thazhathangady-murder-cas

കോട്ടയം: താഴത്തങ്ങാടിയിലെ വീട്ടിൽ തലയ്ക്കടിച്ചും ഷോക്കടിപ്പിച്ചും വീട്ടമ്മയെ കൊലപ്പെടുത്തുകയും, ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിനുശേഷം കാർ മോഷ്ടിച്ച് കടന്നയാളെ കണ്ടെത്താൻ ഇടുക്കി, എറണാകുളം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60)യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാലി (65) ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം താഴത്തങ്ങാടിയിലെ വീട്ടിൽ ഇവരുടെ റെഡ് കളർ വാഗണർ കാറിൽ കുമരകം ഭാഗത്തേക്ക് കടന്ന കൊലയാളിയെ കണ്ടെത്താൻ കോട്ടയം ജില്ലയ്ക്കകത്തും സമീപജില്ലകളായ എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കാർ തൃപ്പുണ്ണിത്തുറവഴി കൊച്ചി ഭാഗത്തേക്ക് പോയതായ ചില സൂചനകളുടെ അടിസ്ഥാനത്തിലാണ് എറണാകുളം റൂറൽ, സിറ്റി പൊലീസിന്റെ നേതൃത്വത്തിൽ ഇവിടം കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചത്. കോട്ടയം ജില്ലയിലെ എല്ലാ പ്രധാന റോഡുകളിലെയും സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് അരിച്ചുപെറുക്കിവരികയാണ്.

കൊലപാതകത്തിന് ശേഷം സാലിയുടെ വീട്ടിലെ കാറുമായി കടന്ന സമയത്ത് താഴത്തങ്ങാടിയിലെ മൊബൈൽ ടവർ പരിധിയിൽ വന്ന മൊബൈൽ നമ്പരുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കാറിന്റെ സഞ്ചാരപഥവും, സമയവും അനുസരിച്ച് കാർ സഞ്ചരിച്ചതായി സംശയിക്കുന്ന ടവറുകളിലെ ഫോൺ കോളുകളും ഓരോ ടവറുകളും മറികടന്നുപോകുന്ന മൊബൈൽ നമ്പരുകളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.

കവർച്ചയ്ക്കായി നടത്തിയ കൊലപാതകമെന്ന് തോന്നുന്ന ലക്ഷണങ്ങളാണ് താഴത്തങ്ങാടിയിലെ വീട്ടിൽ കാണപ്പെടുന്നതെങ്കിലും, മോഷണത്തിന് മാത്രമായി ഇത്തരം ഒരു അരും കൊല ആസൂത്രണം ചെയ്യുമെന്ന് പൊലീസ് കരുതുന്നില്ല. സാലിയുമായി മറ്റേതെങ്കിലും വിധത്തിലുള്ള ഇടപാടുകളോ, മറ്റ് തരത്തിലുള്ള വൈരാഗ്യമോ മനസിൽ സൂക്ഷിച്ചിട്ടുള്ള ആരെങ്കിലുമാകാം സംഭവത്തിന് പിന്നിലെന്ന വിലയിരുത്തലും പൊലീസിനുണ്ട്.

കവർച്ചയുടെ ഭാഗമായി നടന്ന കൊലപാതകമായി വരുത്തി തീർത്ത് അന്വേഷണം വഴിതെറ്റിക്കാനുളള നീക്കമായുള്ള സംശയങ്ങളും പൊലീസിനുണ്ട്. ഷീബ അണിഞ്ഞിരുന്നതും അലമാരയിൽ സൂക്ഷിച്ചിരുന്നതുമായ ആഭരണങ്ങളിൽ എത്രമാത്രം നഷ്ടപ്പെട്ടിട്ടുണ്ടെന്നും, പണമോ മറ്റ് വസ്തുക്കളോ കവർച്ചചെയ്യപ്പെട്ടിട്ടുണ്ടോയെന്നും തിരിച്ചറിഞ്ഞാലേ കവർച്ചയും കൊലപാതകവുമായി എത്രമാത്രം ബന്ധമുണ്ടെന്ന് തിരിച്ചറിയാനാകൂ.

സാലിയുടെയും ഷീബയുടെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ ഇതിനായുള്ള ശ്രമങ്ങൾ അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് വഴിയും അല്ലാതെയും സാലിയും കുടുംബവും നടത്തിയ പണം ഇടപാടുകളെപ്പറ്റിയും അന്വേഷണം നടന്നുവരികയാണ്. സാലിയുടെയും ഷീബയുടെയും മൊബൈൽ ഫോൺ കോളുകളുടെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇവർക്ക് വന്ന ഫോൺ കോളുകളിൽ നിന്നോ, പുറത്തേക്കുള്ള വിളികളിൽ നിന്നോ സംഭവത്തിലേക്ക് വിരൽചൂണ്ടുന്ന എന്തെങ്കിലും തെളിവുകൾ ശേഖരിക്കാനാകുമോയെന്ന് പിരശോധിക്കാനാണിത്.

