വാഷിംഗ്ടൺ: പൊലീസ് ഉദ്യോഗസ്ഥന്റെ കൊടും ക്രൂരതയിൽ ജീവൻ നഷ്ടമായ കറുത്തവർഗക്കാരനായ ജോർജ് ഫ്ലോയിഡിന് നീതി ആവശ്യപ്പെട്ട് അമേരിക്കൻ ജനത തുടരുന്ന സമരം ആറാം ദിനവും ശക്തം.
പ്രതിഷേധാഗ്നിയിൽ നിരവധി കെട്ടിടങ്ങളും പൊലീസ് സ്റ്റേഷനുകളും കത്തിനശിച്ചു. 20 സംസ്ഥാനങ്ങളിലെ 40 ഓളം നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചുകൊണ്ട് ജനക്കൂട്ടം പ്രതിഷേധിക്കുകയാണ്. സർക്കാർ നാഷണൽ ഗാർഡിനെയും മിലിട്ടറി പൊലീസിനെയും രംഗത്തിറക്കിയാണ് പ്രതിഷേധക്കാരെ നേരിടുന്നത്. വ്യാപക അറസ്റ്റാണ് രാജ്യത്ത് നടക്കുന്നത്. ന്യൂയോർക്കിൽ പ്രക്ഷോഭകരെ ലാത്തി ഉപയോഗിച്ച് നേരിടുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.കുറ്റാരോപിതരായ മുഴുവൻ പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ഫ്ലോയിഡിന്റെ കുടുംബം ആവശ്യപ്പെട്ടു.
അതേസമയം, മിനിയപൊളീസിലെ 35ഡബ്ല്യു നോർത്ത്ബൗണ്ട് ഹൈവേയിൽസമരംനടത്തുന്ന ആയിരങ്ങൾക്കിടയിലേക്ക് ടാങ്കർ ലോറി പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തി. ലോറി ഡ്രൈവറെ ജനങ്ങൾ പൊലീസിന് കൈമാറി. ആർക്കും പരിക്കില്ലെന്നാണ് വിവരം. എന്നാൽ സമരക്കാർക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനു പിന്നിലെ ഉദ്ദേശ്യംവ്യക്തമല്ല.
മിനിയപൊളിസ് പൊലീസിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. ഹാക്കർമാരുടെ ഗ്രൂപ്പായ അനോണിമസാണ് പിന്നിലെന്നാണ് വിവരം.
ബങ്കറിലൊളിച്ച് ട്രംപ്
ജോർജിന് നീതി നൽകണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ വാഷിംഗ്ടണിലെ വൈറ്റ്ഹൗസിന് മുന്നിൽ തടിച്ചുകൂടി. സമീപത്തെ കെട്ടിടങ്ങൾക്ക് തീയിട്ടു. ദേശീയ പതാകയ്ക്ക് തീ വച്ചു. പ്രതിഷേധം ശക്തമായതോടെ വൈറ്റ് ഹൗസ് താത്കാലികമായി അടച്ചിട്ടു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചിട്ടും സമരക്കാർ പിന്തിരിഞ്ഞില്ല. ഇതോടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഭൂഗർഭ ബങ്കറിലേക്ക് മാറ്റിയിരുന്നതായി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. സാധാരണ ഭീകരാക്രമണം ഉണ്ടാകുമ്പോഴാണ് ഇങ്ങനെ ചെയ്യാറുള്ളത്. ഒരു മണിക്കൂർ മാത്രമേ വൈറ്റ്ഹൗസിലെ ബങ്കറിൽ ട്രംപ് ചിലവഴിച്ചുള്ളൂ. വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പൊലീസും തടഞ്ഞു. വൈറ്റ്ഹൗസിൽ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയയേയും മകൻ ബാരനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതിൽ വ്യക്തതയില്ല.പ്രതിഷേധക്കാർവൈറ്റ് ഹൗസിന്റെ മതിൽ കടന്ന് വന്നിരുന്നെങ്കിൽ നായ്കളെക്കൊണ്ടും അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചും നേരിട്ടേനെ എന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
പങ്കുചേർന്ന് മറ്റ് രാജ്യങ്ങളും
ഞായറാഴ്‍ച ബ്രിട്ടീഷ് തലസ്ഥാനമായ ലണ്ടനിൽ വർണവെറിയ്ക്കെതിരെ നീതിയില്ലെങ്കിൽ സമാധാനമില്ല എന്ന മുദ്രാവാക്യം മുഴക്കി ആയിരങ്ങൾ പ്രതിഷേധ റാലി നടത്തി. കൊവിഡിനെ തുടർന്ന് സർക്കാർ ആളുകൾ ഒത്തുകൂടുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും അതെല്ലാം ലംഘിച്ചാണ് ജനക്കൂട്ടം പ്രതിഷേധിച്ചത്. പിന്നീട് യു.എസ് എംബസിയിലേക്കും പ്രതിഷേധക്കാർ മാർച്ച് നടത്തി.
കറുത്തവരെ കൊല്ലുന്നത് നിറുത്തുക എന്നെഴുതിയ പ്ലക്കാർഡുകളുമായി ഡെന്മാർക്കിലും യു.എസ് എംബസിയിലേക്ക് പ്രതിഷേധ മാർച്ച് നടന്നു. ജർമ്മനിയിലെ ബെർലിനിലും ചൈന, ഇറാൻ, റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും പ്രതിഷേധം അലയടിച്ചു.
♦ പിന്തുണയുമായി ഹോളിവുഡും
ജോർജ് ഫ്ലോയ്ഡിന് നീതി വേണമെന്നാവശ്യപ്പെട്ട് ഹോളിവുഡ് താരങ്ങൾ രംഗത്ത്. താരങ്ങളായ ബിയോൺസ്, റിഹാന, ലേഡി ഗഗ, ഡ്വയൻ ജോൺസൺ, സലീന ഗോമസ്, കിം കർദാഷിയാൻ ഉൾപ്പെടെയുള്ളവരാണ് സമൂഹ മാദ്ധ്യമങ്ങളിൽ ഇക്കാര്യമുന്നയിച്ചത്.