ഈയടുത്ത് ഒരു ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്തപ്പോൾ ഒരു കാര്യം ഇടപെട്ട് തിരുത്തേണ്ടി വന്നു. കൊവിഡ് തന്നെയായിരുന്നു വിഷയം. "വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം" എന്നായിരുന്നു അവതാരകൻ പറഞ്ഞത്. ഒരർത്ഥത്തിൽ അത് ശരിയായി തോന്നാം. പക്ഷേ അത് ചില തെറ്റിദ്ധാരണകളും ഉണ്ടാക്കും. അതുകൊണ്ടാണ് തിരുത്തേണ്ടി വന്നത്. വൈറസിനൊപ്പമല്ല നമ്മൾ ജീവിക്കേണ്ടത്, വൈറസിൽ നിന്ന് ഒഴിഞ്ഞാണ് ജീവിക്കേണ്ടത്. ഒപ്പം ജീവിക്കുന്നതും ഒഴിഞ്ഞു ജീവിക്കുന്നതും രണ്ടാണ്. അത് പറയാതെ തന്നെ അറിയാമല്ലോ? എന്നാലും കൂടുതൽ വ്യക്തമാക്കാം. വൈറസിന് മനുഷ്യന്റെ ശരീരത്തിന് പുറത്ത് അധിക സമയം ജീവിക്കാൻ കഴിയില്ല. ശരീരത്തിന് പുറത്തു വന്നാൽ തുടർന്ന് ജീവിക്കണമെങ്കിൽ, വിഭജിച്ചു പെരുകണമെങ്കിൽ, വൈറസിന് എത്രയും പെട്ടെന്ന് അടുത്ത മനുഷ്യശരീരത്തിൽ പ്രവേശിക്കണം. അതിന് സഹായകമാകുന്നത് നമ്മുടെ ഇടപെടലുകളാണ്. നമ്മുടെ ശീലങ്ങളാണ്.
ഈ വൈറസിനെതിരെ വിശ്വാസയോഗ്യമായി ഉപയോഗിക്കാവുന്ന വാക്‌സിനോ മരുന്നോ ലഭ്യമാകാൻ ഇനിയും ഒരു വർഷമെങ്കിലും കഴിയാനാണ് സാധ്യത. അതിനാൽ ഈ വൈറസും കൂടി തങ്ങുന്ന ഒരു ലോകത്ത് കുറേക്കാലം നമുക്ക് ജീവിക്കേണ്ടി വരും. പക്ഷേ വൈറസിനൊപ്പമല്ല ജീവിക്കേണ്ടത്. വൈറസിൽ നിന്നും അകന്ന്. എങ്ങനെയെന്നോ? നാട്ടിൽ വിഷപ്പാമ്പുകൾ ഉണ്ട്. അവയിൽ നിന്നും കടി വാങ്ങാതിരിക്കാൻ നമ്മൾ തന്നെയാണ് ശ്രദ്ധിക്കുന്നത്. അവർ ഇല്ലാത്ത വഴികളിൽ നടക്കും. നമ്മെ ആക്രമിക്കാൻ സാധ്യതയുള്ള വന്യമൃഗങ്ങൾ ഉള്ള പ്രദേശങ്ങൾ ഉണ്ട്. അവയുടെ മുന്നിൽ ചെന്നുപെടാതെ നോക്കുന്നത് നമ്മൾ തന്നെയാണ്. നമ്മുടെ റോഡുകളിലെല്ലാം അപകടങ്ങളും മരണങ്ങളും നടക്കുന്നുണ്ട്. അതിൽ പെടാതിരിക്കാൻ നമ്മൾ പല റോഡ് സുരക്ഷാ മാർഗങ്ങളും സ്വീകരിക്കുന്നു. പലയിടത്തും കുടിവെള്ളം മലിനമാണ്. തിളപ്പിച്ച വെള്ളം കുടിച്ച് രോഗം വരാതെ നോക്കുന്നു. ഇതൊക്കെ ചെയ്താലും നമ്മൾ ചിലപ്പോൾ രോഗിയാകും. അപ്പോൾ നമ്മൾ ചികിത്സ തേടും. ഈ പറഞ്ഞ രോഗങ്ങളെ നേരിടുന്ന ചില തത്വങ്ങൾ നമുക്ക് ഉപയോഗിക്കാം. അതാണ് ശാരീരിക അകലം, കൈ കഴുകൽ, വ്യക്തി ശുചിത്വം, മാസ്ക് ധരിക്കൽ തുടങ്ങിയ മാർഗങ്ങൾ.