അടൂർ: പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഉത്രയുടെ സ്വർണം ഭർത്താവ് സൂരജിന്റെ വീടിനോട് ചേർന്ന റബർ പുരയിടത്തിൽ കുഴിച്ചിട്ട നിലയിൽ ഇന്നലെ രാത്രിയോടെ അന്വേഷണ സംഘം കണ്ടെത്തി.
ബാങ്ക് ലോക്കറിൽ നിന്ന് എടുത്തുമാറ്റിയതായിരുന്നു സ്വർണം. ക്രൈംബ്രാഞ്ച് സംഘം ഇന്നലെ ഉച്ചയ്ക്ക് 12 മുതൽ മൂന്നേകാൽ മണിക്കൂറോളം സൂരജിന്റെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഉത്രയുടെ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെങ്കിൽ എടുത്തുനൽകിയാൽ കേസിൽ നിന്ന് ഒഴിവാക്കാമെന്ന് ഡിവൈ.എസ്.പി എസ്. അശോകൻ പറഞ്ഞെങ്കിലും സൂരജന്റെ പിതാവ് സുരേന്ദ്രനും മാതാവ് രേണുകയും സഹോദരി സൂര്യയും തങ്ങളുടെ പക്കൽ സ്വർണമില്ലെന്നാണ് പറഞ്ഞത്. മാദ്ധ്യമപ്രവർത്തകർ വീടിന്റെ പരിസരത്ത് ഉണ്ടായിരുന്നതിനാൽ ഇവരെ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞില്ല.
ബാങ്ക് ലോക്കറിൽ പോകാമെന്ന് പറഞ്ഞ് സുരേന്ദ്രനെയും കൂട്ടി പുറത്തിറങ്ങിയ പൊലീസ് ഇയാളെ അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തതോടെയാണ് സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്ന് സമ്മതിച്ചത്. സ്വർണം എവിടെയാണ് ഒളിപ്പിച്ചതെന്ന് അച്ഛനറിയാമെന്ന് സൂരജ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. വൈകിട്ട് ഏഴുമണിയോടെ ആരുടെയും ശ്രദ്ധയിൽപ്പെടാതെ സുരേന്ദ്രനുമായി പൊലീസ് തിരിച്ചെത്തി. സൂരജിന്റെ മാതാവ് രേണുകയെയും സഹോദരി സൂര്യയെയും വീണ്ടും ചോദ്യം ചെയ്തു.
സൂരജിന്റെ അറസ്റ്റിനുശേഷം സ്വർണം ഒളിപ്പിക്കാൻ സുരേന്ദ്രൻ പറക്കോട്ടുള്ള സഹോദരന്റെ വീട്ടിൽ എത്തിയെങ്കിലും അവർ സമ്മതിച്ചില്ല. ഇനി വീട്ടിൽ കയറരുതെന്ന് പറഞ്ഞ് സുരേന്ദ്രനെ ഇറക്കിവിടുകയായിരുന്നു. തുടർന്നാണ് കുഴിച്ചിട്ടത്. പരിശോധനയുടെ തുടക്കത്തിൽത്തന്നെ അന്വേഷണസംഘം മൂവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തിരുന്നു.