v-muraleedharan-

ന്യൂഡൽഹി: കേന്ദ്രസർക്കാർ ശ്രീനാരായണീയർ വഞ്ചിച്ചു എന്ന തരത്തിലുള്ള പ്രചാരണം വ്യാജമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശബരിമല, ശിവഗിരി സ്പിരിച്വൽ സർക്യൂട്ട് പദ്ധതികൾ സംസ്ഥാന സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചതായി അദ്ദേഹം കുറ്റപ്പെടുത്തി . ശബരിമലയ്ക്കായി 2016-17ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 99.99 കോടിരൂപയുടെ പദ്ധതിയിൽ ഇതുവരെ ചെലവഴിച്ചത് വെറും ഒരു കോടി രൂപ മാത്രമാണെന്നും കേന്ദ്രപദ്ധതികളുടെ നടത്തിപ്പിൽ കേരളം വലിയ വീഴ്ചയാണ് വരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2015-16 മുതൽ 2018-19 വരെ 503.83 കോടിരൂപയാണ് ആറു പ്രധാന പദ്ധതികളിൽ ഉൾപ്പെടുത്തി കേന്ദ്രടൂറിസം മന്ത്രാലയം കേരളത്തിന് അനുവദിച്ചത്. എന്നാൽ 125 കോടിരൂപയിൽ താഴെ മാത്രമാണ് കേരളം ഇതുവരെ ചെലവഴിച്ചതെന്നും അദ്ദേഹം തന്റെ വീഡിയോയിൽ പറയുന്നു. ശബരിമലയിലെയും പമ്പയിലെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാൻ സാധിക്കുമായിരുന്ന 99.99 കോടി രൂപയുടെ ശബരിമല-പമ്പ -എരുമേലി സ്പിരിച്വൽ പദ്ധതിയിൽ വെറും ഒരു കോടി രൂപ മാത്രമാണ് ചെലവഴിച്ചിരിക്കുന്നത് എന്നത് ഗൗരവകരമാണ്.

2016-17 മുതൽ 2018-19 വരെയുള്ള കാലയളവിൽ അനുവദിച്ച 427 കോടി രൂപയുടെ മറ്റ് അഞ്ചു പദ്ധതികളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാർ വലിയ വീഴ്ച വരുത്തി. 99.99 കോടിയുടെ ശബരിമല പദ്ധതിയുടെ ആദ്യഘട്ടമായി അനുവദിച്ച 20 കോടിയിൽ വെറും ഒരു കോടിരൂപ മാത്രമാണ് ചെലവഴിച്ചത്. ഇതേ തുടർന്നാണ് രണ്ടാംഘട്ട തുക നൽകാതിരുന്നത്.

തുടർച്ചയായ നിർദ്ദേശം നൽകിയിട്ടും ഇത്രയധികം പദ്ധതികളുടെ നടത്തിപ്പ് വൈകിയതോടെയാണ് ശിവഗിരി സ്പിരിച്വൽ പദ്ധതിയും ജില്ലകളിലെ ആരാധനാലയങ്ങളെ ഉൾപ്പെടുത്തിയുള്ള സ്പിരിച്വൽ പദ്ധതിയും കേന്ദ്രസർക്കാർ റദ്ദാക്കിയിരിക്കുന്നത്. എന്നാൽ ശിവഗിരി പദ്ധതി കേന്ദ്ര ടൂറിസം മന്ത്രാലയം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ പുരോഗതി ഉണ്ടാകുമെന്നും വി. മുരളീധരൻ അറിയിച്ചു.