കോട്ടയം: അക്ഷര നഗരിയെന്ന വിശേഷണത്തെ അന്വർത്ഥമാക്കി കോട്ടയം പത്താംക്ളാസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടി. കൊവിഡ് ഉയർത്തിയ പ്രതിസന്ധിഘട്ടത്തിലും പരീക്ഷ എഴുതിയവരിൽ 99.38 ശതമാനം പേരും വിജയിച്ചു. സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് കോട്ടയത്തിന്റെ വിജയശതമാനം. എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിവരിൽ പെൺപുലികൾ ഏറെ മുന്നിലാണ്.

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, കോട്ടയം വിദ്യാഭ്യാസ ജില്ലകളിലായി പരീക്ഷ എഴുതിയ 19,711 പേരിൽ 19,588 പേരും വിജയിച്ച് തുടർ പഠനത്തിന് യോഗ്യത നേടി. പത്തനംതിട്ട (99.71), ആലപ്പുഴ (99.57) ജില്ലകൾക്കാണ് ഒന്നും രണ്ടും സ്ഥാനങ്ങൾ. 1851 പേർ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. ഇതിൽ1358 പേർ പെൺകുട്ടികളാണ്. ആൺകുട്ടികൾ 493ഉം. ജില്ലയിലെ 190 സ്‌കൂളുകൾ നൂറു ശതമാനം വിജയം നേടി. ഇതിൽ 49 സർക്കാർ സ്‌കൂളുകളും 122 എയ്ഡഡ് സ്‌കൂളുകളും 19 അൺ എയ്ഡഡ് സ്‌കൂളുകളും ഉൾപ്പെടുന്നു. ഏറ്റവുമധികം വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് കോട്ടയം എം.ഡി. സെമിനാരി ഹൈസ്‌കൂളിലാണ് 426 പേർ. ഏറ്റവും കുറവ് വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത് വടക്കേക്കര ഗവൺമെന്റ് ഹൈസ്‌കൂളിലും: നാലു പേർ.

ഫുൾ എ പ്ളസ്

 കാഞ്ഞിരപ്പള്ളി: 412

 പാലാ: 423

 കോട്ടയം: 632

 കടുത്തുരുത്തി: 384

'' ജില്ലയുടെ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം അഭിനന്ദനം. പ്രതികൂല സാഹചര്യത്തിൽ നേടിയ വിജയം കൂടുതൽ തിളക്കമാർന്നതാണ്. മുഴുവൻ എ പ്ളസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്‌കൂളുകളെയും ജില്ലാ പഞ്ചായത്ത് ആദരിക്കും''

അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്