കൂറ്റനാട്: കഴിഞ്ഞ ദിവസമാണ് പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞ് ശുചിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചത്.ചാലിശേരി മുക്കില പീടിക റോയൽ ഡെന്റൽ കോളേജിന് സമീപം മണ്ണാര പറമ്പിൽ മങ്ങാട്ടുവീട്ടിൽ മുഹമ്മദ് സാദിഖ്- ലിയാന ദമ്പതികളുടെ പതിനൊന്ന് മാസം പ്രായമുള്ള മകൻ ആണ് മരിച്ചത്. കുട്ടി ബക്കറ്റിലെ വെള്ളത്തിൽ തല കീഴായി കിടക്കുന്നത് കണ്ട ക്വാറന്റൈനിലുള്ള മാതാപിതാക്കൾ അലമുറയിട്ട് കരഞ്ഞിട്ടും കൊവിഡിനെ പേടിച്ച് ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപം.
സാദിഖിനൊപ്പം ഇൻഡോറിൽ നിന്നുവന്ന ഇളയച്ഛന് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് കുടുംബാംഗങ്ങൾ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഇതിനാലാണ് വീട്ടുകാർ സഹായത്തിനായി വിളിച്ചിട്ടും ആളുകൾ തിരിഞ്ഞുനോക്കാതിരുന്നത്. ഒടുവിൽ തൊട്ടടുത്ത റോയൽ ഡെന്റൽ കോളേജിൽ ക്വാറന്റീനിൽ കഴിയുന്ന കുട്ടിയുടെ ഉപ്പൂപ്പയെത്തി, ആംബുലൻസ് വിളിക്കുകയായിരുന്നു. അംബുലൻസിൽ ആശുപത്രിയിലെത്തിക്കുമ്പോഴേക്ക് കുഞ്ഞ് മരിച്ചിരുന്നു.
ക്വാറന്റൈനിലുള്ളവർ ആശുപത്രിയിൽ എത്തിയതിനാൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചിരുന്നു മുറികൾ അടച്ചു. കൂടാതെ ഡോക്ടറും മൂന്ന് നഴ്സുമാരും നിരീക്ഷണത്തിലാണ്. കുട്ടിയുടെ കൊവിഡ് പരിശോധന ഫലം വന്ന ശേഷമേ പോസ്റ്റുമോർട്ടം നടത്തൂ. ചാലിശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാത്രി പത്തോടെയാണ് കുട്ടി വെള്ളത്തിൽ വീണത്. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് രക്ഷിതാക്കൾ നടത്തിയ തിരച്ചിലിനൊടുവിൽ വീടിനുള്ളിലെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടെത്തുകയായിരുന്നു.