രണ്ടാം നിലയും താഴത്തെ നിലപോലെ തന്നെയാണോ, അതോ താഴത്തെ നില മാത്രമേ വാസ്തുപ്രകാരം കണക്കാക്കേണ്ടതുള്ളോ എന്നൊക്കെ ആളുകൾ പൊതുവെ സംശയം ഉന്നയിക്കുന്നുണ്ട്. ഭൂമിയിലുളള ഊർജങ്ങൾ മുകൾനിലയെ എങ്ങനെ ബാധിക്കും എന്ന് നിരവധി സംശയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. താഴത്തെ നിലയിൽ എന്തൊക്കെ പരിഗണിക്കുന്നുവോ അതൊക്കെ തന്നെയാണ് മേൽനിലയിലും പരിഗണിക്കേണ്ടത്. പക്ഷേ മുകൾനിലയിൽ മിക്കവാറും മുറികളിൽ കുറവ് വരുത്തുന്നതിനാൽ പലയിടത്തും അത് വാസ്തുദോഷമുണ്ടാക്കുന്നു. ചിലയിടത്ത് മുകൾനില പിന്നെ പണിയാൻ വേണ്ടി സ്റ്റെയർ മുറിമാത്രം നിർമ്മിക്കുന്നു. അത് പലപ്പോഴും വീടിന്റെ ഏകദേശ മദ്ധ്യത്തിൽ കെട്ടുകയും ചെയ്യും. ഇത് വാസ്തുശാസ്ത്രത്തിലെ ഊർജത്തെയും അതിന്റെ ഒഴുക്കിനെയും കാര്യമായി ബാധിക്കുകയും ബ്രഹ്മമേഖല അഥവാ ജീവന്റെ ഊർജം അടയാനും ഇടവരും. സർവതിന്റെയും സ്തംഭനമാണ് ഇതുമുലമുണ്ടാവുന്ന ഫലം. യഥാർഥ വാസ്തുശാസ്ത്രം ഒരിക്കലും സാങ്കൽപ്പികമായ ഒന്നല്ല. അനുഭവം ശരിയാണെങ്കിൽ മാത്രമേ വാസ്തുശാസ്ത്രവും സത്യമാകുകയുള്ളൂ. അനുഭവമുണ്ടെങ്കിൽ ആ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കണം.
മുകൾനില പണിയുമ്പോൾ മൊത്തം ഭാഗത്തും മുറിയെടുക്കാം. അത് ദോഷമാവില്ല. തെക്ക് പടിഞ്ഞാറും തെക്ക് പടിഞ്ഞാറ് ചേർത്ത് തെക്കും 90 ഡിഗ്രി നിൽക്കുന്ന കൃത്യം തെക്കിലും മുറി പണിയാം. തെക്കിലും തെക്കുപടിഞ്ഞാറിലും പടിഞ്ഞാറിലും മാത്രം മുറിയെടുക്കുന്നത് നല്ല ഫലത്തെ പ്രദാനം ചെയ്യും.
തെക്ക് കിഴക്കിൽ മാത്രമോ വടക്കു കിഴക്കിൽ മാത്രമോ, വടക്ക് പടിഞ്ഞാറിൽ മാത്രമോ ആധുനിക ശൈലിയുടെ പേരിൽ ധാരാളം പേർ മുകൾനില കെട്ടുന്നത് കണ്ടിട്ടുണ്ട്. ഇത് ദോഷഫലമാണ് ഉണ്ടാക്കുന്നത്. തെക്ക് കിഴക്കിൽ മാത്രമാണ് മേൽ നില കെട്ടുന്നതെങ്കിൽ മോഷണം, വീട്ടിൽ തുടർച്ചയായി അഭിപ്രായ ഭിന്നത എന്നിവ ഉണ്ടാകാറുണ്ട്. വടക്ക് കിഴക്കാണെങ്കിൽ അത് സ്ത്രീകളെയും പുരുഷന്മാരെയും ഈശ്വരാധീനത്തെയും ദോഷമായും ബാധിക്കും. വടക്ക് പടിഞ്ഞാറുമാത്രമായി മേൽനില കെട്ടുന്നതും ദുരിതം സമ്മാനിക്കും. വടക്കുഭാഗത്ത് മാത്രമായി മുകൾ നില കെട്ടിയാലും ദോഷമായി മാറും. വായനക്കാർ നിങ്ങളുടെ അനുഭവങ്ങളുമായി ബന്ധപ്പെടുത്തി വേണം ഈ പംക്തിയെ വിശ്വാസത്തിലെടുക്കേണ്ടത്. അല്ലാതെ നിങ്ങളുടെ നക്ഷത്രമോ ജനനത്തീയതിയോ നോക്കിയല്ല വാസ്തു ശാസ്ത്രം പരിഗണിക്കേണ്ടത്. മുകൾനിലയിലെ വാതിൽ ക്രമീകരണവും ശ്രദ്ധിക്കണം. ഫാഷൻ അനുസരിച്ച് വാതിലുകളും ജനലുകളും വയ്ക്കാൻ പാടില്ല. വാതിലുകൾ ഏറ്റവും ശരിയായ ഉൗർജരേഖാ ക്രമത്തിൽ വേണം വയ്ക്കേണ്ടത്.
മതിലിന്റെ ഉയരം?
ശാന്തി സുമിത്രൻ,
കോരാണി ,ആറ്റിങ്ങൽ
മതിലിന് നിശ്ചിത ഉയരം നിർബന്ധമില്ല. പക്ഷേ തെക്കും പടിഞ്ഞാറും കെട്ടുന്ന മതിലിനെക്കാൾ ഉയരം കുറവാകണം വടക്കും കിഴക്കും കെട്ടുന്ന മതിലിന്. വടക്കും കിഴക്കും മതിലിൽ തുറപ്പുളള ഗ്രില്ലുകൾ വയ്ക്കുന്നതും നല്ല ഫലം തരും.പക്ഷേ പടിഞ്ഞാറും തെക്കും മതിലുകളിൽ ഗ്രില്ലുകൾ ഒഴിവാക്കുന്നതാണ് നല്ലത്.