മുംബയ്: ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാൻ അന്തരിച്ചു (42). വൃക്ക മാറ്റിവെച്ച ശേഷം അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വാജിദിന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇന്ന് പുലർച്ചയോടെയായിരുന്നു അന്ത്യം.
സൂപ്പർഹിറ്റുകളായ വാണ്ടഡ്, എക്താ ടൈഗർ, ദബാംഗ് തുടങ്ങിയ ചിത്രങ്ങളുടെയെല്ലാം സംഗീതം നിർവഹിച്ചത് വാജിദ് ആയിരുന്നു. സഹോദരൻ സാജിദുമായി ചേർന്ന് നിരവധി സിനിമകൾക്ക് അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ സൽമാൻ ഖാൻ ചിത്രമായ പ്യാർ കിയാ തോ ഡർണാ ക്യാ എന്ന ചിത്രത്തിലൂടെയാണ് വാജിദ് സിനിമാസംഗീത ലോകത്തേക്ക് കടക്കുന്നത്.
പ്രിയങ്ക ചോപ്ര, ശങ്കർ മഹാദേവൻ, വരുൺ ധവാൻ, തുടങ്ങി നിരവധി താരങ്ങൾ വാജിദിന്റെ വിയോഗത്തിൽ അനുശോചിച്ചു.