kaumudy-news-headlines

1. കൊവിഡ് പ്രതിസന്ധി മറിക്കടക്കാന്‍ ഉള്ള ശേഷി ഇന്ത്യക്ക് ഉണ്ടെന്ന് പ്രധാനമന്ത്രി. രാജ്യത്തെ ജനങ്ങളുടെ കഴിവില്‍ വിശ്വാസമുണ്ട് എന്നും മോദി. വൈറസിനെ നേരിടാന്‍ കടുത്ത നടപടി വേണ്ടി വരും. കൃത്യസമയത്താണ് രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്ത് ജൂണ്‍ എട്ടിന് ശേഷം കൂടുതല്‍ ഇളവുകള്‍ ഉണ്ടാകുമെന്ന് മോദി വ്യക്തമാക്കി. കൊവിഡിന് എതിരായ പോരാട്ടം ഒപ്പം കൊണ്ടുപോകണം. ജീവന്‍ രക്ഷിക്കലാണ് പരമപ്രധാനം. രാജ്യം സാമ്പത്തിക വളര്‍ച്ചാ നിരക്ക് തിരിച്ചു പിടിക്കുമെന്നും പ്രധാനമന്ത്രി. സ്വയം പര്യാപ്തതയാണ് രാജ്യത്തിന്റെ ലക്ഷ്യം. വളര്‍ച്ചാ നിരക്ക് തിരിച്ച് പിടിക്കുമെന്ന് ആത്മവിശ്വാസം ഉണ്ട്. സാമ്പത്തിക പ്രതിസന്ധി മറിക്കടക്കലും പ്രധാനം. സ്വകാര്യ പങ്കാളിത്തം രാജ്യം ശക്തിപ്പെടുത്തും. ഭാവി പ്രതിസന്ധികള്‍ നേരിടാന്‍ രാജ്യം സജ്ജം എന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യവസായ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു മോദി.


2. കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരേ ഇന്ന് ചോദ്യം ചെയ്യും. ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടോ എന്നറിയാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇരുവരോടും ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. ഇന്നലെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. ഉത്രയുടെ 38 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ രണ്ട് പൊതികളിലാക്കി കുഴിച്ചിട്ട നിലയിലായിരുന്നു. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് സ്വര്‍ണം കാണിച്ചു കൊടുത്തത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് സ്വര്‍ണ്ണം പുരയിടത്തില്‍ കുഴിച്ചിട്ടതായി സരേന്ദ്രന്‍ സമ്മതിച്ചത്.
3. അച്ഛന് കാര്യങ്ങളെല്ലാം അറിയാമെന്ന് സൂരജ് നേരത്തെ മൊഴി നല്‍കിയിരുന്നു. ഉത്ര വധ കേസില്‍ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ക്രൈംബ്രാഞ്ച് സംഘം തെളിവെടുപ്പ് നടത്തിയത്. ഫോറന്‍സിക്, റവന്യു സംഘവും അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സൂരജും ഉത്രയും താമസിച്ചിരുന്ന കിടപ്പുമുറി, ഉത്ര പാമ്പിനെ കണ്ട സ്റ്റെയര്‍കെയ്സ്, ടെറസ്, പാമ്പിനെ സൂക്ഷിച്ച വീടിന്റെ പുറക് വശം എന്നിവിടങ്ങളില്‍ എല്ലാം സംഘം പരിശോധന നടത്തി. തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ ജീവനക്കാര്‍ വീട്ടിലെ സ്‌കെച്ച് തയ്യാറാക്കി അന്വേഷണ സംഘത്തിന് കൈമാറി.
