കുട്ടികൾ കളിക്കുന്ന പലതരം മുഖം മൂടികൾ ഇന്ന് വിപണിയിൽ ഉണ്ടല്ലോ! അല്പം ഗൗരവമുള്ള മുഖം സ്റ്റൈലിൽ ചീകിവച്ചിരിക്കുന്ന മുടി, അതിന്റെ അറ്റത്ത് കിരീടംപോലെ ഞൊറിവച്ച എന്തോ അലങ്കാരം, പ്രത്യേകതരം കണ്ണുകൾ, ഉന്തിയായ വലിയമൂക്ക്, രണ്ട് ദ്വാരങ്ങൾ പിന്നെ താഴെ കൊമ്പൻ മീശ. ഇവയൊന്നും യാഥാർത്ഥമല്ലെങ്കിലും ആ രൂപം കാണുമ്പോൾ ആർക്കും അങ്ങനെ തോന്നും. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാൽ ഒറ്റക്കാഴ്ചയിൽ മനുഷ്യരൂപം പോലെ തോന്നിക്കുന്ന ഒരു മാസ്ക് ! പക്ഷേ... ഇത് ഒരു മാസ്ക്കല്ല, ജീവനുള്ള ഒരു തരം പ്രാണിയാണ്. അടുത്തുകൂടുന്നവരെ പറ്റിക്കാൻ പ്രകൃതി പ്രയോഗിച്ചിരിക്കുന്ന പൊടിക്കൈകളാണ് ഇതൊക്കെ! മാൻ ഫെയ്സ്ഡ് ബഗ്ഗ് എന്നാണ് ഇതിന്റെ ഇംഗ്ലീഷ് പേര്. ഓരോ ജീവികൾക്കും ശത്രുക്കളെ ഭയപ്പെടുത്താനും സ്വയം രക്ഷയ്ക്കുമായി പ്രകൃതി പല ഉപായങ്ങളും കൊടുത്തിട്ടുണ്ട്.
കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളും പേടിപ്പെടുത്തുന്ന രൂപങ്ങളും പല ഉപദ്രവങ്ങളിൽ നിന്നും ശത്രുക്കളിൽ നിന്നും ഇവയ്ക്ക് പരിരക്ഷ നൽകുന്നു. നിസ്സഹായരും നിരുപദ്രവികളുമായ ചെറിയ ഒരു തരം വണ്ടാണ് ഇത്. നീലഗിരിയിൽ പലയിടങ്ങളിലും ഇതിനെ കാണാറുണ്ട്. പ്രത്യേകിച്ച് മുതുമല, മുക്കുരുത്തി, മസനഗുഡി തുടങ്ങിയ വനപ്രദേശങ്ങളിൽ സാധാരണയായി കാണാം. ഇന്ന് സോഷ്യൽ മീഡിയായിൽ പല രാജ്യങ്ങളിലെ ജീവികളുടെയും ഓർക്കിഡ് പൂക്കളുടെയും മറ്റും വിചത്രമായ രൂപങ്ങൾ പലരും പോസ്റ്റ് ചെയ്യുന്നത് കാണാറുണ്ട്. അതിൽചിലതിലൊക്കെ ഒറിജിനലാണെങ്കിലും മറ്റുചിലതിൽ കൃത്രിമമായി മിനുക്കുപണികൾ നടത്തിയിരിക്കുന്നതായും കാണാം.
ഒരു ഫോട്ടോ ഷൂട്ടിനായി ഊട്ടി കഴിഞ്ഞ് മുക്കരുത്തിയിലേക്ക് പോകുമ്പോൾ വനത്തിനോട് ചേർന്ന റോഡരുകിലായി തറയിൽ നന്നായി തിളങ്ങുന്ന ഒരു വസ്തു കണ്ടു. മിഠായി പൊതിഞ്ഞ കടലാസ് ആരോ ഉപേക്ഷിച്ചതായിരിക്കുമെന്ന് ആദ്യം കരുതി. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അത് ചലിക്കുന്നതായി കണ്ടു. അടുത്തുചെന്നപ്പോൾ അത് മാസ്കിന്റെ ആകൃതിയിൽ നിറമുള്ള ഒരു വണ്ടാണെന്നു മനസിലായി. തമിഴ്നാട്ടുകാർ ഇതിനെ ക്രിക്കറ്റ് എന്നാണത്രെ പ്രാദേശികമായി പറയുന്നത്. അവിടെ നല്ല വെളിച്ചമുണ്ടായിരുന്നതിനാൽ വേഗംതന്നെ മാക്രോലെൻസ് ഫിറ്റുചെയ്തു ഒന്നു രണ്ടു ഫോട്ടോകളെടുത്തു. എന്റെ സാമീപ്യം മനസിലാക്കിയ തുകൊണ്ടാകണം ഒരു നിമിഷം ചത്തതുപോലെ നിശ്ചലമായി അങ്ങനെ കിടന്നു. ഒരുപക്ഷേ രക്ഷപ്പെടാനുള്ള തന്ത്രമായിരിക്കാം അത്. വീണ്ടും കുറേക്കൂടി അടുത്തേക്ക് ചെന്നപ്പോഴേക്കും പറക്കാനുള്ള ശ്രമമായി. ഉപദ്രവിക്കരുതെന്നു കരുതി ഞാൻ പിന്നോട്ട് മാറിയെങ്കിലും അത് വേഗം പറന്നുപോയി.