ന്യൂഡൽഹി: 1998 ഏപ്രിൽ 22, ഉത്തർ പ്രദശിലെ മുറാദ്നഗറിലെ സ്കൂളിൽ ഏഴാം ക്ലാസുകാരായ സോനുവും മോനുവും ആകെ അസ്വസ്ഥരായി ഇരിക്കുകയാണ്. അദ്ധ്യാപകർ പറയുന്നതും പഠിപ്പിക്കുന്നതുമൊന്നും അവർ ശ്രദ്ധിക്കുന്നില്ല. ഇരുവരുടേയും മനസു നിറയെ അന്ന് ഷാർജയിൽ നടക്കുന്ന കൊക്കോ കോള കപ്പിലെ ഇന്ത്യ- ആസ്ട്രേലിയ മത്സരത്തെക്കുറിച്ചുള്ള ചിന്തകളാണ്. സച്ചിൻ ബാറ്ര് ചെയ്യുന്നത് കാണണം. ആ മത്സരത്തിൽ ജയിച്ചാലെ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ കഴിയൂ.സച്ചിൻ ഇന്ത്യയെ ജയിപ്പിക്കുമെന്ന് ഇരുവർക്കും നൂറ് ശതമാനം ഉറപ്പ് ! കളി തുടങ്ങാൻ സമയമായപ്പോൾ ഇരുവരുടേയും ക്ഷമ നശിച്ചു. പിന്നൊന്നും നോക്കിയില്ല ക്ലാസ് കട്ട് ചെയ്യാൻ ആ പന്ത്രണ്ട് വയസുകാർ തീരുമാനിച്ചു. അങ്ങനെ രണ്ട് പീരിയഡുകൾ കട്ട് ചെയ്ത് അവർ നേരേ സുനിൽ ഭയ്യയുടെ വീട്ടിലെത്തി. അദ്ദേഹത്തിന് ഒരു ബ്ലാക്ക് ആൻഡ് വൈറ്ര് ടിവി ഉണ്ട്. അന്ന് നാട്ടിൽ അദ്ദേഹത്തിന്റെ വീട്ടിലേ കേബിൾ കണക്ഷനുള്ളൂ. കേബിൾ കണക്ഷനുണ്ടെങ്കിലേ കളി സംപ്രേഷണം ചെയ്യുന്ന സ്റ്രാർ സ്പോർട്സ് ചാനൽ കിട്ടുകയുള്ളൂ. എന്നത്തേയും പോലെ സുനിൽ ഭയ്യ സോനുവിനെയും മോനുവിനെയും സന്തോഷത്തോടെ സ്വീകരിച്ചു. മറ്രൊരു ക്രിക്കറ്റ് ഭ്രാന്തൻ ജമിൽ ഭായി സ്പോൺസർ ചെയ്ത കബാബും കഴിച്ചു കൊണ്ട് അവർ പിൽക്കാലത്ത് ഡെസേർട്ട് സ്റ്രോം എന്നപേരിൽ പ്രശസ്തമായ സച്ചിന്റെ ആ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് കൺകുളിർക്കേ കണ്ടു. കാലം കടന്നുപോയി. ആ കുട്ടികൾ വളർന്നു. പതിമ്മൂന്ന് വർഷങ്ങൾക്കിപ്പുറം ആ കുട്ടികളിലൊരാളായ സോനു സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഇന്ത്യയ്ക്കായി ഏകദിന ലോകകപ്പുയർത്തി. ആ സോനു ആരാണെന്നല്ലേ, ആരാധകരുടെ പ്രിയപ്പെട്ട സുരേഷ് റെയ്ന!
ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റെയ്ന തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്ന് തങ്ങളുടെ വീട്ടിൽ ടിവി ഉണ്ടായിരുന്നെങ്കിലും ദൂരദർശൻ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിനാൽ ക്രിക്കറ്ര് ആരാധകൻ കൂടിയായ സുനിൽഭായിയുടെ വീട്ടിലിരുന്നാണ് കളികണ്ടിരുന്നതെന്നും റെയ്ന കൂട്ടിച്ചേർത്തു. തങ്ങൾ ക്രിക്കറ്ര് ഭ്രാന്തൻമാരെല്ലാം അദ്ദേഹത്തിന്റെ വീട്ടിൽ സംഘമായിരുന്നാണ് കളികണ്ടിരുന്നതെന്നും അദ്ദേഹം ഓർത്തു. ആ സമയത്ത് സച്ചിൻ ഓപ്പണറാണ് . സച്ചിൻ ഔട്ടായിക്കഴിഞ്ഞാൽ തങ്ങൾ ടിവി ഓഫ് ചെയ്യുമായിരുന്നെന്നും റെയ്ന വ്യക്തമാക്കി.
200രൂപയ്ക്കും 300 രൂപയ്ക്കും യു.പിയിൽ മുഴുവൻ ക്രിക്കറ്ര് കളിച്ച് നടന്ന ആസമയവും പിന്നീട് ലക്നൗ സ്പോർട്സ് കോളേജിൽ അഡ്മിഷൻ ലഭിച്ചതുമെല്ലാം അത് തന്റെ ജീവിതം മാറ്രിമറിച്ചതുമെല്ലാം ഇന്നലെ നടന്നതുപോലെ തോന്നുവെന്നും റെയ്ന പറഞ്ഞു.