uthjra-

സുകുമാരക്കുറുപ്പും സൂരജും തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ?

വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന സൂരജ് എന്ന കുറ്റവാളി മലയാളിയുടെ മനസാക്ഷിയെ നടുക്കിക്കളഞ്ഞു.ഭാര്യയുടെ സ്വത്ത് കൈക്കലാക്കാൻ വേണ്ടി നടത്തിയ ഈ കൊലപാതകത്തിനു പിന്നിൽ അവരുടെ പേരിലുള്ള ഇൻഷ്വറൻസ് തുക തട്ടിയെടുക്കുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.കാലത്തിലൂടെ പിന്നോട്ട് സഞ്ചരിച്ചാൽ ഇൻഷ്വറൻസ് തട്ടിപ്പിനായി കേരളത്തിൽ നടത്തിയ ഒരു അരുംകൊലയിലേക്ക് എത്തിച്ചേരും.ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ നിരപരാധിയെ കൊലപ്പെടുത്തിയ ആ കുറ്റകൃത്യം കേരളം ഇന്നും മറന്നിട്ടില്ല.ഇൻഷ്വറൻസ് തട്ടിപ്പ് വെറുമൊരു സാമ്യം മാത്രമാണെങ്കിലും കൊല നടത്താൻ കുറുപ്പും സൂരജും അവലംബിച്ച രീതി മുമ്പ് പറഞ്ഞുകേട്ടിട്ടുള്ളതായിരുന്നില്ല.

മാവേലിക്കര പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ - 22 / 84 ( എൽ.പി 16 / 89 ) ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ പുത്തൻവീട്ടിൽ ശിവരാമക്കുറുപ്പ് മകൻ സുകു,സുകുമാരക്കുറുപ്പ് എന്ന് വിളിക്കുന്ന സുകുമാരൻ.കേരള പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ കുറ്റവാളി.കുബുദ്ധികളായ പല കുറ്റവാളികളെയും സമർത്ഥമായി അഴികൾക്കുള്ളിലാക്കിയ കേരള പൊലീസിനെ സംബന്ധിച്ചിടത്തോളം ഇന്നും നാണക്കേടാണ് സുകുമാരക്കുറുപ്പ് എപ്പിസോ‌‌ഡ്.

1984 ജനുവരി 24 നായിരുന്നു നാടിനെ ഞെട്ടിച്ച ആ സംഭവം നടന്നത്.മാവേലിക്കരയ്ക്കടുത്ത് പുന്നമൂട് -കൊല്ലകടവ് റോഡിൽ കലുങ്കിനു താഴെ വയലിൽ കാർ കത്തി ഒരാൾ വെന്ത് മരിച്ചു. കെ.എൽ.ക്യു 7831 നമ്പറിലുള്ള അംബാസഡർ കാറാണ് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നയാളിനൊപ്പം കത്തിയമർന്നത്.മരിച്ചത് സുകുമാരക്കുറുപ്പ് ആണെന്നായിരുന്നു ആദ്യ വാർത്തകൾ.എന്നാൽ കൊല്ലപ്പെട്ടത് ആലപ്പുഴ തത്തംപള്ളി സ്വദേശിയായ ഫിലിം റപ്രസെന്റേറ്റീവ് ചാക്കോയായിരുന്നുവെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.ഫോറൻസിക് വിദഗ്ധനായ ഉമാദത്തന്റെ നിർണായകമായ ചില കണ്ടെത്തലുകളാണ് മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് പെട്ടെന്ന് തന്നെ തിരിച്ചറിയാനിടയാക്കിയത്.

ജീവിച്ചിരുപ്പുണ്ടെങ്കിൽ സുകുമാരക്കുറുപ്പിന് ഇപ്പോൾ 74 വയസാകുമായിരുന്നു.എന്നാൽ കുറുപ്പ് ജീവിച്ചിരുപ്പുണ്ടോ...? കുറുപ്പ് ജീവനോടെയുണ്ടെന്നോ,മരിച്ചെന്നോ കൃത്യമായ തെളിവില്ലെന്നാണ് കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ചെങ്ങന്നൂർ ഡി.വൈ.എസ്.പിയായിരുന്ന റിട്ട.എസ്.പി

പി.എം ഹരിദാസിന്റെ അഭിപ്രായം.എസ്.ഐ.ടിയിലും അംഗമായിരുന്ന ഹരിദാസ് കുറുപ്പിനെ തിരഞ്ഞ് ഉത്തരേന്ത്യയിലും മറ്റും അന്വേഷണം നടത്തിയിരുന്നു.കുറുപ്പിന്റെ നാട്ടുകാരിയായ ഒരു നഴ്സ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. നഴ്സടക്കം പലരെയും ചോദ്യം ചെയ്തെങ്കിലും അത് തെറ്റായ വിവരമായിരുന്നു.

