കോട്ടയം: യു.ഡി.എഫിൽ നിന്ന് പുറത്താക്കിയതോടെ കെ.എം.മാണി വികാരം ഉയർത്തി പാർട്ടി അണികളെ പിടിച്ചു നിറുത്താനുള്ള നീക്കവുമായി ജോസ് വിഭാഗം.
ഇന്നലെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിലും തെരുവിലും അണികൾക്കിടയിൽ മാണി വികാരം ഉയർത്താനുള്ള നീക്കമാണ് നടന്നത്. ജൂലായ് പത്തുവരെ സംസ്ഥാന തലത്തിൽ പാർട്ടി പ്രവർത്തകരുടെ യോഗം വിളിച്ചു കൂട്ടി കെ.എം.മാണിയെ യു.ഡി.എഫ് അപമാനിച്ചു എന്ന വരുത്തിത്തീർക്കാനാണ് ശ്രമം.
ജോസ് കെ. മാണി സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം പുറത്തേക്ക് പോയപ്പോൾ നൂറോളം പ്രവർത്തകർ 'കെ.എം.മാണി മരിച്ചിട്ടില്ല .ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം ഉയർത്തി പാർട്ടി പതാകയുമേന്തി നഗരത്തിൽ പ്രകടനം നടത്തി. ജോസ് ഓഫീസിലെത്തിയപ്പോഴും ഇതേ മുദ്രാവാക്യമാണ് ഉയർന്നത്. അണികൾക്കിടയിൽ മാണി വികാരം കത്തിച്ചു നിറുത്താനും ഒപ്പം പി.ജെ.ജോസഫിനെ കടന്നാക്രമിക്കാനുമുള്ള ശ്രമമാണ് പാർട്ടി ലക്ഷ്യമിടുന്നത്
38 വർഷം യു.ഡി.എഫിനെ പടുത്തുയർത്താനുള്ള ‘സോഴ്‌സ് ഒഫ് പവർ’ ആയിരുന്നു മാണി.
മാണിയെ മറന്നാണ് മാണി രൂപം നൽകിയ പ്രസ്ഥാനവും യു.ഡി.എഫുമായുള്ള ഹൃദയബന്ധം മുറിച്ചു മാറ്റിയത്. കർഷക പെൻഷൻ കാരുണ്യ പദ്ധതി തുടങ്ങി യു.ഡി.എഫിന് ജനകീയ മുഖം നൽകിയത് മാണിയായിരുന്നു . ആ ഹൃദയബന്ധമാണ് ഒരു കാരണവുമില്ലാതെ മുറിച്ചു മാറ്റിയത്.
പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ജോസഫ് ശ്രമിച്ചു
രാഷ്ട്രീയ ഭിക്ഷാം ദേഹിയായി നടന്ന പി.ജെ.ജോസഫിന് അഭയം കൊടുത്ത് പാർട്ടി വർക്കിംഗ് ചെയർമാനാക്കി .എന്നാൽ മാണിയുടെ മരണ ശേഷം പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ജോസഫ് ശ്രമിച്ചു. ലോക് സഭയിലും പാലാ നിയമസഭ ഉപതിരഞ്ഞെടുപ്പിലും ജോസഫിന്റെ സ്ഥാനാർത്ഥിയെ നിറുത്തി കേരള കോൺഗ്രസ് എമ്മിനെ കേരളകോൺഗ്രസ് (ജോസഫ്) ആക്കാൻ നോക്കി. നഗരസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസും പാലായിലെ കുടുംബ വീടും മാണി സ്മാരകമാക്കുകയെന്ന വ്യാജേന പിടിച്ചെടുക്കാൻ ശ്രമിച്ചു. ഇതിനെ ചെറുത്തതാണ് എന്നെ ആഹങ്കാരിയെന്നു മുദ്ര കുത്താൻ നോക്കിയത്. നിരന്തരം വ്യക്തി ഹത്യ നടത്തി. ഇതുവരെ പറഞ്ഞ നുണ ജോസഫ് ആവർത്തിക്കുകയാണ്.
ജോസ് കെ. മാണി