മുംബയ്: കൊവിഡിന്റെ ആരംഭകാലത്ത് ചൈനയിൽ നിന്നും പുറത്തുവന്ന വീഡിയോകളും ഫോട്ടോകളും ആരെയും ഭയപ്പെടുത്തുന്നതായിരുന്നു. നിലത്തും മറ്റുമായി കിടക്കുന്ന മൃതദേഹങ്ങളെയും, കിടക്കകൾ ഒഴിവില്ലാത്തതിനാൽ നിലത്ത് കിടക്കേണ്ടി വരുന്ന രോഗികളെയും അന്ന് ലോകം കണ്ടിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യയിലും ആ കാഴ്ചകൾ ആവർത്തിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് ഇന്ത്യയിൽ കൊവിഡ് രോഗം ഏറ്റവും രൂക്ഷമായ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നും പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ ആശുപത്രികളിൽ മിക്കവാറും എല്ലാം തന്നെ ഇപ്പോൾ കൊവിഡ് രോഗികളുടെ ആധിക്യം താങ്ങാനാകാതെ ബുദ്ധിമുട്ടുകയാണ്.
'ദിവസേന ഞങ്ങൾ പുതിയ വാർഡുകൾ തുറക്കുന്നുണ്ട്. പക്ഷെ ദിവസം അവസാനിക്കുമ്പോൾ അവ കൊവിഡ് രോഗികളാൽ നിറയുന്ന അവസ്ഥയാണുള്ളത്. സ്ഥിതി അങ്ങേയറ്റം മോശമാണ്. എല്ലാ വാർഡുകളും ഇപ്പോൾ കൊവിഡ് വാർഡുകളാണ്. അവ ഇപ്പോൾ പൂർണമായും നിറഞ്ഞിരിക്കുകയാണ്.' സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിലെ റസിഡന്റ് ഡോക്ടർ സാദ് അഹമ്മദ് പറയുന്നു.
ആരും തിരിഞ്ഞ് നോക്കാൻ പോലുമില്ലാതെ രോഗികൾ ആശുപത്രികളിൽ വെറും തറയിൽ കിടന്നു ഉറങ്ങേണ്ടി വരുന്നതും മരണമടഞ്ഞവരെ വെറും വരാന്തകളിൽ കിടത്തുന്നതും ആശുപത്രികളിൽ സാധാരണ കാഴ്ചയായി തുടങ്ങിയിട്ടുണ്ടെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. കൊവിഡ് രോഗികൾക്കായി വിശ്രമമില്ലാതെ ഡോക്ടർമാരും നഴ്‌സുമാരും രാവും പകലും ജോലി ചെയ്തിട്ടുപോലും ഈ അവസ്ഥയ്ക്ക് മാറ്റമില്ലെന്നാണ് വിവരം. അതേസമയം കൊവിഡല്ലാതെ മറ്റ് അസുഖങ്ങളുമായി ആശുപത്രികളിൽ എത്തുന്നവർക്ക് യാതൊരു ശ്രദ്ധയും ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്.
രണ്ടുമാസം നീണ്ട ലോക്ക്ഡൗണിന് ശേഷവും സംസ്ഥാനത്തിന്റെ കൊവിഡ് പ്രതിസന്ധിക്ക് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നതും ആശ്ചര്യമുണ്ടാക്കുന്നു.ഒടുവിലെകണക്കുകൾ പ്രകാരം സംസ്ഥാനത്ത് ചികിത്സയിലുള്ളത് 36,040 കൊവിഡ് രോഗികളാണ്. ഇതുവരെ മഹാരാഷ്ട്രയിൽ 67,655 പേർക്ക് രോഗബാധ ഉണ്ടായിട്ടുണ്ട്. ഇതിൽ 29,329 പേർ രോഗമുക്തി നേടി. കൊവിഡ് രോഗം മൂലംമരണത്തിന് കീഴടങ്ങിയത് 2,286 പേർ.