്മേളനം നടത്തി. മാദ്ധ്യമപ്പടയ്ക്കൊപ്പം നേതാക്കളുടെ പട കൂടിയായപ്പോൾ തിക്കും തിരക്കുമായി. ജില്ലാ പഞ്ചായത്തിൽ കെ.എം.മാണിയുടെ കാലത്ത് തയ്യാറാക്കിയ രേഖ പ്രദർശിപ്പിച്ചായിരുന്നു ജോസിന്റെ പത്രസമ്മേളനം. യു.ഡി.എഫിൽ നിന്നു പുറത്താക്കിയതിന് പുറമേ ഇടതു മുന്നണിയിൽ പോകുമോ യു.ഡി.എഫിൽ തിരിച്ചു വരുമോ തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പിടി കൊടുക്കാതെ ഇന്ന് സ്റ്റിയറിംഗ് കമ്മിറ്റിയിൽ ബാക്കി തീരുമാനമെന്ന് പറഞ്ഞ് ജോസ് കെ. മാണി എഴുന്നേറ്റു.
യു.ഡി.എഫ് പൊതുസമൂഹം കണ്ണീരോടെ ഈ തീരുമാനത്തെ കാണും :റോഷി അഗസ്റ്റിൻ
രാഷ്‌ട്രീയ ധാർമ്മികത ഇല്ലാത്ത തീരുമാനം: ജയരാജ്