ന്യൂഡൽഹി: ലോകമെമ്പാടും കൊവിഡിനെതിരെ പോരാടുമ്പോൾ ചെെന യുദ്ധത്തിനുള്ള പുറപ്പാടിലേക്കോ? ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം തുടരുന്നതിനിടെ, ഏറ്റവും മോശമായ സാഹചര്യം മുന്നില്‍ കണ്ട് സൈന്യത്തോട് യുദ്ധ സജ്ജരാകാന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പിഎൽഎ) യുദ്ധവിമാനങ്ങൾ 30-35 കിലോമീറ്റർ ചുറ്റളവിൽ പറന്നുയർന്നു. സംഘർഷം നിലനിൽക്കുന്ന അതിർത്തി മേഖലകളോടു ചേർന്നു ചൈന യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്.
ചൈനയുടെ രണ്ട് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പറന്നു. ഇന്ത്യൻ അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് വിമാനങ്ങൾ പറന്നത്. അതിർത്തിയോടു ചേർന്നുള്ള ഹതൻ, ഗർഗുൻസ വ്യോമതാവളങ്ങളിൽ ചൈനയുടെ 12 യുദ്ധവിമാനങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. ജെ 11, ജെ 7 വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനങ്ങളാണവ.
എന്നാൽ ഇന്ത്യയും എല്ലാ സജ്ജീകരണങ്ങളും നടത്തിവരികയാണ്. ചൈനയുടെ വ്യോമ നീക്കങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് സേനാ വൃത്തങ്ങൾ പറഞ്ഞു. സുഖോയ് 30 ഉൾപ്പെടെയുള്ള യുദ്ധവിമാനങ്ങൾ അതിർത്തിയിലെ വ്യോമതാവളങ്ങളിൽ ഇന്ത്യ സജ്ജമാക്കിയിട്ടുണ്ട്. സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിലെ പാംഗോങ് ട്സോ തടാകം, ഗൽവാൻ താഴ്‌വര എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും നടത്തി.
ചൈനീസ് സൈന്യം 10-12 ഓളം യുദ്ധവിമാനങ്ങൾ ഇപ്പോൾ ഹതൻ, ഗർഗുൻസ എന്നിവിടങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും അവർ ഇന്ത്യൻ പ്രദേശത്തിനടുത്തായി പറന്ന് നിരീക്ഷണം നടത്തുന്നുണ്ടെന്നുമാണ് റിപ്പോർട്ടുകൾ. കിഴക്കൻ ലഡാക്കിലെ തർക്ക പ്രദേശങ്ങൾക്ക് സമീപം പീരങ്കികളും യുദ്ധ വാഹനങ്ങളും ഉൾപ്പെടെയുള്ള പ്രതിരോധ സംവിധാനങ്ങളുമായി ഇരു രാജ്യങ്ങളുടെയും സൈന്യം നീങ്ങിയതോടെ എൽഎസിയിലെ പിരിമുറുക്കം വർദ്ധിച്ചു.
ലഡാക്കിലെയും വടക്കൻ സിക്കിമിലെയും എൽഎസിക്ക് സമീപമുള്ള നിരവധി പ്രദേശങ്ങളിൽ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങളെ വലിയ തോതിൽ വിന്യസിച്ചിരുന്നു. മേയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
തങ്ങളുടെ സൈന്യത്തിന്റെ പട്രോളിംഗ് ഇന്ത്യന്‍ സൈന്യം തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് തങ്ങള്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്ന് ചൈന പറഞ്ഞിരുന്നു.