തൊടുപുഴ : വടക്കേക്കര വി.എ നിസാറിന്റെ ഒറ്റമുറി വീട്ടിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി കോൺഗ്രസ്സ് പ്രവർത്തകർ. വർഷങ്ങളായി പട്ടയംകവലയിൽ വാടകക്ക് കഴിയുകയാണ് നിസാറും ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. ഈരാറ്റുപേട്ടയിൽ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി നോക്കുന്ന നിസാറിന്റെ ചെറിയ വരുമാനം കൊണ്ട് വീട്ടുകാര്യങ്ങളും കുട്ടികളുടെ പഠനചിലവുകളുമെല്ലാം വളരെ ഞെരുക്കത്തിലാണ് കഴിഞ്ഞുപോയിരുന്നത്. കൊവിഡ് 19 നിയന്ത്രണങ്ങളുടെ ഭാഗമായി പഠനം ഓൺലൈൻ ആയി മാറിയപ്പോൾ തന്റെ മക്കൾക്ക് അതിനുള്ള സാഹചര്യമൊരുക്കാൻ വിഷമിച്ച ഈ പിതാവിന്റെ ദയനീയാവസ്ഥ കെ.എം.സി.സി ദുബായ് ജില്ലാ കമ്മിറ്റി ചെയർമാൻ സൽമാൻ മണപ്പാടനും എം.എസ്.എഫ് നേതാവ് മുഹമ്മദ് ഷെഹിൻഷായും തൊടുപുഴയിലെ കോൺഗ്രസ്സ് നേതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. ഇതേത്തുടർന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയ്.കെ.പൗലോസ് നിസാറിന്റെ വീട്ടിലെത്തി ടെലിവിഷൻ കൈമാറി. ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു , ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് , കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് , കെ.എം ഷാജഹാൻ , മുഹമ്മദ് ഷെഹിൻഷാ , സിബി ജോസഫ് , ബിലാൽ സമദ് ,സി.എസ് വിഷ്ണുദേവ് , ജെയ്‌സൺ തോമസ് , ഫസൽ അബ്ബാസ് , അൽത്താഫ് സുധീർ എന്നിവർ പങ്കെടുത്തു.