കാബൂൾ: ഭീകരസംഘടനയായ താലിബാന്റെ താത്കാലിക കമാൻഡറായി താലിബാൻ സ്ഥാപക നേതാവായ മുല്ല ഒമറിന്റെ മകനായ മുല്ല യാക്കൂബിനെ നിയമിച്ചു. നിരവധി മുതിർന്ന നേതാക്കൾക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് യാക്കൂബ് നേതൃത്വം ഏറ്റെടുത്തത്. മുതിർന്ന നേതാക്കൾക്ക് കൊവിഡ് ബാധിച്ചതോടെ പുതിയ നേതാവിനെ കണ്ടെത്തുന്ന കാര്യത്തിൽ തർക്കം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഒമറിനെ നേതാവാക്കാൻ തീരുമാനിച്ചതെന്ന് താലിബാനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.
താലിബാൻ നേതൃത്വത്തിൽ കടുത്ത വിയോജിപ്പുകളും തർക്കങ്ങളും നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. ദോഹയിലെ താലിബാൻ പൊളിറ്റിക്കൽ ഓഫിസിൽ നിന്ന് നിരവധിപേരെ ഒഴിവാക്കിയതായും ചിലരെ പാകിസ്ഥാനിലേക്ക് മടക്കി അയച്ചതായും അഫ്‍ഗാനിസ്ഥാൻ നാഷണൽ ഡയറക്ടറേറ്റ് ഒഫ് സെക്യൂരിറ്റി മുൻ ഡയറക്ടർ റഹ്‍മത്തുള്ള നബിൽ പറഞ്ഞു.
ഫെബ്രുവരിയിൽ താലിബാനുമായുണ്ടാക്കിയ അഫ്ഗാൻ സമാധാന കരാറിന്റെ അടിസ്ഥാനത്തിൽ യു.എസ് അഫ്‍ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തുടങ്ങിയിട്ടുണ്ട്. ഒപ്പം, തടവുകാരെ കൈമാറുന്നത് സംബന്ധിച്ച് അഫ്‍ഗാൻ സർക്കാർ താലിബാനുമായി ചർച്ചകൾ നടത്തുന്നുണ്ട്.