തൊടുപുഴ: കൊവിഡ് കണ്ണുരുട്ടും മുമ്പേ ഓൺലൈൻ പഠനത്തിന് ആപ്പ് വികസിപ്പിച്ച ഖ്യാതിയുമായി തൊടുപുഴ കാപ്പിലെ എൻ.എസ്.എസ്. എൽ.പി സ്കൂൾ. പേര് ദർപ്പണം. മറ്റു സ്കൂളുകൾക്കും സൗജന്യമായി പ്രയോജനപ്പെടുത്താം. പ്ളേ സ്റ്റോറിൽ ലഭ്യമാണ്. എല്ലാ നേട്ടങ്ങൾക്കും പിന്നിൽ പ്രധാന അദ്ധ്യാപകൻ വിധു പി. നായർ.
ഇന്ത്യയിലെ ആദ്യത്തെ സ്മാർട്ട് സ്കൂൾ എന്ന ബഹുമതി 2013ൽ മലയോരത്തെ ഈ കുഞ്ഞു സ്കൂൾ സ്വന്തമാക്കിയത് മറ്റൊരു ചരിത്രം.
പഠന സമയത്തിലും വേറിട്ട രീതിയാണ്. സാമ്പത്തിക ബാധ്യത വരുത്താതിരിക്കാൻ രാത്രി ഏഴു മുതലാണ് പഠനം. രക്ഷിതാക്കളുടെ ഫോണുകൾ ഉപയോഗിക്കാൻ കഴിയും. കുട്ടികളെ ശ്രദ്ധിക്കാൻ അവർക്കും സമയം കിട്ടും.
ദർപ്പണം പ്രവർത്തനം
# 'കണക്ട് മീ' മെനുവിൽ ലൈവ് ക്ലാസ്.
# ഗൂഗിൾ മീറ്റു വഴി എല്ലാവർക്കും പങ്കെടുക്കാം.
# 'മൈ ക്ലാസ് റൂമിൽ' അദ്ധ്യാപകരുടെ ക്ലാസുകൾ
# 'റിസോഴ്സ് പൂൾ' വഴി വിഷയം വിശദമായി.
# 'ചാറ്റ് റൂം' വഴി ആശയവിനിമയം
# 'മീറ്റ് ദി ടീച്ചർ' വഴി ഫോൺകാൾ
# 'ക്വിസീനോ'യിലൂടെ ആപ്ടിറ്റ്യൂഡ് ടെസ്റ്റ്
# 'ക്വിസ് മീ'യിലൂടെ പഠന നിലവാരം വിലയിരുത്തൽ
# 'ക്രിയേറ്റ' കലാവാസനകൾക്ക്
# 'കണക്ട് പ്ലസ്' കളിതമാശകൾക്ക്
# 'വിസിറ്റേഴ്സ് ഡയറി' അഭിപ്രായങ്ങൾക്ക്
കമന്റ്
``ഉയർന്ന ക്ളാസുകളിലടക്കം ഏതു സ്കൂളിനും സൗജന്യമായി പ്രയോജനപ്പെടുത്താം. സെർവർ വിപുലീകരിക്കേണ്ടിവരും''
വിധു പി. നായർ,
ഹെഡ്മാസ്റ്റർ
നായകൻ വിധുസാർ
ദേശീയ അദ്ധ്യാപക അവാർഡ് ജേതാവായ ഹെഡ്മാസ്റ്റർ വിധു പി. നായരാണ് സ്മാർട്ട് പ്രവർത്തനങ്ങൾക്ക് പിന്നിൽ. 46കാരനായ വിധുവും തിരുവനന്തപുരം സ്വദേശിയായ ഡിഗ്രി വിദ്യാർത്ഥി നിഖിലും ചേർന്നാണ് ആപ്പ് വികസിപ്പിച്ചത്. വിദ്യാഭ്യാസവകുപ്പിനായി ആപ്പുകൾ വികസിപ്പിച്ചിട്ടുണ്ട്.
2018ൽ കേരളത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി നടത്തിയ ആപ്‌ടിറ്റ്യൂഡ് ടെസ്റ്റിന് ആപ്പ് വികസിപ്പിച്ചിരുന്നു. വിജയിച്ച 73പേർക്ക് ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ സ്ഥാപനങ്ങളിൽ പരിശീലനം നൽകുന്ന പ്രോജക്ടിന്റെ ലീഡറായിരുന്നു.
അദ്ധ്യാപകരുടെ സഹായത്തോടെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റ് വാങ്ങി നൽകാനുള്ള ശ്രമത്തിലാണ്. ഭാര്യ ശാന്തിയും അദ്ധ്യാപികയാണ്. ഡൽഹി സർവകലാശാലയിലെ ഡിഗ്രി വിദ്യാർത്ഥിയാണ് ഏകമകൻ ഗോപീകൃഷ്ണൻ.