jadon-sancho-protest

ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ കായിക ലോകത്തും പ്രതിഷേധം കനക്കുന്നു

ബെർലിൻ: അമേരിക്കയിലെ മിനിയ പൊളിസിൽ പൊലീസിന്റെ ക്രൂരതയ്ക്കിരയായി കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ട സംഭവത്തിൽ കായിക ലോകത്തും പ്രതിഷേധം കനക്കുന്നു. കഴിഞ്ഞ ദിവസം ബുണ്ടേസ് ലിഗയിൽ പാഡർബോണിനെതിരെ ഹാട്രിക്ക് നേടിയ ബൊറൂഷ്യ ഡോർട്ട്മുണ്ടിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ ജേഡൻ സാഞ്ചോയാണ് ഏറ്രവും ഒടുവിലായി ഫ്ലോയിഡിന് നീതിവേണമെന്ന ആവശ്യവുമായി മുന്നോട്ടെത്തിയ കായിക ലോകത്തിന്റെ പ്രതിനിധി. 6-1ന് ബൊറൂഷ്യ ജയിച്ച മത്സരത്തിൽ ഹാട്രിക്ക് നേടിയ ശേഷം തന്റെ ജേഴ്സിക്കടിയിൽ ‌ധരിച്ചിരുന്ന ജോർജ് ഫ്ലോയിഡിന് നീതിവേണമെന്നെഴുതിയ ടീഷർട്ട് ക്യാമറകൾക്ക് മുന്നിൽ പ്രദർശിപ്പിച്ചായിരുന്നു സാഞ്ചോയുടെ ഐക്യദാർഢ്യം. കരിയറിലെ ആദ്യ ഹാട്രിക്കിന്റെ സന്തോഷമുണ്ട്. എന്നാൽ വ്യക്തിപരമായി ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ഇതിലും പ്രധാനമായ കാര്യങ്ങൾ ലോകത്തിൽ നടക്കുകയാണിപ്പോൾ. മാറ്രത്തിനായി നമുക്കും നിലകൊള്ളാം, കഴിയുന്ന പോലെ സഹായിക്കാം. മത്സര ശേഷം സാഞ്ചോ തന്റെ ഇൻസ്റ്രഗ്രാം അക്കൗണ്ടിൽ കുറിച്ചു.

ഡോർട്ട്മുണ്ടിൽ സാഞ്ചോയുടെ സഹതാരമായ മൊറോക്കൻ പ്രതിരോധതാരം ഹക്കിമിയും ഫ്ലോയിഡിന് നീതിവേണമെന്ന ആവശ്യവുമായെത്തിയിരുന്നു. ബൊറൂസിയ മൊഷൻഗ്ലാഡ്ബാഷിലെ മാർകസ് തുറാനും യൂണിയൻ ബെർലിനെതിരായ മത്സരത്തിനിടയിൽ ഫ്ലോയിഡിനായി നിലകൊണ്ടിരുന്നു. ജസ്റ്റിസ് ഫോർ ജോർജ് എന്നെഴുതിയ ആം ബാൻഡുമായാണ് യു.എസ് ഡിഫന്റർ വെസ്റ്റൻ മകെനി കളിക്കാനിറങ്ങിയത്.

ലിവർപൂൾ താരങ്ങൾ ഇന്നലെ ആൻഫീൽഡിൽ മുട്ടിൽ കുത്തിയിരുന്നാണ് ഫ്ലോയിഡിന് ആദരവും പിന്തുണയും അറിയച്ചത്. വാൻ ഡിയ്ക്, അലക്സാണ്ടർ അർനോൾഡ് എന്നിവരെല്ലാം ടീം ഒന്നിച്ച് മുട്ടുകുത്തിയിരിക്കുന്ന ചിത്രത്തിനൊപ്പം ഐക്യമത്യം മഹാബലം എന്ന് തങ്ങളുടെ ട്വിറ്രർ അക്കൗണ്ടുകളിൽ ട്വീറ്ര് ചെയ്തു.

മാഞ്ചസ്റ്രർ യുണൈറ്രഡിന്റെ ഇംഗ്ലീഷ് സ്ട്രൈക്കർ റാഷ്ഫോർഡ് ലോകം മുമ്പെന്നെത്തേക്കാളും വിഭജിച്ചുപോയെന്ന് ട്വീറ്ര് ചെയ്തു. ഡേവിഡ് ബെക്കാം ഉൾപ്പെടെയുള്ളവരും വർണവിവേചനത്തിനെതിരായി പ്രതികരിച്ചു.

അമേരിക്കയുടെ പതിനാറുകാരിയായ ടെന്നിസ് വിസ്മയം കോക്കോ ഗൗഫ് അടുത്തത് ഞാനോ?​ എന്ന ചോദ്യമാണ് കറുത്ത വർഗക്കാർക്കെതിരായ പീഡനത്തിൽ മനം നൊന്ത് സോഷ്യൽ മീഡിയയിൽ ഉയർത്തിയത്. നിറം കറുത്തതിന്റെ പേരിൽ പീഡനമേറ്ര് കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളുള്ള ടിക് ടോക് വീഡിയോ പങ്കുവെച്ചായിരുന്നു കോക്കോയുടെ പ്രതിഷേധം. ഫ്ളോയ്‌ഡ്, അഹമ്മദ് ആർബറി, ബ്രെണ്ണ ടെയ്ലർ, ട്രെയ്വോൻ മാർട്ടിൻ എന്നിവരുടെ ചിത്രങ്ങളാണ് വീഡിയോയിലുള്ളത്.