കാലിഫോർണിയ: ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്റെ മരണത്തോടെ യു.എസിൽ ശക്തിയാർജിച്ച പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി ഗൂഗിളും ട്വിറ്ററും നെറ്റ്ഫ്ലിക്സും. യു.എസിലെ ഗൂഗിൾ, യൂട്യൂബ് ഹോംപേജുകളിൽ വംശീയ സമത്വത്തിനായുള്ള ഞങ്ങളുടെ പിന്തുണ പങ്കുവയ്ക്കുന്നുവെന്ന് ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈ അറിയിച്ചു.
'കറുത്ത വർഗക്കാർക്കും ജോർജ് ഫ്ലോയിഡ്, ബ്രിയോണ ടെയ്‌ലർ, അഹ്മദ് അർബെറി എന്നിവരുടെ ഓർമ്മകൾക്ക് മുന്നിലും ശബ്ദമില്ലാത്തവർക്കും ഞങ്ങളുടെ ഐക്യദാർഢ്യം. ദുഃഖവും കോപവും ഭയവും അനുഭവിക്കുന്നവർക്ക്, നിങ്ങൾ ഒറ്റയ്ക്കല്ല.' -പിച്ചൈ ട്വീറ്റ് ചെയ്തു.
‘നിശ്ശബ്ദത കുറ്റമാണ്. ബ്ലാക്ക് ലൈവ്സ് മാറ്റർ’ എന്ന് പ്രമുഖ വീഡിയോ സ്ട്രീമിംഗ് കമ്പനിയായ നെറ്റ്ഫ്ലിക്സ് ട്വീറ്റ് ചെയ്തു. ഞങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം ഉണ്ട്. കറുത്ത വർഗക്കാരായ ജീവനക്കാരോട് ഞങ്ങൾക്ക് കടമയുണ്ട് -നെറ്റ്ഫ്ലിക്സ് പറഞ്ഞു.
പ്രൊഫൈൽ കറുപ്പ് നിറമാക്കിയാണ് ട്വിറ്റർ തങ്ങളുടെ നയം വ്യക്തമാക്കിയത്. 'BlackLivesMatter" എന്ന ഹാഷ്‌ടാഗും അവർ പങ്കുവെച്ചു.