ജറുസലേം: ഓട്ടിസം ബാധിച്ച നിരായുധനായ പാലസ്തീൻ യുവാവിനെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തിൽ ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്‌സ് മാപ്പുപറഞ്ഞു. ജറുസലേമിലെ ഓൾഡ് സിറ്റിയിൽ വച്ചാണ് ഇയാദ് ഹാലക്ക് എന്ന 32 കാരനെ ഇസ്രായേൽ സുരക്ഷാ സേന വെടിവച്ചു കൊന്നത്. യാതൊരു പ്രകോപനവുമില്ലാതെ നടന്ന ഈ നരനായാട്ടിനെതിരെ വിവിധ കോണുകളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയരുകയാണ്.
അധികാര കൈമാറ്റ കരാർ പ്രകാരം ഇസ്രായേലിന്റെ അടുത്ത പ്രധാനമന്ത്രി കൂടിയായ ബെന്നി ഗാന്റ്‌സ് ഇസ്രായേൽ മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് ക്ഷമാപണം നടത്തിയത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഒപ്പമുണ്ടായിരുന്നു. അതേസമയം, നെതന്യാഹു നടത്തിയ പ്രാരംഭ പ്രഭാഷണത്തിൽ സംഭവത്തെക്കുറിച്ച് ഒന്നും പരാമർശിച്ചിരുന്നില്ല. 'ഇയാദ് ഹലക്കിനെ വെടിവച്ച് കൊന്ന സംഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു' എന്നാണ് ഗാന്റ്‌സ് പറഞ്ഞത്. സംഭവത്തെ കുറിച്ച് എത്രയും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓൾഡ് സിറ്റിയിലെ ഭിന്ന ശേഷിക്കാർക്കുള്ള പ്രത്യേക സ്‌കൂളിലേക്ക് പോകുംവഴിയാണ് ഹാലക്കിനെ വെടിവെച്ചു കൊന്നത്. നിൽക്കാൻ പറഞ്ഞതു കേൾക്കാതെ മുന്നോട്ടുപോയ ഹാലക്കിനെ പൊലീസ് വെടിവച്ച് വീഴ്ത്തുകയായിരുന്നു.