chira

ചിറക്കടവ്: ചിറക്കടവ് പഞ്ചായത്തിൽ വീണ്ടും ജനറൽ കമ്മിറ്റി മാറ്റിവെച്ചതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് വരാന്തയിൽ പ്രതീകാത്മക കമ്മിറ്റി നടത്തി പ്രതിപക്ഷം. യു.ഡി.എഫും ബി.ജെ.പിയും സംയുക്തമായി നടത്തിയ കമ്മിറ്റിയിൽ പ്രസിഡന്റ് ജയശ്രീധറിന്റെ രാജിയും ആവശ്യപ്പെട്ടു.

ഗൂഞ്ച് എന്ന സന്നദ്ധസംഘടന ചിറക്കടവ് പഞ്ചായത്തിന് നൽകിയ ഭക്ഷ്യധാന്യ കിറ്റുകൾ പ്രസിഡന്റ് സി.പി.എം ബ്രാഞ്ച് കമ്മിറ്റികൾ വഴി വിതരണം നടത്തിയ വോളന്റിയർമാരുടെ പേര് വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യമുന്നയിച്ചപ്പോൾ പ്രസിഡന്റ് രണ്ട് കമ്മിറ്റികളിൽ നിന്ന് ഇറങ്ങിപ്പോയിരുന്നു. അവസാനം നടന്ന കമ്മിറ്റിയിൽ വാർഷിക ധനകാര്യ പത്രിക ചർച്ചക്കായി മാറ്റിവച്ചെങ്കിലും പത്രികയും പാസാക്കിയെന്ന് പ്രസിഡന്റ് മാദ്ധ്യമങ്ങളെ അറിയിച്ചു. വിഷയത്തിൽ പ്രസിഡന്റ് രാജിവെയ്ക്കണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തുന്നതിടെയാണ് ഇന്നലെ ചേരാനിരുന്ന കമ്മിറ്റി കൊവിഡ് മൂലം കമ്മിറ്റി മാറ്റിവയ്ക്കുകയാണെന്ന് ഫോണിലൂടെ വിശദീകരണം നൽകി. എന്നാൽ ഇന്നലെ ഇതേ സമയം മുപ്പതിലെറേ ആളുകൾ പങ്കെടുക്കുന്ന യോഗം പഞ്ചായത്തിൽ നടക്കുകകൂടി ചെയ്തതോടെ പ്രതിപക്ഷം കലിപ്പിലായി.
തുടർന്ന് പ്രതിപക്ഷനേതാവ് കെ.ജി കണ്ണന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വരാന്തയിൽ പ്രതീകാത്മക കമ്മറ്റി നടത്തി. കമ്മറ്റിയിൽ പരിഗണിക്കേണ്ട വിഷയങ്ങൾ ചർച്ച ചെയ്തു. സ്റ്റിയറിംഗ് കമ്മറ്റിയെടുത്ത തീരുമാനങ്ങൾ ജനറൽ കമ്മിറ്റിയുടെ അംഗീകാരമില്ലാതെ നടപ്പാക്കരുതെന്നാവശ്യപ്പെട്ട പ്രതിപക്ഷം സെക്രട്ടറിക്ക് കത്തും നൽകി. അസത്യം പ്രചരിപ്പിക്കുന്ന പ്രസിഡന്റ് ജയ ശ്രീധർ രാജിവയ്ക്കണമെന്ന് യു.ഡി.ഫ് പാർലമെന്ററി പാർട്ടി നേതാവ് ഷാജി പാമ്പൂരിയും രാജിവെയ്ക്കുന്നത് വരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജി. ഹരിലാലും പറഞ്ഞു.