caste-reservation

സംവരണത്തിനെതിരായി, ശക്തമായ കടന്നാക്രമണമാണ് കഴിഞ്ഞ മുക്കാൽ ദശാബ്ദമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ആർ.എസ്.എസ്. നേതാവ് മോഹൻ ഭഗവത് മുതൽ പ്രമുഖരായ ബി.ജെ.പി. - സംഘപരിവാർ നേതാക്കൾ വരെ പിന്നാക്ക സംവരണത്തിനെതിരായി നിരന്തരമായി ശബ്ദമുയർത്തിയിട്ടുണ്ട്. പിന്നാക്ക സംവരണം ഭരണഘടനാപരമായ മൗലീകമായ അവകാശമാണ്.. ഈ സംവരണാവകാശം ഭേദഗതി ചെയ്യാൻ രാജ്യത്തെ എക്സിക്യൂട്ടീവിന് യാതൊരു അവകാശവുമില്ല.


പ്രസിദ്ധ രാഷ്ട്രതന്ത്രജ്ഞനായ ഹരോൾഡ് ലാസ്‌കി തന്റെ ഗ്രന്ഥത്തിൽ പറയുന്നത് ജനങ്ങൾക്ക് തങ്ങളുടെ ഗവൺമെന്റ് രൂപപ്പെടുത്തുന്നതിന് നിശ്ചിത കാലയളവുകളിൽ അവസരം നൽകുന്ന ഒരു ചട്ടക്കൂടാണ് ആദ്യം ഉണ്ടാകേണ്ടത് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ രണ്ടാമതായി പൗരന്മാർക്ക് ചില മൗലീക അവകാശങ്ങൾ ലഭ്യമാക്കുകയും ഈ അവകാശങ്ങൾ ജ്യൂഡിഷ്യൽ അധികാരങ്ങളും എക്സിക്യൂട്ടീവ് അധികാരങ്ങളും തമ്മിൽ വേർതിരിച്ച് നിറുത്തിക്കൊണ്ട് സംരക്ഷിക്കപ്പെടുകയും ചെയ്യണം.


പിന്നാക്ക സംവരണം വളരെ വിശദമായി വ്യക്തമാക്കുന്നത് ഭരണഘടനയുടെ 16-ാം വുകപ്പിലാണ്. ആർട്ടിക്കിൾ 16 പൊതുനിയമനകാര്യത്തിൽ അവസരസമത്വം ഉറപ്പ് നൽകുന്നു. ഈ വകുപ്പിൽ രണ്ട് അപവാദങ്ങളുണ്ട്. അതിലൊന്ന് ഏതെങ്കിലുംപിന്നാക്ക വർഗ്ഗത്തിലെ പൗരന്മാർക്ക് പൊതുതൊഴിലുകളിൽ സ്ഥാനങ്ങൾ സംവരണം ചെയ്യുന്നതിൽ അനുകൂലമായിട്ടുള്ളതാണ്. രണ്ടാമത്തെ അപവാദം പൊതു തൊഴിലുകളിൽ ഇതേവരെയായി വളരെ കുറച്ചുമാത്രം പങ്ക് ലഭിച്ചിട്ടുള്ളവരെ സഹായിക്കുന്നതിനുവേണ്ടിയുള്ളതാണ്. സമുദായം ഏതെന്ന് നിശ്ചയിക്കാനുള്ള അവകാശം സംസ്ഥാന ഗവൺമെന്റുകൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

ക്രിമിലെയർ മാനദണ്ഡങ്ങളിൽ മൗലിക മാറ്റങ്ങൾ വരുത്താനാണ് വിദഗ്ദ സമിതി ശുപാർശയുടെ ബാനറിൽ മോദി സർക്കാർ ഈ കോവിഡിന്റെ മറവിൽ ശ്രമിക്കുന്നത്. രാജ്യത്തെ പിന്നോക്ക സമുദായങ്ങളുടെ ഉദ്യോഗ, വിദ്യാഭ്യാസ സംവരണത്തിൽ നിന്ന് ക്രിമിലെയർ വിഭാഗത്തെ ഒഴിവാക്കാൻ വാർഷിക കുടുംബ വരുമാനത്തിൽ അപേക്ഷകരുടെ മാതാപിതാക്കളുടെ പ്രതിമാസ ശമ്പളമുൾപ്പെടെ മൊത്തം വരുമാനവും ഉൾപ്പെടുത്താനാണ് കേന്ദ്ര നീക്കം.

ഇതു സംബന്ധിച്ച് കേന്ദ്ര പേഴ്സണൽമന്ത്രാലയം മുൻ സെക്രട്ടറി വി.പി.ശർമ്മ ചെയർമാനായ വിദഗ്ദ സമിതിയുടെ ശുപാർശ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിരിക്കുകയാണ്. കേന്ദ്രമന്ത്രിസഭ ഉടൻ തന്നെ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന.

സംവരണം രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ജനവിഭാഗത്തിന്റെ ഒരു മൗലീകവകാശമാണ്. ഈ അവകാശത്തെ ചോരയിൽ മുക്കിക്കൊല്ലാനുള്ള വ്യാപകവും, നിരന്തരവും, ശക്തവുമായ കടന്നാക്രമണങ്ങളാണ് രാജ്യത്തെ ഭരണകക്ഷി നേതൃത്വത്തിന്റെ ഒത്താശയോടുകൂടി ഒരുവിഭാഗം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണകക്ഷികളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഇപ്പോൾ ക്രിമിലെയർ നിശ്ചയിക്കുന്നതിന്റെ മാനദണ്ഡം പുനഃപരിശോധന ചെയ്യാൻ ധാരണയായിരിക്കുന്നത്.


രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനവിഭാഗത്തിനെതിരായ ഈ കടന്നാക്രമണത്തിനെതിരായി കാര്യമായ ഒരു പ്രതികരണമോ, ശക്തമായ പ്രതിഷേധമോ ഒന്നും ഇതിനകം ഉണ്ടായിട്ടില്ല. ഒരുപക്ഷെ കോവിഡിന്റെ ഭീതിയിൽ രാജ്യം നിലകൊള്ളുന്നതുകൊണ്ടായിരിക്കും അത്. മോദി സർക്കാരിന്റെ ഹീനമായ നീക്കത്തെ എല്ലാ ശക്തിയും സമാഹരിച്ചുകൊണ്ട് എതിർത്ത് പരാജയപ്പെടുത്തുക തന്നെ വേണം.
(ലേഖകന്റെ ഫോൺ : 9847132428, email:advgsugunan@gmail.com)