ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് രോഗബാധ പടർന്നു പിടിച്ചതിനെതുടർന്ന് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരുന്നു. ലോക്ക്ഡൗൺ അഞ്ചാം ഘട്ടം ആരംഭിച്ചപ്പോൾ പല മേഖലയിലും ഇളവുകൾ നൽകിയിട്ടും സ്കൂളുകൾ തുറക്കാൻ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. ജൂലായ് മാസത്തിൽ മാത്രമേ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ എന്നാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അറിയിച്ചിരിക്കുന്നത്.
അതിനിടെ കൊവിഡ് രോഗപ്രതിരോധത്തിന് വാക്സിൻ കണ്ടെത്തുന്നത് വരെ സ്കൂളുകൾ തുറക്കരുതെന്ന ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് രക്ഷിതാക്കൾ.ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ വലിയ രീതിയിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് രക്ഷിതാക്കൾ ഭീമഹർജി തയ്യാറാക്കിയത്. ഓൺലൈൻ ഭീമഹർജിയിൽ 24 മണിക്കൂറിനുള്ളിൽ മണിക്കൂറിനുള്ളിൽ രണ്ടര ലക്ഷത്തോളം രക്ഷിതാക്കളാണ് ഒപ്പുവച്ചിരിക്കുന്നത്. നോ വാക്സിൻ നോ സ്കൂൾ എന്ന പേരിലാണ് ഹര്‍ജി തയ്യാറാക്കിയിട്ടുള്ളത്. സ്കൂളുകളിലേക്ക് കുട്ടികളെ അയക്കാതെ ഓൺലൈൻ സംവിധാനം പഠനത്തിനായി ഉപയോഗിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഹർജിക്ക് പിന്നിൽ അണിനിരക്കുന്നത്.
ഒരു കേസുകൾ പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്യാത്ത സാഹചര്യമുണ്ടാവുകയോ വാക്സിൻ ഭ്യമാവുകയോ ചെയ്യാത്ത സാഹചര്യത്തിൽ സ്കൂൾ തുറക്കുന്നത് ആശങ്കാജനകമാണ്. മികച്ച രീതിയിൽ ഇ ലേണിംഗ് നടത്താൻ സാധിക്കുമ്പോൾ എന്തുകൊണ്ട് അത് വർഷം മുഴുവൻ തുടരാൻ സാധിക്കാത്തതെന്നും ഹർജിയിൽ ചോദിക്കുന്നു.