തൊടുപുഴ: കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും അതൊന്നും വകവെക്കാതെ ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്ക് വിദൂരസ്ഥലങ്ങളിൽ നിന്നും നിരവധി പേർ എത്തുന്നു. കഴിഞ്ഞ ഞായറാഴ്ച നൂറോളം പേരാണ് ഇവിടം സന്ദർശിച്ചത്. പലരും ബൈക്കുകളിലും ചെറുവാഹനങ്ങളിലുമാണ് എത്തുന്നത്. പ്രദേശത്ത് വന്നിറങ്ങുന്നവർ സമൂഹിക അകലം പാലിക്കാതെയാണ് പെരുമാറുന്നതും. മാസ്ക്കും മറ്റ് സുരക്ഷാ സംവിധാനവും ഉപയോഗിക്കാതെയാണ് അന്യ സ്ഥലങ്ങളിൽ നിന്നെത്തുന്നവർ ഇവിടെ കറങ്ങി നടക്കുന്നത്, ഇത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഞായറാഴ്ച ഉണ്ടായിരുന്ന സമ്പൂർണ ലോക് ഡൗൺ പിൻവലിച്ചതിന്റെ ചുവട് പിടിച്ചാണ് സാമൂഹിക അകലം കാറ്റിൽപറത്തിയത്. മിക്ക ദിവസങ്ങളിലും കമിതാക്കളായ ചെറുസംഘങ്ങളും ഇവിടെ എത്തുന്നതായി പ്രദേശവാസികൾ പറഞ്ഞു.സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ പൊലീസിനും കാര്യക്ഷമമായി ഇടപെടാൻ കഴിയുന്നില്ല. ഞായർ ഉച്ചയോടെ മുഖാവരണം ധരിക്കാതെ ഇലവീഴാപൂഞ്ചിറയിൽ നിന്നും കാഞ്ഞാർ ഭാഗത്തേക്ക് വന്ന 6 യുവാക്കൾക്ക് എതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. ദിവസേന കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കാതെ എത്തുന്ന സംഘങ്ങൾ നാട്ടുകാർക്കും പൊലീസിനും വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്.