സൂക്ഷിക്കാതിരുന്നാൽ ദുഖിക്കേണ്ടിവരും.. ഏത് രോഗത്തിൻറെ കാര്യത്തിലും എന്നപോലെ . ദരിദ്രരും ജീവിതസൗകര്യങ്ങൾ കുറഞ്ഞവരും കൂടുതലായി രോഗത്തിന് അടിമപ്പെടാൻ സാദ്ധ്യതയുണ്ട്. നമ്മുടെ നിലനില്പിനാവശ്യമായ ഉത്പാദനവും ക്രയവിക്രയങ്ങളും ഉപഭോഗവും ഒക്കെ നാട്ടിൽ നടന്നേ പറ്റൂ. അതിനായി പലർക്കും വീടിനു പുറത്തേയ്ക്ക് ഇറങ്ങേണ്ടി വരും, പൊതു സ്ഥലങ്ങളിൽ പോകേണ്ടി വരും,പക്ഷേ, ആ ഇറങ്ങലുകളും പോക്കുകളും കണ്ടുമുട്ടലുകളും ഇനി പുതിയ രീതികളിൽ ആയിരിക്കും. രോഗം കൊടുക്കാത്ത, കിട്ടാത്ത രീതികളിൽ. ചുമയും തുമ്മലുമൊക്കെ ഉള്ളപ്പോൾ നമ്മൾ അശ്രദ്ധമായി പെരുമാറുന്നതുകൊണ്ട് സമൂഹത്തിൽ ഒരുപാട് രോഗങ്ങളുടെ വ്യാപനം ഉണ്ടാകുന്നു.. തുമ്മുകയും ചുമയ്ക്കുകയും ഒക്കെ ചെയ്യുമ്പോൾ തൂവാല ഉപയോഗിച്ച് മുഖം മറയ്ക്കുന്ന ശീലം നമുക്കെല്ലാം വേണ്ടതാണ്. നമുക്ക് രോഗം കിട്ടുന്നത് തടയുന്നതിനേക്കാളും നമ്മൾ മറ്റൊരാൾക്ക് രോഗം കൊടുക്കുന്നത് തടയാൻ മാസ്കിനു കഴിയും. എന്നാൽ മാസ്ക് കൃത്യമായി ഉപയോഗിക്കാതിരുന്നാൽ കാര്യമില്ല. വെറുതെ കഴുത്തിൽ അണിഞ്ഞിട്ട് ഫലമില്ല. നാട്ടിൽ പ്രമുഖരായ പലരും പ്രസംഗിക്കുമ്പോഴും ടെലിവിഷൻകാരോട് സംസാരിക്കുമ്പോഴും മാസ്ക് താഴ്ത്തിവയ്ക്കുന്നത് തെറ്റാണ്. ആ സമയങ്ങളിലാണ് കൃത്യമായും മാസ്ക് ധരിക്കേണ്ടത്. ഇനി കുറേ നാളത്തേയ്ക്ക് നമുക്ക് ജീവിത രീതികൾ വ്യത്യസ്തമായി തുടരേണ്ടി വരും. ഒരുപാട് പുതിയ ശീലങ്ങൾ ആർജിക്കേണ്ടിവരും. ആരാധനാലയങ്ങൾ മുതൽ അവശ്യ സാധനങ്ങൾ വാങ്ങുന്ന സ്ഥലങ്ങളിൽ വരെ നമ്മൾ തിക്കിത്തിരക്കിയും പരസ്പരം മുട്ടിയുരുമ്മിയും നിന്നാണ് ശീലിച്ചിട്ടുള്ളത്. ഈ ശീലങ്ങളൊക്കെ മാറ്റേണ്ടി വരും. ജീവിച്ചിരിക്കണമെങ്കിൽ പുതിയ ശീലങ്ങൾ നമുക്ക് അനിവാര്യമായിരിക്കുന്നു. പുതിയ ശീലങ്ങൾ പഠിക്കാത്തവരെ നിയമത്തിലൂടെ സർക്കാരിന് അനുസരിപ്പിക്കേണ്ടി വരും. പൊതു നന്മയ്ക്കാണത്. അതിനാൽ പരിഭവിച്ചിട്ട് കാര്യമില്ല. അതിനാൽ നമുക്ക് നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കാം. വൈറസിൽ നിന്ന് അകന്ന് ജീവിക്കാൻ പഠിക്കാം.