പൊൻകുന്നം: പശുവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു. കുന്നുംഭാഗം പന്തിരുവേലിൽ ചാക്കോച്ചന്റെ പുരയിടത്തിലെ പശുവിനെയാണ് ഇന്നലെ രാവിലെ മുറിവേറ്റ് ചത്തനിലയിൽ കണ്ടെത്തിയത്.
പശുവിന്റെ പിൻഭാഗം പൂർണമായും കടിച്ചെടുത്ത നിലയിലാണ്.
രാത്രിയിൽ പശുവിനെ ഏതോ ജീവി ആക്രമിച്ചതാകാനാണ് സാദ്ധ്യത. സ്ഥിരമായി വീടിന്റെ സമീപത്തെ പറമ്പിലാണ് കെട്ടിയിരുന്നത്. പറമ്പിന് സമീപം ആൾതാമസം കുറവാണ്.
ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ. കിഷോർ കുമാർ എത്തി പരിശോധന നടത്തി. പരിശോധനയിൽ കടുവയുടെയോ പുലിയുടെയോ സാന്നിദ്ധ്യമുണ്ടായതായി കണ്ടെത്താനായില്ലെന്ന് ഡോക്ടർ പറഞ്ഞു. ഉത്ര കൊല കേസിലെ പാമ്പിനെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറാണ് കിഷോർ. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസർ ബിജു എസ്, ബി.എഫ്.ഒ. അനുപ്രിയ, കാഞ്ഞിരപ്പള്ളി സീനിയർ വെറ്ററിനറി ഡോ. ഡെന്നീസ് എന്നിവർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. തുടർ അന്വേഷണത്തിന്റെ ഭാഗമായി വനം വകുപ്പിന്റെ നേതൃത്വത്തിൽ പറമ്പിൽ കാമറ സ്ഥാപിച്ചു.