pinarayi-vijayan

തിരുവനന്തപുരം: ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതിയെ പറ്റിയുള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഗെയ്ൽ പൈപ്പ്‌ലൈൻ പൊട്ടിത്തെറിക്കുമെന്ന് പ്രചരിപ്പിച്ച് പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിച്ചവരാണ് ഇപ്പോൾ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഉമ്മൻ ചാണ്ടി പരാമർശിച്ചുവെന്നും അങ്ങനെയൊരു നിലപാട് സി.പി.എം സ്വീകരിച്ചിരുന്നോ എന്നുമുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗെയ്ൽ പദ്ധതി നടപ്പാക്കാൻ അവസരം ഉണ്ടായിരുന്നുവല്ലോ എന്നും എന്തുകൊണ്ട് അത് മുൻപത്തെ സർക്കാർ ചെയ്തില്ലെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

'അതെല്ലാം മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നതല്ലേ അദ്ദേഹത്തിന് നല്ലത്? അദ്ദേഹവും കൂടി ആ പട്ടികയിലേക്ക് പെട്ടുവരികയാണോ? ഇതെല്ലാം നാടിനറിയാവുന്ന കാര്യമല്ലേ? ഗെയ്ൽ പൈപ്പ്‌ലൈനിന്റെ കാര്യത്തിൽ എവിടെയായിരുന്നു തടസ്സം...എന്തായിരുന്നു, ആരാണ് എതിർത്തത് എന്നെല്ലാമുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ? എന്തുകൊണ്ട് നടപ്പാക്കാൻ ശ്രമിച്ചില്ല..ഞാൻ കൂടുതൽ പറയണോ അതിലേക്ക്?' മുഖ്യമന്ത്രിയുടെ ചിരിച്ചുകൊണ്ടുള്ള പ്രതികരണം ഇങ്ങനെയായിരുന്നു.

അതേസമയം, ഇന്ന് സംസ്ഥാനത്ത് 57 പേർക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതിൽ 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. കാസർകോഡ്-14, മലപ്പുറം-14, തൃശൂർ-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവനന്തപുരം-3 , എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ. അതേസമയം 18 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. 27 പേ‌ർ വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് എത്തിയവരും 28 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ എയർ ഇന്ത്യ സ്റ്റാഫും മറ്റൊരാൾ ഹെൽത്ത് വർക്കറുമാണ്.