പൊൻകുന്നം : കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നതിനാൽ രോഗവ്യാപനം തടയുന്നതിനായി സർക്കാർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ ഇതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന മട്ടിലാണ് പലരും. പൊതുസ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവരും വേണ്ടവിധം ധരിക്കാത്തവരും സാമൂഹിക അകലം പാലിക്കാത്തവരുമാണ്ഏറെയും. ഉപയോഗിച്ച മാസ്‌കുകൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയുന്നവരുമുണ്ട്. കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി മേഖലയിൽ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനെതിരെ ബോധവത്കരണം ശക്തമാക്കും. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകും. കച്ചവട സ്ഥാപനങ്ങളിൽ ഉടമകളും ജിവനക്കാരും വേണ്ടവിധം മാസ്‌ക് ധരിക്കാതെ കഴുത്തിൽ ചുറ്റിയിടുകയാണ്. കടകളടക്കമുള്ള സ്ഥാപനങ്ങളിലെത്തുന്നവർക്ക് കൈകഴുകാൻ സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ കരുതണം. വരുന്നവരോട് കൈകഴുകണമെന്ന് നിർദ്ദേശിക്കണം. വരുംദിവസങ്ങളിൽ പൊലീസുമായി ചേർന്ന് പരിശോധന ശക്തമാക്കും.