മലയാളികളുടെ ഇഷ്ടവിഭവമാണ് സാമ്പാർ. എന്നാൽ സാമ്പാർ കേരളത്തിന്റെയോ തമിഴ്നാട്ടിന്റെയോ മാത്രം വിഭവമല്ല. വെെവിധ്യങ്ങളായ രുചിക്കൂട്ടുകളുടെ കലവറയാണ് സാമ്പാർ. പല നാടുകളിലും പല രീതിയിലാണ് സാമ്പാർ പാകം ചെയ്യുന്നത്. എന്നാൽ രുചിയുടെ കാര്യത്തിൽ ഒരു പടി മുന്നിൽ നിൽക്കുന്നത് മലയാളികളുടെ സാമ്പാർ തന്നെയാണ്. കാണുമ്പോൾ തന്നെ വായിൽ വെള്ളമൂറുന്ന രുചികരമായ സാമ്പാർ ഉണ്ടാക്കാൻ ചില അടുക്കള പൊടിക്കൈകൾ.
സാമ്പാറുണ്ടാക്കാൻ അനുയോജ്യമായത് തുവരപ്പരിപ്പാണ്.
ചെറുപയർ പരിപ്പും ഉപയോഗിക്കാറുണ്ട്
ചെറുപയർ പരിപ്പ് വറുത്ത്, പച്ചപ്പ് മറിയതിന് ശേഷം ഉപയോഗിക്കാം
പരിപ്പ് കുക്കറിൽ വേവിക്കുന്നതാണ് നല്ലത്.
50 ഗ്രാം പരിപ്പ് 1 ലിറ്റർവെള്ളത്തിൽ വേവിക്കണം [ഒരു കപ്പ് പരിപ്പിന് മൂന്ന് കപ്പ് വെള്ളം ]
പരിപ്പിന്റെ കൂടെ ഒരു നുള്ള് ഉലുവ ഇട്ടാൽ സാമ്പാർ പെട്ടെന്ന് കേടാകില്ല.
പരിപ്പ് വേവിക്കുമ്പോൾ ഒരു സ്പൂൺ നല്ലെണ്ണയോ നെയ്യോ ചേർത്താൽ പരിപ്പ് നന്നായി വേകാനും നല്ല മണം ലഭിക്കാനും പരിപ്പ് പതഞ്ഞുപൊങ്ങുന്നത് തടയാനും സഹായിക്കും.
എണ്ണ ചൂടാക്കി ഒരു നുള്ള് ഉലുവ മൂപ്പിച്ച് പച്ചക്കറികൾ വഴറ്റിയശേഷം വേവിച്ചാൽ കൂടുതൽ മണം കിട്ടും.
പരിപ്പിന്റെ കൂടെ ഉള്ളി, പച്ചമുളക്, തക്കാളി, കായം, കറിവേപ്പില, അമരയ്ക്ക, കിഴങ്ങ് എന്നിവ വേവിക്കാം.
തക്കാളിയും വെണ്ടയ്ക്കയും വഴറ്റി ചേർക്കുന്നതാണ് കൂടുതൽ നല്ലത്.
സാമ്പാറിന് ഇരുമ്പൻ പുളിയാണ് ഉത്തമം.
സാമ്പാർ പൊടി അല്പം വെള്ളത്തിൽ കലക്കി ഉപയോഗിക്കുക.
സാമ്പാർ പൊടി വീട്ടിൽ ഉണ്ടാക്കുമ്പോൾ അല്പം പച്ചരി കൂടി ചേർത്താൽ സാമ്പാറിന് കൊഴുപ്പ് കൂടും.
സ്വാദ് കൂട്ടാൻ കുറച്ചു ശർക്കര ചേർക്കുന്നതും നല്ലതാണ്.
മല്ലിയിലയും കറിവേപ്പിലയും കൈ കൊണ്ട് ഞരടി ചേർത്താൽ മണം കൂടും.
കടുക് പൊട്ടിയ ശേഷം മാത്രമേ വറ്റൽമുളകും കറിവേപ്പിലയും അരിഞ്ഞിടാവു.