കോട്ടയം : കൃഷി നശിപ്പിക്കാൻ കാടിറങ്ങുന്ന പന്നികളെ വെടിവച്ചു കൊല്ലാൻ കർഷകർക്ക് അനുമതി നൽകിയെങ്കിലും മലയോരകർഷകരുടെ ദുരിതം തീരുന്നില്ല. ലോക്ക് ഡൗൺ കാലത്ത് കൃഷി കൂടിയതോടെ പന്നികൾക്ക് കുശാലായി. ഞങ്ങളെക്കൊണ്ട് തോക്കെടുപ്പിക്കരുതെന്നാണ് കർഷകരുടെ മുന്നറിയിപ്പ്.

കാഞ്ഞിരപ്പള്ളി താലൂക്കിലാണ് പന്നിശല്യം രൂക്ഷം. ഷീറ്റുകളും വലയും ഉപയോഗിച്ച് നിർമിച്ച വേലികൾകൊണ്ടും കാട്ടുപന്നികളെ പ്രതിരോധിക്കാൻ കഴിയുന്നില്ല. വനത്തോട് ചേർന്നുള്ള കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെ വിളയാട്ടമാണ്.

 ഇതൊക്കെയെന്ത്!

ലോക്ക് ഡൗൺ കാലത്തെ കൃഷി സംരക്ഷിക്കാനാണ് കോരുത്തോട് സ്വദേശികളായ അജിമോനും സതീഷും ചേർന്ന് കൃഷിയിടത്തിൽ വേലി നിർമിച്ചത്. പക്ഷേ, അതു തകർക്കാൻ പന്നിക്കൂട്ടത്തിന് നിമിഷങ്ങൾ മതിയായിരുന്നു. ഇതേ സ്ഥിതിയാണ് മറ്റു കൃഷിയിടങ്ങളിലും. ഇതോടെ വേലിക്കായി മുടക്കുന്ന പണവും നഷ്ടപ്പെടുകയാണ്. കപ്പയുടെ മൂടുകൾ മാന്തി. ചേനയും ചേമ്പും നശിപ്പിക്കുകയും ചെയ്തു. റബറിന്റെ മൂട് കുത്തി നശിപ്പിക്കും. കൃഷിയിടത്തെ മതിലും കൈയ്യാലകളുമൊക്കെ ചാടിക്കടന്നാണ് പന്നികളുടെ വിളയാട്ടം.

കൈയ്യാലയ്ക്ക് മുകളിൽ വലയിട്ടുണ്ടെങ്കിലും ഇതൊക്കെയെന്തെന്ന ഭാവമാണ് പന്നിക്ക്. കോരുത്തോട്, എരുമേലി, മണിമല പഞ്ചായത്തുകളിലാണ് പന്നി ശല്യം രൂക്ഷം. എരുമേലി പഞ്ചായത്തിൽ കണമല, പമ്പാവാലി ഭാഗങ്ങൾ പന്നികളുടെ വിഹാരകേന്ദ്രമാണ്.

ലോക്ക് ഡൗൺ കോളടിച്ചു

ഇക്കുറി ലോക്ക് ഡൗൺമൂലം വീട്ടിലിരിപ്പായതോടെ മലയോരവാസികളെല്ലാം കൃഷിയിലേയ്ക്ക് തിരിഞ്ഞു. കപ്പയും ചേനയും വാഴയും കാച്ചിലുമൊക്കെ നടാത്തതായി ആരുമില്ല. ഇതോടെയാണ് പന്നികൾ കൂട്ടത്തോടെ കാടിറങ്ങിയത്. മണിമല, കണമല, കോരുത്തോട് ഭാഗങ്ങളിലെ റബർത്തോട്ടങ്ങളിലും കാടുകളിലും പന്നികൾ പെറ്റുപെരുകി കിടപ്പുമുണ്ട്. പന്നിയെ വെടിവച്ചു കൊന്നാൽ ആയിരം രൂപ കർഷകന് നൽകാൻ വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന്റെ നടപടിക്രമങ്ങളാണ് തടസം. ഗതികെട്ടാൽ പന്നിയെ കൊല്ലുമെന്നാണ് കർഷകരുടെ പക്ഷം.

പന്നിയെ വെടിവച്ചു

കൊന്നാൽ 1000 രൂപ