4. കോട്ടയം താഴത്തങ്ങാടിയില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തില്‍ മോഷണംപോയ കാര്‍ കേന്ദ്രീകരിച്ച് അന്വേഷണം. പാറപ്പാടം സ്വദേശി ഷീബാ സാലിയാണ് വീട്ടിനുള്ളില്‍ തലയ്ക്കടിയേറ്റ് ഇന്നലെ കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ ഭര്‍ത്താവ് സാലിയുടെ നില ഗുരുതരമായി തുടരുകയാണ്. രാവിലെ 10 മണിയോടെ ഷീബയുടെ വീട്ടില്‍ അക്രമി എത്തിയതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. കാര്‍മോഷ്ടിച്ചത് ഇയാളാണെന്നും പൊലീസ് പറയുന്നു. പ്രതികളുടെ ലക്ഷ്യം കവര്‍ച്ച തന്നെ ആയായിരുന്നു എന്നാണ് ബന്ധുക്കളുടെ നിഗമനം. ഷീബയ്‌ക്കോ സാലിക്കോ ആരുമായി വൈരാഗ്യം ഉണ്ടായിരുന്നില്ല എന്നും ബന്ധുക്കള്‍ പറയുന്നു
5. അതേസമയം ഷീബയുടെ സ്വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ടതായും കുടുംബം പറഞ്ഞു. സമീപത്തെ വീടുകളില്‍ പ്രായമുള്ളവരാണ് താമസിക്കുന്നതെന്നും ശബ്ദങ്ങള്‍ പുറത്ത് കേള്‍ക്കാതിരുന്നത് ഇതിനാല്‍ ആയിരിക്കാമെന്നും ഇവര്‍ പറയുന്നു. രണ്ട് നിലയുള്ള ഷാനി മന്‍സിലില്‍ മുഹമ്മദ് സാലിയും ഭാര്യ ഷീബാ സാലിയും മാത്രമാണ് താമസിച്ചിരുന്നത്. മാതാപിതാക്കളെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് വിദേശത്തുള്ള മകള്‍ അയല്‍ക്കാരെ അറിയിച്ചതോടെ ആണ് കൊലപാതകം പുറത്തറിയുന്നത്. അയല്‍ക്കാരന്‍ ഷാനി മന്‍സിലിലേക്ക് വന്നപ്പോള്‍ തന്നെ പാചകവാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്ക് ചെയ്യുന്നതായി മനസിലാക്കി. തുടര്‍ന്ന് ഫയര്‍ഫോഴസിനെ വിവരം അറിയിക്കുക ആയിരുന്നു.
6. തുറന്നിട്ട ജനാലയ്ക്കുള്ളിലൂടെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ നോക്കിയപ്പോഴാണ് വീടിനുള്ളില്‍ രക്തം തളം കെട്ടിയത് കണ്ടത്. പുറത്ത് നിന്ന് പൂട്ടിയ വാതില്‍ ഫയര്‍ഫോഴ്സ് വെട്ടിപ്പൊളിച്ച് അകത്ത് കയറിയപ്പോഴാണ് സാലിയും ഷീബയും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഷീബ മരിച്ചിരുന്നു. രണ്ട്‌പേര്‍ക്കും തലയ്ക്കാണ് അടിയേറ്റത്. വീട്ടിലെ അലമാര വാരിവലിച്ചിട്ട നിലയില്‍ ആയിരുന്നു. ഫാനിന്റെ ലീഫ് ഇളകിയാടിയ നിലയിലും സെറ്റിയും ടീപ്പോയും അടിച്ച് പൊട്ടിച്ച നിലയിലും ആയിരുന്നു. ഇക്കാരണത്താലാണ് മോഷണ സാധ്യത പൊലീസ് സംശയിക്കുന്നത്. സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നു.
7. ലോകത്ത് കൊവിഡ് രോഗികള്‍ 63.61 ലക്ഷം കടന്നു. ആകെ മരിച്ചവരുടെ എണ്ണം 3,77,148 ആയി. 3,200 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍, പതിനെട്ടര ലക്ഷത്തില്‍ അധികം പേര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 1,06,921 ആയി. അമേരിക്കയില്‍ പുതിയതായി 21,000 കൊവിഡ് കേസുകളും 700ല്‍ അധികം മരണവും റിപ്പോര്‍ട്ട് ചെയ്തു. ബ്രസീലിലും റഷ്യയിലും വൈറസ് വ്യാപനത്തില്‍ കുറവില്ല. ബ്രസീലില്‍ 24 മണിക്കൂറിനിടെ, ഏഴുന്നൂറില്‍ അധികം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇവിടുത്തെ ആകെ കൊവിഡ് മരണം 30,046 ആയി. റഷ്യയില്‍ കൊവിഡ് ബാധിതര്‍ നാല് ലക്ഷം കടന്നു. മരണസംഖ്യ 4,693 ആയി. ബ്രിട്ടനില്‍ മരണനിരക്ക് 38,000 കടന്നു. കൊവിഡ് ബാധിതര്‍ മൂന്ന് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സ്‌പെയിനില്‍ 2.86 ലക്ഷം രോഗികളുണ്ട്. അതേസമയം ലോകത്താകമാനം കൊവിഡ് മുക്തരായവരുടെ എണ്ണം 29 ലക്ഷത്തിലേക്ക് അടുക്കുകയാണ്. നിലവില്‍ 30.42 ലക്ഷം രോഗികളാണ് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 53,000ത്തില്‍ ഏറെ പേരുടെ ആരോഗ്യനില ഗുരുതരമാണ്.