മറ്റൊരു ജൂൺ 5, ലോക പരിസ്ഥിതി ദിനം, വീണ്ടുമെത്തി. രണ്ടാഴ്ച കൂടുമ്പോൾ
ഓരോ ദിനം ആചരിക്കുന്നുണ്ട് . അമ്മയെയും അച്ഛനെയുമൊക്കെ മറന്നുപോകുന്ന
നവനാഗരികതയ്ക്ക് മദേഴ്‌സ് ഡേയും ഫാദേഴ്‌സ് ഡേയും ആവശ്യം. അന്നെങ്കിലും
അവരെ ഓർക്കുമല്ലോ. ഒരു ഫോൺ സന്ദേശവും അയക്കുമല്ലോ!
ആചരിക്കപ്പെടേണ്ട ദിനങ്ങളുടെ എണ്ണം വല്ലാതെ വർധിക്കുമ്പോൾ അവ
അക്ഷരാർത്ഥത്തിൽ 'ആചരണങ്ങൾ' തന്നെയായി മാറുന്നു. . ഔദ്യോഗിക
തലത്തിൽ സംഘടിപ്പിക്കപ്പെടുന്ന ദിനാചരണ സമ്മേളനങ്ങൾക്ക് സദസ്സുണ്ടാക്കലാണ്
വലിയ വെല്ലുവിളി. എല്ലാ കളക്ടർമാർക്കും ഒരു റിസർവ് സദസ്സുണ്ടാകും.
അറ്റകൈയ്ക്ക് ഒരമ്പതുപേരുടെ സദസ്സുണ്ടാക്കാം.
പരിസ്ഥിതിദിനം നമ്മുടെ സമൂഹത്തിൽ പ്രായേണ ഗൗരവമായി ആചരിക്കപ്പെടുന്ന
ഒന്നാണ്. വിദ്യാർത്ഥികളിലും യുവാക്കളിലും പരിസ്ഥിതി ദിനത്തിന്റെ
സന്ദേശത്തിന് വേരോട്ടമുണ്ട്. ഒരു പക്ഷെ ഏറ്റവുമധികം
ഫലസിദ്ധിയുണ്ടായിട്ടുള്ളതും പരിസ്ഥിതിദിനാചരണത്തിനാണ്. ഇന്ന് മാനവരാശി
നേരിടുന്ന കൊറോണ മഹാമാരിയെ നമ്മൾ തീർച്ചയായും അതിജീവിക്കും.
കൊറോണ താൽക്കാലിക പ്രതിഭാസം. യാഥാർത്ഥത്തിൽ മനുഷ്യൻ നേരിടുന്ന
അത്യാപത്ത് പരിസ്ഥിതി വിനാശം തന്നെയാണ്. ഈ ഭൂമുഖത്തു മനുഷ്യവാസം
അസാധ്യമാക്കിയേക്കാവുന്ന രൂക്ഷമായ പാരിസ്ഥിതിക ഭീഷണികൾ
വാസ്തവമാണല്ലോ. ഇത് അംഗീകരിക്കാൻ മടിക്കുന്ന നേതാക്കളാണ് ഇന്ന്
ലോകത്തിന്റെ ഭാഗധേയം നിർണയിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം വെറുതെ
പറഞ്ഞുണ്ടാക്കുന്നതാണെന്നു സ്ഥാപിക്കാൻ ഗവേഷണം നടത്തുന്ന
ശാസ്ത്രജ്ഞന്മാരുമുണ്ട്! അന്തരീക്ഷത്തിലേക്കുള്ള കാർബൺ ഡയോക്സൈഡിന്റെ
നിർഗമനം കുറയ്ക്കണമെന്ന് നിഷ്കർഷിക്കുന്ന പാരീസ് ഉടമ്പടിയിൽ നിന്ന്
അമേരിക്ക പിൻമാറിയതിന്റെ മനഃശാസ്ത്രം ഒട്ടകപ്പക്ഷിയുടെയും,
സാമ്പത്തികശാസ്ത്രം ആഗോള മുതലാളിത്തത്തിന്റേതുമാണ്
അന്തരീക്ഷവും ജലരാശിയും മണ്ണും എല്ലാം വിഷമയമാക്കിക്കൊണ്ടുള്ള അന്ധമായ
വികസന-ഉപഭോഗ പ്രയാണമാണ് ഇന്നത്തെ ലോകത്തിന്റെ അംഗീകൃത
പ്രത്യയശാസ്ത്രം. പ്രബലരാണ് ഇതിന്റെ പ്രയോക്താക്കൾ. ഇവർക്കാണ്
സ്വാധീനം. ഇവർക്കാണ് പ്രാധാന്യവും അംഗീകാരവും. ഈ വിഭാഗത്തിന്റെ
ശബ്ദമാണ് എവിടെയും ഉച്ചത്തിൽ കേൾക്കുക. ഇവർക്കു പക്ഷെ ലാഭത്തിന്റെ
കണക്കു മാത്രമേ മനസ്സിലാകൂ. നമുക്കിടയിലുമുണ്ട് ഈ വിശ്വാസികൾ.
