gujarat

ഗുജറാത്ത്: കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ. 71കാരനെ കൊവിഡ് സംശയിച്ചാണ് ഗുജറാത്തിലെ കാൻസർ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ജി.സി.ആർ.ഐ)​ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗി മരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നു. ശേഷം ആ ദിവസം തന്നെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അടക്കം ചെയ്തിരുന്നു. എന്നാൽ,​ ആശുപത്രി അധികൃതർ തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വിളിച്ചു പറയുകയായിരുന്നു. ഈ സംഭവം രോഗിയുടെ ബന്ധുക്കൾക്കിടയിൽ ആശയക്കുഴപ്പവും ഉത്കണ്ഠയ്ക്കും ഇടയാക്കി.

വിരാട് നഗർ നിവാസിയായ ദേവ്‌രാംഭായ് മഹംഗുറാവു ഭിസിക്കർ മേയ് 29ന് മരിച്ചതായാണ് ആശുപത്രി അധികൃതർ ആദ്യം അറിയിച്ചത്. ശവസംസ്കാരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നും പറഞ്ഞ് രോഗിയുടെ കുടുംബത്തിന് ആശുപത്രിയിൽ നിന്നും ഫോൺകോൾ വന്നു.

"മേയ് 29ന് ഉച്ചയ്ക്ക് ശേഷം ജിസിആർഐ ആശുപത്രിയിൽ നിന്ന് ഒരു കോൾ വന്നു. അദ്ദേഹം മരിച്ചുവെന്നായിരുന്നു സന്ദേശം. ഞങ്ങൾ ഉടനെത്തന്നെ ആശുപത്രിയിലെത്തി. മൂത്ത സഹോദരിയുമായി അവിടെ എത്തിയപ്പോൾ കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് പാക്ക് ചെയ്ത മൃതദേഹം കാണിച്ചു. സംശയാസ്പദമായ കേസ് ആണെന്ന് പറ‌ഞ്ഞു. റിപ്പോർട്ട് മുഴുവനും പുറത്തുവന്നിരുന്നില്ല. ഞങ്ങൾ അവരുടെ മുഖം കണ്ടില്ല. പ്രവേശന സമയത്ത് കെെമാറിയ ബാഗും അവിടെ ഉണ്ടായിരുന്നു അങ്ങനെയാണ് അവർ ഞങ്ങളുടെ അമ്മായി അച്ഛനാണെന്ന് തിരിച്ചറിഞ്ഞത്"-നിലേഷ് നിക്തെ പറഞ്ഞു.

മേയ് 28നാണ് ദേവ്‌രംഭായിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിന് എക്സറെ എടുത്ത ശേഷം അദ്ദേഹത്തെ കൊവിഡ് വാർഡിലേക്ക് പ്രവേശിപ്പിച്ചു. വെെകുന്നേരത്തോടെ ജിസിആർഐയിലേക്ക് മാറ്റി. മേയ് 29ന് രാത്രിയാണ് വാട്ജെ ശ്മശാനത്തിൽ സംസ്കരിച്ചത്.

എന്നാല്‍, യഥാര്‍ത്ഥത്തില്‍ ദേവ്‌രംഭായ് മരിച്ചുവെന്നും രണ്ടാമത് വിളിച്ചയാള്‍ക്ക് തെറ്റ് പറ്റിയതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പക്ഷേ, മരിച്ച രോഗിയുടെ സാമ്പിള്‍ നെഗറ്റീവ് ആയിരുന്നുവെന്നും മരണസമയത്ത് പരിശോധനാഫലം ലഭിക്കാത്തത് കൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കാരം നിര്‍ദേശിച്ചതെന്നും ആശുപത്രി അധികൃതര്‍ ഇപ്പോള്‍ വിശദീകരിക്കുന്നു.