ബംഗളൂരു: കർണാടകയിൽ ഒരിടവേളയ്ക്കുശേഷം വിമത നീക്കങ്ങൾ സജീവമാക്കി നേതാക്കൾ. മന്ത്രിസ്ഥാനം ലഭിക്കാത്ത ഉമേഷ് കട്ടി ഉൾപ്പെടെയുള്ളവർ ബി.ജെ.പിയിൽ വിമത നീക്കം ശക്തമാക്കുന്നതിനിടെ കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലെത്തുമെന്ന സൂചനയുമായി ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി രംഗത്തെത്തി. 20ഓളം കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേന്ദ്രമായിരിക്കും തീരുമാനമെടുക്കുകയെന്നും ലക്ഷ്മൺ സവാദി പറഞ്ഞു. ബി.ജെ.പിയുടെ ഒരു എം.എൽ.എയും വിൽപനക്കില്ലെന്നും വിമത നീക്കമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.