കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ലാസുകൾ നടത്താൻ സർക്കാർ തീരുമാനിച്ചത്. ടി.വിയിലൂടെയും ഫോണിലൂടെയും കുട്ടികൾക്ക് സുരക്ഷിതമായി വീടുകളിലിരുന്ന് പഠിക്കാം . എന്നാൽ കേരളം ഔൺലൈൻ ക്ലാസുകളിൽ ഒതുങ്ങി തുടങ്ങുമ്പോൾ കംപ്യൂട്ടറും ഇന്റർനെറ്റ് ലോകവും സ്വപ്നങ്ങളിൽ പോലും കണ്ടിട്ടില്ലാത്ത സാധാരണക്കാരായ കുട്ടികളുടെ പഠനം വഴി മുട്ടിയിരിക്കുകയാണ്. ഈ കുരുന്ന് മനസുകൾക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ട് പക്ഷേ ടി.വിയോ ഫോണോ നെറ്റോ ഇല്ല. കൊവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത് സാധാരണക്കാരായ ഇവരുടെ മാതാപിതാക്കൾക്ക് വില കൂടിയ ഈ ഉപകരങ്ങൾ വാങ്ങി നൽകാനും പണമില്ല. കുട്ടികളുടെ മുന്നിൽ നിസഹായരായി നോക്കി നിൽക്കാനെ ഇവർക്ക് കഴിയുന്നുള്ളു.
ഔൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിനാൽ മലപ്പുറത്ത് ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്ത സംഭവം സാക്ഷര കേരളത്തിന് തീരാകളങ്കമായിരിക്കുകയാണ്. വിദ്യാഭ്യാസം പൗരന്റെ അവകാശമെന്ന് പറയുമ്പോഴും പണമില്ലാത്തവന് ഇന്നും അത് നിഷേധിക്കപ്പെടുന്ന കാഴ്ചയാണ് കാണാനാകുന്നത്. അതേസമയം വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ആവശ്യമായ ഉപകരണങ്ങൾ എത്തിച്ച് നൽകുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.