sandra

ആലപ്പുഴ: ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ ക്യു ശിരടാക്കി റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടിയുടെ പഠന കാലത്ത് സർവ്വീസ് നടത്തിയ ട്രെയിനിന്റെ കഥ നമ്മൾ സമൂഹമാദ്ധ്യമങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും കണ്ടിട്ടുണ്ട്. ഇതാ ആലപ്പുഴയിലുമുണ്ട് ഇത്തരമൊന്ന്. ഇവിടെ വാഹനം ബോട്ടാണ് എന്ന മാറ്റം മാത്രം. നാലുപാടും വെള്ളത്താൽ ചുറ്റപ്പെട്ട ആലപ്പുഴ എംഎൻ ബ്ളോക്കിലെ സാന്ദ്രാബാബുവിനെ പ്ളസ് വൺ പരീക്ഷക്ക് കോട്ടയം ജില്ലയിലെ കാ‌ഞ്ഞിരത്തുള്ള സ്കൂളിൽ എത്താൻ സഹായിച്ചത് സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടാണ്. എഴുപത് സീറ്റുള്ള ഈ വാഹനത്തിൽ പരീക്ഷ നടന്ന കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിലെ ഏക യാത്രക്കാരി സാന്ദ്രയായിരുന്നു.

ലോക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം ബോട്ടുകൾ നിർത്തലാക്കിയിരിക്കുകയായിരുന്നു ഇവിടെ. ഹയർ സെക്കന്ററി പരീക്ഷയുടെ പുതുക്കിയ തീയതി അറിയിച്ചപ്പോൾ അതുകൊണ്ട് തന്നെ സാന്ദ്രയുടെ അച്ഛനും അമ്മക്കും മകൾക്ക് പരീക്ഷ എഴുതാൻ കഴിയുന്നതെങ്ങനെ എന്ന് ആശങ്കയുമുണ്ടായിരുന്നു. വിവരം സാന്ദ്ര ജലഗതാഗത വകുപ്പിനെ അറിയിച്ചു. കാര്യം മനസ്സിലാക്കിയ ജലഗതാഗത വകുപ്പ് അങ്ങനെ സാന്ദ്രക്ക് മാത്രമായി സർവ്വീസും നടത്തി.

പരീക്ഷാ ദിവസങ്ങളിൽ സാന്ദ്രയുമായി ബോട്ട് രാവിലെ 11.30ന് പുറപ്പെട്ടു. കുട്ടി പഠിക്കുന്ന കാഞ്ഞിരം എസ്എൻഡിപി ഹയർസെക്കന്ററി സ്കൂളിൽ 12 മണിയോടെ എത്തിച്ചു. യാത്രക്കാരിയായി സാന്ദ്ര മാത്രമേ ഉള്ളെങ്കിലും ബോട്ടിൽ ഡ്രൈവർ, സ്രാങ്ക്, ബോട്ട്മാസ്റ്റർ, മറ്റ് രണ്ട് ജോലിക്കാരും കൃത്യമായി ഉണ്ടായിരുന്നു ജോലിക്ക്.

ദിവസവും ബോട്ട് വാടകയ്ക്ക് എടുത്താൽ 4000 രൂപയോളം ചാർജ്ജ് ആകും എന്നാൽ സാന്ദ്രക്ക് സ്കൂളിലേക്കും തിരികെയും മൊത്തം 18 രൂപ ടിക്കറ്റ് നിരക്ക് മാത്രമേ നൽകേണ്ടി വന്നുള്ളൂ എന്ന് ജലഗതാഗത വകുപ്പ് ആലപ്പുഴ യൂണിറ്റ് ഓഫീസർ കെ.എ. സന്തോഷ് കുമാർ പറഞ്ഞു. പ്ളസ് വൺ വിദ്യാർത്ഥിനിയുടെ പിതാവായ തനിക്കും അധികൃതർക്കും മറ്രൊന്നും ആലോചിക്കേണ്ടി വന്നില്ലെന്നും ജലഗതാഗത വകുപ്പ് മന്ത്രിയും സർക്കാരും ഈ നല്ല കാര്യത്തിന് പൂ‌‌ർണ്ണ പിന്തുണ നൽകിയെന്നും ഡയറക്ടർ ഷാജി വി നായർ പറഞ്ഞു.