നീണ്ടപതിനഞ്ചു വർഷം വീട്ടുതടങ്കലിലായിരുന്നു രാമയ്യൻ. സ്വന്തം വീട്ടിൽ. സന്ദർശകർ പെട്ടെന്ന് ശ്രദ്ധിക്കാത്ത പടിഞ്ഞാറേമുറിയിൽ. ഒരു കുറ്റവും ചെയ്തില്ലെങ്കിലും ജീവിതത്തിൽ ജയിൽ ശിക്ഷവേണ്ടിവന്നു. അതും സർവീസിലിരിക്കെ വായ്പയെടുത്ത് ഇഷ്ടപ്രകാരം വച്ച വീട്ടിൽ. വില്ലനും നായകനുമൊക്കെ രോഗത്തിന്റെ രൂപത്തിലാണ് ജീവിത നാടകവേദിയിലേക്ക് കടന്നുവന്നതെന്ന് ഇടയ്ക്കിടെ അദ്ദേഹം കുടുംബാംഗങ്ങളോട് പറയുമായിരുന്നു. അപ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങും, കണ്ണുകൾ നിറയും.
ഓഫീസിൽ കൃത്യനിഷ്ഠയുടെ പര്യായമായിരുന്നു രാമയ്യൻ. നല്ല ടിപ്ടോപ്പായേ വരൂ. അക്കാര്യത്തിൽ നിർബന്ധം. ഓർക്കാപ്പുറത്ത് അസുഖം വരുന്നതുവരെ മാതൃകാജീവനക്കാരൻ. അഞ്ചുപൈസ കൈക്കൂലി വാങ്ങില്ല. മാന്യമായ ഏതുജോലിയും ദൈവംതന്നെയാണ്. അതിനാൽ അതിൽ ഉഴപ്പി ദൈവനിന്ദകാട്ടരുതെന്ന് സഹപ്രവർത്തകരോട് ഇടയ്ക്കിടെ പറയുമായിരുന്നു. ഒരുദിവസം രാത്രി കട്ടിലിൽ നിന്ന് ഒന്നുവീണു. നടക്കാൻ പ്രയാസം. നട്ടെല്ലിന് ഒരു ചെറുവേദന. ചികിത്സയും മരുന്നും ആശുപത്രിയുമായി ഒന്നുരണ്ടുമാസം. അപ്പോഴും തികഞ്ഞ ശുഭാപ്തി വിശ്വാസം. പക്ഷേ ആ വിശ്വാസം മങ്ങിക്കൊണ്ടേയിരുന്നു. ശബ്ദം ഇടറി. കാഴ്ച കുറഞ്ഞു. ഓഫീസിൽ കൊണ്ടുപോയിരുന്ന ബാഗ് അടുത്തുവേണം. പേനയെടുത്ത് പറയാനുള്ളത് പലതും എഴുതിവയ്ക്കും.
കിടന്നകിടപ്പ് പത്തുവർഷം കഴിഞ്ഞപ്പോൾ മൂത്തമകനോട് ചോദിക്കും. എന്റെ വിലാസവും ജോലിയും മിക്കവരും മറന്നിരിക്കുമല്ലേ. കണ്ടാൽ പഴയ ആളുകൾ പോലും തിരിച്ചറിയില്ല. അപൂർണമായി ചിരിച്ചുകൊണ്ട് ഒന്നു രണ്ട് ആഗ്രഹങ്ങളും പറഞ്ഞു. മരിക്കുമ്പോൾ ചെറുപ്പകാലത്തെ പടം വേണം പത്രങ്ങളിൽ കൊടുക്കാൻ. എങ്കിലല്ലേ ആളുകൾ തിരിച്ചറിയൂ. സഞ്ചയനത്തിനു കൊടുക്കേണ്ട പരസ്യത്തിലെ വാചകങ്ങളും മകനോട് പറഞ്ഞുകൊടുത്തു. അതിൽ വയസും മരിക്കുന്നദിവസവും മാത്രം മാറ്റിയാൽ മതിയല്ലോ എന്ന് ഒരുകാലത്ത് സുന്ദരമായ മുഖത്ത് സുന്ദരമായിരുന്ന ചിരി ഒരുവിധം പൂർത്തിയാക്കിക്കൊണ്ട് പറഞ്ഞൊപ്പിച്ചു.
