kfl

 2019-20ൽ വിറ്റുവരവ് ₹495.85 കോടി

കൊച്ചി: പൊതുമേഖലാ കാലിത്തീറ്ര നിർമ്മാണ കമ്പനിയായ കേരള ഫീഡ്സ് കഴിഞ്ഞ സാമ്പത്തിക വർഷം 495.85 കോടി രൂപയുടെ വിറ്റുവരവ് നേടി. കൊവിഡും ലോക്ക്ഡൗണും വെല്ലുവിളിയായെങ്കിലും ലക്ഷ്യമിട്ട നേട്ടത്തിന് സമീപമെത്താൻ കമ്പനിക്ക് കഴിഞ്ഞു. 500 കോടി രൂപയുടെ വിറ്രുവരവായിരുന്നു ലക്ഷ്യം.

ഒരു കിലോ കാലിത്തീറ്റയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 91 ശതമാനവും കമ്പനി ചെലവാക്കുന്നത് അസംസ്കൃത വസ്‌തുക്കൾ വാങ്ങാനാണ്. എങ്കിലും, കാലിത്തീറ്റയുടെ വില കൂട്ടാൻ കമ്പനി മുതിർന്നില്ലെന്ന് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ പറഞ്ഞു. സ്വകാര്യ കമ്പനികൾ വില കുത്തനെ കൂട്ടാത്തതിന് കാരണം കേരള ഫീഡ്‌സിന്റെ സാന്നിദ്ധ്യമാണ്. വിപണി വിലയേക്കാൾ 130 രൂപവരെ കുറച്ചാണ് കമ്പനി 2019ൽ കാലിത്തീറ്റ വിറ്റഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണിൽ ക്ഷീരകർഷർക്ക് കാലിത്തീറ്റ ലഭ്യമാക്കാനായി കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാൻ അവസരമൊരുക്കിയിരുന്നു. ഇത്, സാന്നിദ്ധ്യം ശക്തമാക്കാൻ കമ്പനിക്ക് സഹായകമായെന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ.ബി. ശ്രീകുമാർ പറഞ്ഞു. കർഷകർക്ക് കമ്പനിയുമായി നേരിട്ട് ബന്ധപ്പെടാനുള്ള മൊബൈൽ ആപ്പ് സജ്ജമാക്കുന്നുണ്ട്. കോഴിത്തീറ്റയും കഴിഞ്ഞവർഷം കമ്പനി വിപണിയിലെത്തിച്ചു.

പ്രവാസികൾക്ക്

പിന്തുണ

വിദേശത്തു നിന്ന് ജോലി നഷ്‌ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾക്ക് ക്ഷീരഫാമുകൾ തുടങ്ങാനുള്ള പരിശീലനം ജൂലായിൽ നടക്കും. 'എന്റർപ്രെണറിയൽ വിഗർ" എന്നാണ് പദ്ധതിയുടെ പേര്. പുതുതലമുറയെയും ഇവർക്കൊപ്പം പദ്ധതിയിലേക്ക് ആകർഷിക്കും. ചലച്ചിത്രതാരം ജയറാമിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പരിശീലനം.