വൈക്കം : നൂറുമേനി നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയിൽ. പക്ഷെ ആശ്രമം സ്കൂളിന്റെ വിജയത്തിന് തിളക്കമേറെയാണ്. കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം കുട്ടികളെ പരീക്ഷയെഴുതിച്ച് ഒരാളൊഴികെ മറ്റെല്ലാവരെയും വിജയിപ്പിച്ചാണ് ആശ്രമം സ്കൂൾ തിളക്കമാർന്ന വിജയം നേടിയത്. 243 കുട്ടികളാണ് പരീക്ഷയെഴുതിയത്. അതിൽ 242 പേരും വിജയിച്ചു. 15 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്.
ശ്രീനാരായണ ഗുരുദേവന്റെ ആശ്രമമായിരുന്നു ഇവിടം. ഗുരുദേവന് തന്റെ ആശ്രമം വൈക്കം സത്യഗ്രഹത്തിന്റെ ക്യാമ്പിനായി വിട്ടുനൽകി. പിന്നീട് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ വൈക്കം സത്യാഗ്രഹത്തിന്റെ സ്മാരകമായി ഇവിടെ സ്കൂൾ സ്ഥാപിക്കുകയായിരുന്നു. ചരിത്ര പാരമ്പര്യം മുറുകെ പിടിക്കുന്ന സ്കൂൾ കഴിഞ്ഞ കുറേ കാലമായി ശ്രദ്ധേയമായ വിജയങ്ങളാണ് കാഴ്ചവയ്ക്കുന്നത്. വർഷങ്ങളായി ജില്ലയിൽ ഏറ്റവുമധികം വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കുന്ന സ്കൂളാണിത്. പാഠ്യേതര വിഷയങ്ങളിലും സ്കൂൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. വീടില്ലാത്ത കുട്ടികൾക്ക് വീട് വച്ച് നൽകുന്നതിനായി സ്കൂൾ ആവിഷ്കരിച്ച സഹപാഠിക്കൊരു സാന്ത്വനം പദ്ധതി സംസ്ഥാനത്തൊട്ടാകെ ശ്രദ്ധ നേടിയിരുന്നു.