രോഗശയ്യയിലായി വർഷങ്ങൾ കഴിഞ്ഞാൽ ജീവിതത്തിൽ നിന്നുള്ള വനവാസമോ അജ്ഞാതവാസമോ അല്ലയോ. പുതിയ കലണ്ടറുകളെ കണ്ണീരൊഴുക്കികൊണ്ട് രാമയ്യൻ പ്രതീക്ഷയോടെ ചുംബിക്കുമായിരുന്നു. പുതിയ കലണ്ടറുകളും ചരമശയ്യയിലേക്ക് പോകുന്നതുനോക്കി നിസംഗതയോടെ കിടക്കും. പത്രം ആദ്യാവസാനം ഭാര്യ വായിച്ചുകൊടുക്കണം. പഴയസിനിമാഗാനങ്ങളും നാടകഗാനങ്ങളും എപ്പോഴും കേൾക്കണം. അത് നിർബന്ധം.എന്റെ വിലാസം ഞാൻ ജീവിച്ചിരിക്കെ തന്നെ മരിച്ചുവെന്ന് രാമയ്യൻ ഗദ്ഗദത്തോടെ പറഞ്ഞതിന്റെ പിറ്റേദിവസം ഗേറ്റിന്റെ മതിലിൽ മകൻ അച്ഛന്റെ പേരും തസ്തികയും എഴുതി നെയിംബോർഡ് വച്ചു. അതുകാണാൻ മകന്റെ കൈപിടിച്ച് പുറത്തേക്കിറങ്ങി. പണ്ട് താൻ നട്ട പേരയും പവിഴമല്ലിയും കൊതിയോടെ നോക്കി. പവിഴമല്ലിയുടെ കുറേ പൂക്കൾ മകനെക്കൊണ്ട് പൊതിഞ്ഞെടുപ്പിച്ചു. അന്നു രാത്രി ആ പൂക്കൾ സ്വന്തം രോഗശയ്യയിൽ വിതറിയാണ് ഉറങ്ങിയത്. ഞരക്കവും മൂളലുംകൊണ്ട് ഉറക്കത്തെ ശകാരിക്കുകയും ശപിക്കുകയും ചെയ്യുമായിരുന്ന രാമയ്യൻ അന്ന് സുഖമായുറങ്ങി. പുലർച്ചെ മകനോട് രാത്രികണ്ട ഒരു സ്വപ്നവും പങ്കുവച്ചു. അടുത്തജന്മത്തിലെ ഒരു സ്വപ്നം. ഓട്ടക്കാരനായി ഒളിമ്പിക്സിൽ പങ്കെടുത്ത് സ്വർണം നേടുന്ന സ്വപ്നം.
ആറുമാസം മുമ്പായിരുന്നു രാമയ്യന്റെ പേരക്കുട്ടിയുടെ കല്യാണം. രാമയ്യനില്ലാതെ ആ മുറിയിൽ നിന്നുരണ്ടുവർഷത്തെ കലണ്ടറും രണ്ടുവർഷത്തെ വെയിലും നിഴലും മറഞ്ഞുപോയി. അച്ഛന്റെ പഴയറേഡിയോയിൽ നിന്ന് പഴയസിനിമാഗാനങ്ങളും നാടകഗാനങ്ങളും ഒഴുകിവരുമ്പോൾ മകൻ പറയും അച്ഛനുണ്ടിവിടെ, ഒരിടത്തും പോകാതെ. കല്യാണത്തിന് വീട് പെയിന്റടിക്കാൻ നേരം മതിലിലെ നെയിംബോർഡ് ഇളക്കിമാറ്റണ്ടേ എന്ന് ജോലിക്കാർ ചോദിച്ചു. മകൻ പറഞ്ഞു. വേണ്ട. അച്ഛന്റെ ഹൃദയം നോവും. എന്റെ ഹൃദയവും. അപ്പോൾ പവിഴമല്ലിയിൽ നിറയെ പൂക്കളുണ്ടായിരുന്നു.
(ഫോൺ: 9946108220)