കോട്ടയം നാഗമ്പടം കേന്ദ്രീകരിച്ച് സാലി നടത്തിയിരുന്ന വഴിയോരക്കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇവിടങ്ങളിൽ ആരെങ്കിലുമായുള്ള സാമ്പത്തികമോ അല്ലാതെയോ ഉള്ള ഇടപാടുകളോ, കച്ചവടവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള ശത്രുതകളോ, ഭീഷണികളോ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

വഴിയോരക്കച്ചവടത്തിനൊപ്പം സാലിക്ക് എതെങ്കിലും വിധത്തിലുള്ള സാമ്പത്തിക ഇടപാടുകൾ, റിയൽ എസ്റ്റേറ്റ് ബിസിനസ്, ബ്രോക്കർ ഏർപ്പാടുകൾ എന്നിവ ഉണ്ടായിരുന്നുവോയെന്നും, ഇത്തരത്തിൽ എന്തെങ്കിലും അബദ്ധങ്ങളോ ചതിവോ കൊലപാതകത്തിലേക്ക് വഴിവച്ചതാണോയെന്നതും അന്വേഷണ വിധേയമാണ്. കൊലപാതകശ്രമത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ട്രോമാകെയർ ഐസിയുവിൽ കഴിയുന്ന സാലിയ്ക്ക് ബോധം വീണ്ടെടുത്ത് കാര്യങ്ങൾ വെളിപ്പെടാൻ ദിവസങ്ങൾ എടുക്കും. അതിനുമുമ്പ് കേസിലെ നിർണായക വിവരങ്ങൾ മറ്റ് വിധത്തിലുള്ള അന്വേഷണങ്ങളിലൂടെ സമാഹരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. ഷീബയ്ക്കും സാലിയ്ക്കും നേരെയുണ്ടായ അക്രമവും ഇലക്ട്രിക് ഷോക്കേൽപ്പിച്ചതുൾപ്പെടെയുള്ള സംഭവങ്ങളും വിലയിരുത്തുമ്പോൾ ക്രിമിനൽ പശ്ചാത്തലമുള്ളയാളാണ് കൊലയാളിയെന്ന നിഗമനത്തിലാണ് പൊലീസ്. സാലിയ്ക്കോ ഭാര്യയ്ക്കോ എതെങ്കിലും വിധത്തിൽ പരിചയമുള്ളയാളാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല. ഒരാൾ തനിച്ചാണ് കൃത്യത്തിൽ പങ്കെടുത്തതെങ്കിൽ ഇവരുടെ ഭാഗത്ത് നിന്ന് കാര്യമായ ചെറുത്ത് നിൽപ്പ് ഉണ്ടായിട്ടില്ലെന്ന് വ്യക്തമാണ്. സംഭവത്തിൽ അക്രമിക്ക് കാര്യമായ പരിക്കുകളേൽക്കാതിരുന്നതിനാലാണ് അയാൾ തന്നെ കാറോടിച്ച് പോകാൻ ഇടയായതും.

ഒരുപക്ഷെ വീട്ടിൽ പതിയിരുന്ന് അപരിചിതനായ ഒരാൾക്കും, അപ്രതീക്ഷിതമായി ഇരുവരെയും വകവരുത്താം. പട്ടാപ്പകൽ റോഡരികിൽ നടന്ന സംഭവത്തിൽ നിലവിളിയോ ബഹളമോ പുറത്ത് കേൾക്കാതിരുന്നതും പലവിധ സംശയങ്ങൾക്ക് കാരണമാകുന്നുണ്ട്. സംഭവത്തിനുശേഷം സാലിയുടെ കാറുമായി രക്ഷപ്പെടുകയും, അക്രമിയെത്തിയ വാഹനങ്ങളൊന്നും കണ്ടെത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കൊലയാളി നടന്നോ, മറ്രാരുടെയെങ്കിലും സഹായത്തോടെയോ ആകാം സ്ഥലത്തെത്തിയത്.

കാറിന്റെ ദൃശ്യങ്ങൾ പതിഞ്ഞ സിസിടിവി കാമറയിലും, പരിസരത്തെ മറ്റ് വീടുകളുടെ കാമറകളിൽ നിന്നും സംഭവത്തിന് മുമ്പുള്ളതും അപരിചിതരുടെതുമായ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഷീബയുടെ പോസ്റ്റുമോർട്ടം പൂർത്തിയാകുകയും, മരണത്തെയും പരിക്കുകളെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരികയും ചെയ്യുന്നതോടെ അന്വേഷണത്തിന് കൂടുതൽ വ്യക്തത കൈവരും.