photo
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പഞ്ചായത്തംഗം സജീവ് റാവുത്തർ

കൊല്ലം: പത്തനാപുരത്ത് സ്കൂട്ടറിലെത്തിയവരെ കാട്ടാന ആക്രമിച്ചു, പഞ്ചായത്തുമെമ്പർക്കും സുഹൃത്തിനും പരിക്ക്. പത്തനാപുരം പാടം പൂമരുതിക്കുഴ അരുണോദയത്തിൽ രാജേന്ദ്രൻ(50), കലഞ്ഞൂർ ഗ്രാമപഞ്ചായത്തംഗമായ സലാം മൻസിലിൽ സജീവ് റാവുത്തർ(42) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിതന്നെ ആൾതാമസമുള്ള ഭാഗത്ത് ആനയിറങ്ങിയതായി ആളുകൾ പറയുന്നുണ്ടായിരുന്നു. പൂമരുതിക്കുഴി ജംഗ്ഷനിലേക്ക് സ്കൂട്ടറിൽ വരികയായിരുന്നു രാജേന്ദ്രനും സജീവും. ചക്ക തിന്നു കൊണ്ടിരുന്ന കാട്ടാന ഇവരുടെ മുന്നിലേക്ക് ഓടിയെത്തി തുമ്പികൈ വീശി സ്കൂട്ടർ അടിച്ചിട്ടു. ഇരുവരെയും തുമ്പിക്കൈകൊണ്ട് അടിച്ചു. തുടർന്ന് ഓടിരക്ഷപെടാൻ ശ്രമിക്കവെ ഇരുവർക്കും താഴെവീണും പരിക്കേറ്റു. ഗുരുതര പരിക്കേറ്റ രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെവിക്കും കാലിനും പരിക്കേറ്റ പഞ്ചായത്തംഗത്തെ കോന്നിയിലെ സർക്കാർ ആശുപതിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തിയിട്ടുണ്ട്.