ജനുവരി-മാർച്ച്, ഏപ്രിൽ-ജൂൺ, ജൂൺ-ഓഗസ്റ്റ്, സെപ്റ്റംബർ-ഡിസംബർ എന്നിങ്ങനെ എല്ലാ കാലങ്ങളിലും നമുക്ക് കൃഷി ചെയ്യാൻ സാധിക്കുന്ന ഒന്നാണ് വെള്ളരി. വേനൽക്കാലത്ത് തടങ്ങളെടുത്ത് വേണം വെള്ളരി കൃഷി ചെയ്യേണ്ടത്. എന്നാൽ, മഴക്കാലത്ത് കൃഷി ചെയ്യുന്നവർ കൂനകളെടുത്ത് അതിൽ വിത്ത് നടണം. രണ്ട് മീറ്റർ അകലത്തിലുള്ള വരികളിൽ ഒന്നരമീറ്റർ ഇടവിട്ട് തടങ്ങളിലാണ് വിത്ത് നടേണ്ടത്. ഓരോ കുഴിയിലും ഉണങ്ങിയ ചാണകപ്പൊടിയോ മണ്ണിര കമ്പോസ്റ്റോ മേൽ മണ്ണുമായി ചേർത്ത് നല്ലപോലെ യോജിപ്പിച്ചതിന് ശേഷം വേണം വിത്ത് നടേണ്ടത്. ഒരു കുഴിയിൽ നാലോ അഞ്ചോ വിത്തുകൾ നട്ടാൽ മതി.
ഇത് മുളച്ച് മൂന്നോ നാലോ ഇലകൾ വന്നതിന് ശേഷം കരുത്തുള്ള മൂന്ന് തൈകൾ നിർത്തിയിട്ട് ബാക്കിയുള്ളവ പറിച്ച് നീക്കണം. നല്ല വിളവ് ലഭിക്കണമെങ്കിൽ ജൈവവളവും രാസവളവും ഒരുപോലെ വിളകൾക്ക് നൽകണം. ജൈവവളത്തിൽ ഉൽപാദിപ്പിച്ചെടുക്കുന്ന കായ്കൾ വളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാൻ കഴിയും.
ചെടികൾ പടരാൻ തുടങ്ങുമ്പോൾ മരച്ചില്ലകളോ കരിയിലകളോ കവുങ്ങിൻ പട്ടയോ നിലത്ത് വിരിച്ചുകൊടുക്കാവുന്താണ്. വേനൽക്കാലത്ത് തടത്തിൽ പുതയിടണം. ആഴ്ചയിൽ രണ്ട് തവണയെങ്കിലും നനച്ച് കൊടുക്കണം.
കായീച്ച, ഇലത്തുള്ളൻ, വെള്ളീച്ച തുടങ്ങിയവയാണ് ഇതിനെ പ്രധാനമായും ആക്രമിക്കുന്ന കീടങ്ങൾ. മൊസേക്ക്, ഇലപ്പുള്ളി, മൃദുചീയൽ തുടങ്ങിയവയാണ് പ്രധാന രോഗങ്ങൾ. കെണിയൊരുക്കി കായീച്ചയെ നിയന്ത്രിക്കാൻ സാധിക്കും. വാഴപ്പഴവും ശർക്കരയും ഒരു നുള്ള് ഫ്യൂറഡാനും ചേർത്ത് കുഴച്ച് കുഴമ്പ് പരിവത്തിൽചിരട്ടകളിലാക്കി കൃഷിയിടത്തിന്റെ പല സ്ഥലങ്ങളിലായി സ്ഥാപിച്ചാണ് കെണിയൊരുക്കേണ്ടത്.
ഇലകളിൽ കുരുടിപ്പ് ഉണ്ടാകുന്നത് വെള്ളീച്ചയുടെ ആക്രമണം കൊണ്ടാണ്. ഇതിന് വെളുത്തുള്ളി നീര് നേർപ്പിച്ച് തളിച്ചാൽ മതി. ചാണകക്കുഴമ്പും ഗോമൂത്രവും നേർപ്പിച്ച് തളിക്കുന്നതിലൂടെ വളർച്ചയും കരുത്തും കൂടുന്നു. അത്യുൽപാദന ശേഷിയുള്ള വിത്തുകൾ ഉപയോഗിച്ച് കൃഷി ചെയ്താൽ ഒരു സെന്റിൽ നിന്ന് 80 കിലോ വെള്ളരി ലഭിക്കും.