കൊല നടന്നതിന്റെ തുടർദിവസങ്ങളിൽ കുറുപ്പിനെത്തേടി ആലുവയിലെ ഒരു ലോഡ്ജിൽ പൊലീസ് എത്തിയിരുന്നു.അപ്പോഴേക്കും കുറുപ്പ് അവിടെ നിന്ന് കടന്നിരുന്നു.അതാണ് ജസ്റ്റ് മിസ്സ് എന്നൊരു സംഭവമെന്നും പിന്നീടൊരിക്കലും കുറുപ്പിന് അടുത്തെത്താൻ കഴിഞ്ഞിരുന്നില്ലെന്നും ഹരിദാസ് വ്യക്തമാക്കുന്നു.കൊലയ്ക്കുശേഷം ആലുവയിലും പിന്നീട് വീണ്ടും ചെങ്ങന്നൂരിലുമെത്തിയ കുറുപ്പ് പിടിയിലാകുമെന്നതിനാൽ ചെന്നൈയിലേക്കും തുടർന്ന് നേപ്പാളിലേക്കും കടന്നു.നേപ്പാളിൽനിന്ന് മുങ്ങിയ കുറുപ്പിനെ കണ്ടെത്താൻ നടത്തിയ അന്വേഷണങ്ങളൊക്കെ വൃഥാവിലായെന്നാണ് ഹരിദാസിന്റെ അഭിപ്രായം. ചെറിയനാട്ടെ വീട്ടിൽ കുറുപ്പ് എത്തുമോയെന്ന് നിരീക്ഷിക്കാൻ സമീപത്തുള്ള വീട് വാടകയ്ക്കെടുത്ത് നാലുവർഷത്തോളം പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു.

എന്നാൽ കുറുപ്പ് ഹൃദ്രോഗത്താൽ മരിച്ചിട്ടുണ്ടാകുമെന്നാണ് അന്ന് എസ്.ഐ.ടിയിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടറായിരുന്ന റിട്ട.എസ്.പി ജോർജ് ജോസഫ് മണ്ണുശേരി പറയുന്നത്.കടുത്ത ഹൃദ്രോഗിയായിരുന്ന കുറുപ്പ് , " ജോഷി സൺ ഓഫ് ഡോ.സരളജോഷി " എന്ന വ്യാജ മേൽവിലാസത്തിൽ ബീഹാർ,ബംഗാൾ തുടങ്ങിയയിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗത്തിന് ചികിത്സ തേടിയിരുന്നു.ഏറ്റവുമൊടുവിൽ 1990 ജനുവരി 14 ന് ബംഗാളിന്റെയും ബീഹാറിന്റെയും അതിർത്തിയിലുള്ള റൂക്ക് നാരായൺപൂർ പബ്ളിക്ക് ഹെൽത്ത് സെന്ററിലെ ഒ.പിയിൽ പി.ജെ.ജോഷി എന്നപേരിൽ കുറുപ്പ് പ്രത്യക്ഷപ്പെട്ടിരുന്നുവെന്നും ജോർജ് ജോസഫ് ചൂണ്ടിക്കാട്ടുന്നു.ഡോക്ടർ അടിയന്തര ശസ്ത്രക്രിയയും മൂന്നുമാസത്തെ വിശ്രമവും നിർദ്ദേശിച്ചെങ്കിലും പിടിക്കപ്പെടുമെന്ന ഭയംമൂലം സ്ഥലംവീടുകയായിരുന്നു.പിന്നീട് ഒരു ആശുപത്രിയിലും കുറുപ്പെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടില്ല.സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ കുറുപ്പ് മരിച്ചിട്ടുണ്ടാവുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ജോർജ് ജോസഫിന്റെ വാദം.അനാഥശവമായി കുറുപ്പിനെ മറവ് ചെയ്തിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു.എന്നാൽ മരിച്ചയാളുടെ മൃതദേഹം,പ്രായം,വിലാസം ,ഫോട്ടോ ഒന്നും ലഭിച്ചിട്ടില്ലാത്തതിനാൽ കേരള പൊലീസിന്റെ ഒൗദ്യോഗിക രേഖകളിൽ സുകുമാരക്കുറുപ്പ് മരിച്ചതായി എഴുതിച്ചേർത്തിട്ടില്ല.ആ കേസ് ഫയൽ ലോംഗ് പെൻഡിംഗായി (എൽ.പി) തുടരുകയാണ്. തെളിവുകൾ ലഭിച്ചാൽ എപ്പോൾ വേണമെങ്കിലും ഫയൽ ഓപ്പൺ ചെയ്യാനാവുമെന്ന് സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവി ടോമിൻ.ജെ.തച്ചങ്കരി പറഞ്ഞു.

