കോട്ടയം: ജില്ലയിൽ ആറു പേർക്കുകൂടി കോവിഡ് ഭേദമായതോടെ ആകെ രോഗമുക്തരുടെ എണ്ണം 110 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നു പേർ ഉൾപ്പെടെ 109 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ 219 പേർക്ക് വൈറസ് ബാധിച്ച ജില്ലയിൽ രോഗമുക്തി നിരക്ക് 50.22 ശതമാനമായി.
മുംബയിൽ നിന്നെത്തി ജൂൺ 21ന് രോഗം സ്ഥിരീകരിച്ച മുത്തോലി സ്വദേശിനി (60), ഇവരുടെ മകൻ (37), മകന്റെ ആൺകുട്ടി (ആറ്), കുവൈറ്റിൽ നിന്നെത്തി ജൂൺ ഒന്നിന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശിനി (31), കുവൈറ്റിൽ നിന്നെത്തി ജൂൺ എട്ടിന് രോഗം സ്ഥിരീകരിച്ച മുട്ടുചിറ സ്വദേശിനി (46), മുംബയിൽ നിന്നെത്തി ജൂൺ 22ന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി (38) എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് മടങ്ങിയത്.
സൗദി അറേബ്യയിൽനിന്ന് ജൂൺ 19ന് എത്തി ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി (36), ഉഴവൂർ സ്വദേശി (49), ഇതേ ദിവസം മസ്‌കറ്റിൽനിന്ന് എത്തി കോട്ടയത്ത് ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തെള്ളകം സ്വദേശി (38) എന്നിവർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
ജൂണിൽ ആകെ 176 പേരുടെ സാമ്പിൾ പരിശോധനാ ഫലമാണ് പോസിറ്റീവായത്.
രോഗബാധിതരായ കോട്ടയം ജില്ലക്കാരിൽ 44 പേർ പാലാ ജനറൽ ആശുപത്രിയിലും 32 പേർ കോട്ടയം ജനറൽ ആശുപത്രിയിലും 28 പേർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.