നവലിബറൽ സാമ്പത്തിക വ്യവസ്ഥയുടെ ആഗോള ശക്തികൾക്കെതിരെ
നിസ്സാരമനുഷ്യർക്കു എന്ത് ചെയ്യാൻ കഴിയും? പരിസ്ഥിതിയ്ക്കു ഏൽക്കുന്ന
ആഘാതത്തെക്കുറിച്ചു പറയുന്നവരുടെ ശബ്ദം മരുഭൂമിയിലെ പ്രവാചകശബ്ദമായി
നിഷ്ഫലമാകാമോ? ട്രംപിനെപ്പോലുള്ള നേതാക്കൾക്കു പാരിസ്ഥിതിക വിവേകം
ഉദിച്ചിട്ട് നമുക്ക് തുടങ്ങാം എന്നാണ് വിചാരിക്കുന്നതെങ്കിൽ അശരീരിയുടെ
പരിഹാസച്ചിരി ഉയരുകതന്നെ ചെയ്യും.
പരിസ്ഥിതിക്കു വേണ്ടിയുള്ള യുദ്ധം ആർക്കെതിരെയാണ്? പരിസ്ഥിതിദിനത്തിൽ
നമ്മൾ സ്വയം ചോദിക്കേണ്ട പ്രസക്ത ചോദ്യം ഇതാണ്. ലോകനേതാക്കളും ഭീമൻ
ബഹുരാഷ്ട്ര കോർപറേഷനുകളും ദേശീയ-അന്തർദ്ദേശീയ നയങ്ങളുമെല്ലാം പരിസ്ഥിതി
സൗഹൃദമാകാൻ വേണ്ടിയാണോ നാം ഓരോരുത്തരും കാത്തിരിക്കുന്നത്?
പരിസ്ഥിതി ദിനാചരണം അയൽപക്കത്തെ ആഘോഷമല്ല. മാറ്റങ്ങൾ ആരംഭിക്കേണ്ടത്
നമ്മളിൽ നിന്ന് തന്നെയല്ലേ? നമ്മുടെ ചിന്തകളെയല്ലാതെ മറ്റാരുടെ വിചാരങ്ങളെ
നമുക്ക് സ്വാധീനിക്കാൻ കഴിയും?. ഇത് സ്വയം നടത്തേണ്ട യുദ്ധം. അമിത
ഉപഭോഗത്തിന്റെ പാരിസ്ഥിതിക വിനാശം അനിവാര്യമാക്കുന്ന
വികസനത്തിന്റെയുംപ്രലോഭനങ്ങളിൽ നിന്ന് സ്വയം രക്ഷ നേടാനുള്ള പോരാട്ടം.
നമ്മൾ തന്നെ സ്വരൂപിച്ച കുറെ വിശ്വസങ്ങളുണ്ട്. നമ്മളെ തളച്ചിട്ടിരിക്കുന്ന, ആരോ
ഏൽപ്പിച്ചു തന്ന വിശ്വാസങ്ങൾ. പാരിസ്ഥിതികമായ ഓഡിറ്റിന് സ്വയം
വിധേയമാക്കി അവയുടെ കെട്ടുപാടിൽ നിന്ന് സ്വാതന്ത്ര്യം നേടാം. പിന്നെ ലോക
പരിസ്ഥിതി ദിനം മുതൽ ഈ പഞ്ചശീലങ്ങൾ തുടങ്ങാം. (ഇതിനു ആരുടെയും
അനുമതി ആവശ്യമില്ലല്ലോ.)
1. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ വാങ്ങാതിരിക്കുക
2. പാരിസ്ഥിതികനഷ്ടം വരുത്തിവയ്ക്കുന്ന ഒരു പ്രവർത്തനത്തിലും
പങ്കാളിയാവാതിരിക്കുക
3. ഉപഭോഗ ശീലത്തിലും മറ്റു പ്രവർത്തനങ്ങളിലും പരിസ്ഥിതി സൗഹൃദ
ബദലുകൾ അന്വേഷിക്കുക
4. പ്രകൃതിയുടെ അനുഗ്രഹവും ഔദാര്യവുമില്ലെങ്കിൽ നിലനിൽപ്പില്ലെന്നു
എപ്പോഴും ഓർക്കുക
5. പരിസ്ഥിതിക്ക് ഉന്മേഷം നൽകുന്ന എന്തെങ്കിലും പ്രവൃത്തി എന്നും ചെയ്യുക.
ലോക്ക്ഡൗണിന്റെ ചുരുങ്ങിയ കാലയളവിൽ പ്രകൃതി നമ്മളോട് വ്യക്തമായി
പറഞ്ഞില്ലേ; എന്നിലേയ്ക്ക് നീ ഒരു ചുവടു വയ്ക്കൂ, നിന്നിലേക്ക് ഞാൻ നൂറു
ചുവടു വയ്ക്കാമെന്ന്.