ഗൾഫിൽ ജോലി ചെയ്യുമ്പോഴാണ് ഇൻഷ്വറൻസ് തട്ടിപ്പെന്ന ആശയം കുറുപ്പിന്റെ മനസിൽ ഉദിച്ചത്.എട്ടു ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം.അന്നത് വലിയൊരു തുകയാണ്.പഴുതുകളടച്ച് തട്ടിപ്പ് നടത്താൻ കുറുപ്പ് സുഹൃത്ത് ഷാഹു,ഭാര്യാ സഹോദരിയുടെ ഭർത്താവ് ഭാസ്ക്കരപിള്ള,ഡ്രൈവർ പൊന്നപ്പൻ എന്നിവരെ ചട്ടം കെട്ടി.മെഡിക്കൽ കോളേജ് മോർച്ചറിയിൽ നി

ന്ന് ശവമെടുത്ത് കത്തിച്ചിട്ട് മരിച്ചത് താനായിരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ആദ്യ പ്ളാൻ.അത് വിജയിച്ചില്ല.ഒടുവിലാണ് തന്റെ ഒത്ത പൊക്കവും തടിയും രൂപ സാദൃശ്യവുമുള്ള ആളെത്തേടി കുറുപ്പും സുഹൃത്തുക്കളും ഇറങ്ങിത്തിരിച്ചത്.ആ വലയിലാണ് സെക്കൻഡ് ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ വണ്ടി കാത്തു നിന്ന നിരപരാധിയായ ചാക്കോ പെട്ടത്.അന്ന് ചാക്കോയുടെ ഭാര്യ ശാന്തമ്മ പൂർണ്ണ ഗർഭിണിയായിരുന്നു. ചാക്കോയുടെ കൊലപാതകത്തെത്തുടർന്ന് സർക്കാർ ശാന്തമ്മയ്ക്ക് ജോലി നൽകിയിരുന്നു. അടുത്തിടെ അവർ സർവ്വീസിൽ നിന്ന് വിരമിച്ചു.അച്ഛനെ കാണാൻ ഭാഗ്യം ലഭിക്കാതെ പോയ ചാക്കോയുടെ മകൻ ജിബിൻ ഇപ്പോൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ ഒഴിവാക്കി നടന്ന വിചാരണയിൽ ഭാസ്ക്കരപിള്ളയടക്കമുള്ള മറ്റു പ്രതികളെ കോടതി ശിക്ഷിച്ചു.അവരിൽ ഭൂരിഭാഗം പേരും കാലയവനികയ്ക്കു പിന്നിലേക്ക് മറഞ്ഞു.

ചാക്കോ വധക്കേസിനെ ആസ്പദമാക്കി എൻ.എച്ച് 47 എന്ന പേരിൽ സംവിധായകൻ ബേബി അതേവർഷം തന്നെ സിനിമ ചെയ്തു.ചാക്കോയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമായി സുകുമാരനും സുകുമാരക്കുറുപ്പായി ടി.ജി.രവിയുമായിരുന്നു അഭിനയിച്ചത്.2016 ൽ അടൂർഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിന്റെ പ്രേരണ ഈ സംഭവമായിരുന്നെങ്കിലും കഥ സുകുമാരക്കുറുപ്പിന്റേതായിരുന്നില്ലെന്ന് അടൂ‌ർ പറയുന്നു.ഇപ്പോൾ കുറുപ്പ് എന്ന പേരിൽത്തന്നെ ഒരുചിത്രം ഒരുങ്ങുകയാണ്.ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർസൽമാനാണ് മുഖ്യവേഷം..ഇനിയിപ്പോൾ സൂരജ് നടത്തിയ കൊലപാതകം മറ്റൊരു സിനിമയ്ക്ക് പ്രമേയമായേക്കും.

കുറുപ്പിനെ തേടി പോയി കബളിപ്പിക്കപ്പെട്ട രസകരമായ അനുഭവങ്ങളും കേരള പൊലീസിനുണ്ട്. ആസാമിൽ കുറുപ്പിന്റെ സാമ്യമുള്ള ഒരു ഡോക്ടർ ഉണ്ടെന്നറിഞ്ഞ് അവിടെയെത്തിയ പൊലീസുകാർ അത് കുറുപ്പ് ആണെന്ന് 'ഉറപ്പിച്ചു '.ചികിത്സിക്കാനെന്ന വ്യാജേന ചെന്ന അവർ എവിടെ നിന്നാണ് എം.ബി.ബി.എസ് നേടിയതെന്ന് ഡോക്ടറോട് ചോദിച്ചു. പൊലീസിന്റെ ചോദ്യം കേട്ട് വിഷണ്ണനായ ഡോക്ടർ മരുന്നെടുത്തുകൊണ്ട് വരാമെന്നു പറഞ്ഞ് അകത്തേക്കുപോകുകയും മതിൽചാടി രക്ഷപ്പെടുകയും ചെയ്തു.ആകെ വലഞ്ഞ പൊലീസ് അദ്ദേഹം നൽകിയ നാട്ടിലെ മേൽവിലാസത്തിൽ അന്വേഷണം നടത്തി.ആസാമിൽ നിന്ന് മുങ്ങിയ ഡോക്ടർ നാട്ടിൽ പൊങ്ങിയപ്പോൾ പിടികൂടി. ഓടിക്കളഞ്ഞതെന്തിനാണെന്ന ചോദ്യത്തിനുള്ള മറുപടി കേട്ട് പൊലീസുകാർ ചിരിച്ചുപോയി.മറുപടി ഇങ്ങനെ."ഞാനൊരു വ്യാജ ഡോക്ടറായിരുന്നു.എന്നെ പിടിക്കാൻ വന്നതാകുമെന്ന് കരുതി."

കുറുപ്പിനെക്കുറിച്ചുള്ള കഥകൾ അവസാനിക്കുന്നില്ല.