pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് രോഗം സംബന്ധിച്ചുള്ള സംസ്ഥാനത്തിന്റെ നില വിശദമാക്കുന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച പ്രതിപക്ഷനേതാവിനെയും കെ.പി.സി.സി അദ്ധ്യക്ഷനെയും തമാശരൂപത്തിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വയം പരിഹാസ്യകാൻ ഇറങ്ങിപുറപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ഉന്നയിക്കുന്ന ചോദ്യം സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതിൽ തെറ്റില്ലെങ്കിലും 'നമ്മുടെ ഇദ്ദേഹം' ഇങ്ങനയായിപ്പോയത് മാദ്ധ്യമപ്രവർത്തകർ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അവരെ രണ്ടുപേരെയും കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കണമെന്ന് നിങ്ങൾക്ക് നിർബന്ധമുണ്ടല്ലേ എന്നും മുഖ്യമന്ത്രി മാദ്ധ്യമപ്രവർത്തകരോടായി ചോദിച്ചു. കൊവിഡിന്റെ സാഹചര്യത്തിലുള്ള മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ 'ബഡായി ബംഗ്ലാവ്, ആറു മണി റിയാലിറ്റി ഷോ' എന്നീ പേരുകൾ വിളിച്ച് പരിഹസിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു.

'ഞാൻ എന്താണ് പറയുന്നതെന്ന് നിങ്ങളിലൂടെ നാട് കേൾക്കുന്നുണ്ട്. ഏത് ബഡായിയാണ് ഞാൻ പറഞ്ഞത്? സ്വയം പരിഹാസ്യനാകാനായി ഇറങ്ങിപ്പുറപ്പെട്ടാൽ എനിക്ക് അദ്ദേഹത്തെ രക്ഷിക്കാനാകില്ല. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന ചോദ്യം ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയോട് ചോദിക്കുന്നതില്‍ തെറ്റില്ല. പക്ഷേ നമ്മുടെ ഇദ്ദേഹം ഇങ്ങനെയായിപ്പോയി. അത് നിങ്ങള്‍ മനസ്സിലാക്കണം' പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തിന് ചിരി നിർത്താതെയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞുതുടങ്ങിയത്.