covid-in-brazil
COVID IN BRAZIL

ബ്രസീലിയ: അമേരിക്കയ്ക്ക് ശേഷം കൊവിഡ് രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടക്കുന്ന ആദ്യ രാജ്യമായി ബ്രസീൽ. ഇന്നലെ മാത്രം 480 പേർ മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,409 പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മരണനിരക്കും രോഗവ്യാപനവും ഇന്നലെ കുറവാണ് അനുഭവപ്പെട്ടത്.ആകെ മരണം 29,341. ആരംഭം മുതൽ കൊവിഡിനെ നിസാരവത്കരിക്കുന്ന നിലപാടാണ് പ്രസിഡന്റ് ജെയർ ബൊൾസൊനാരോ സ്വീകരിക്കുന്നത്. ഇത് മൂലം രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമാണ്. രോഗത്തെ വെല്ലുവിളിച്ച് പുറത്തിറങ്ങുകയും ആളുകളുമായി ഒരു നിയന്ത്രണവുമില്ലാതെ ഇടപെടലുകൾ നടത്തുകയുമാണ് അദ്ദേഹം. പൊലീസിന്റെ പ്രവർത്തനത്തിൽ ബൊൾസൊനാരോ നടത്തുന്ന ഇടപെടലുകളും സാമൂഹികമാദ്ധ്യമങ്ങളിലെ അപകീർത്തികരമായ പോസ്റ്റുകളും സംബന്ധിച്ചുള്ള അന്വേഷണത്തിന് ബ്രസീൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബ്രസീലിലെ ജനാധിപത്യം ഹിറ്റ്ലറിന്റെ ഭരണകാലയളവിലുള്ള ജർമ്മനിയുടെ അവസ്ഥയിലാണെന്നാണ് സുപ്രീംകോടതി നിരീക്ഷിച്ചത്. സുപ്രീം കോടതിയുടെ ഉത്തരവ് തള്ളിക്കളഞ്ഞ ബൊൾസൊനാരോ, രാജ്യത്തെ പ്രതിസന്ധിയിലാക്കാനാണ് കോടതിയുടെ ശ്രമമെന്നും ആരോപിച്ചു. സുപ്രീം കോടതിക്കെതിരെ ഞായറാഴ്ച അദ്ദേഹം പ്രതിഷേധ റാലിയും നടത്തി. കുതിര സവാരി നടത്തുകയും ആളുകളുമായി അടുത്തിടപഴകുകയും ചെയ്‍തു.

 ലോകത്താകെ മരണം - 3.74 ലക്ഷം.

 രോഗികൾ - 62 ലക്ഷം

 ഭേദമായവർ - 28 ലക്ഷം.

 റഷ്യയിൽ ഇന്നലെയും 9000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന മരണം ഇപ്പോഴും 200ൽ താഴെ. ആകെ മരണം 4,855. രോഗികൾ നാല് ലക്ഷം. രാജ്യത്ത് രോഗവ്യാപനം ശക്തമായി വർദ്ധിക്കുമ്പോഴും ലോക്ക് ഡൗൺ ഇളവുകൾ നിലവിൽ വന്നു. ബ്രിട്ടനിലും ഇളവുകളുടെ ഭാഗമായി സ്കൂളുകളും മാർക്കറ്റുകളും തുറന്നു. അമേരിക്കയിൽ രോഗികൾ 18 ലക്ഷം കടന്നു. മരണം1.6 ലക്ഷം.

 തുർക്കിയിൽ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചു.

 ഗ്രീസിൽ ഹോട്ടലുകൾക്കും, പ്രൈമറി സ്കൂളുകൾക്കുമുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു.

 ദക്ഷിണാഫ്രിക്കയിൽ ഭാഗികമായി ലോക്ക്ഡൗൺ പിൻവലിച്ചു.

 ചൈനയിൽ 16 കേസുകൾ.

 ആസ്ട്രേലിയയിൽ മൃഗശാലകൾ, മ്യൂസിയങ്ങൾ എന്നിവ തുറന്നു.