വാഷിംഗ്ടൺ: അമേരിക്കയിൽ പൊലീസുകാരൻ കാൽമുട്ട് കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ആഫ്രോ-അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയിഡിന് നീതി തേടിയുള്ള തെരുവുപ്രക്ഷോഭം ഏഴാംദിനം പിന്നിടുമ്പോഴും ശമനമില്ല. പ്രക്ഷോഭത്തെ നേരിടാനായി സൈന്യത്തെ ഇറക്കുമെന്ന ഭീഷണിയുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി.മേയർമാരും ഗവർണർമാരും ക്രമസമാധാനം പുനഃസ്ഥാപിക്കണം. നഗരങ്ങളിൽ ആവശ്യത്തിന് നാഷണൽ ഗാർഡുകളെ വിന്യസിക്കണം. ഗവർണർമാർ വിഷയം പരിഹരിക്കുന്നതിൽ പരാജയപ്പെട്ടാൽ ‘ആയിരമായിരം’ അമേരിക്കൻ സൈന്യത്തെ ഇറക്കി പ്രശ്നം പരിഹരിക്കുമെന്നാണ് ട്രംപ് പറഞ്ഞത്.
മിനിയപൊളിസ് സ്റ്റേഷനിലെ പൊലീസുകാരായ ഡെറിക് ചൗലിൻ അഞ്ച് മിനിട്ടോളം ജോർജ് ഫ്ലോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തി നിൽക്കുന്ന ദൃശ്യം പുറത്തുവന്നതോടെയാണ് ആളുകൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. റെസ്റ്റോറന്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ഫ്ലോയിഡിനെ പൊലീസ് ആളുമാറി പിടിക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ പിന്നീട് ഡെറിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, പ്രതിഷേധം 140 നഗരങ്ങളിലേക്കു പടർന്നു. അമേരിക്കയ്ക്ക് പുറത്തും വലിയതോതിലുള്ള സമരരീതികളാണ് നടക്കുന്നത്. വൈറ്റ് ഹൗസിനു മുന്നിൽ നൂറു കണക്കിനു പേർ രാത്രി ഒത്തുകൂടിയതോടെ, കഴിഞ്ഞദിവസം ട്രംപിനെ വൈറ്റ് ഹൗസിലെ ബങ്കറിലേക്ക് മാറ്റിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
മാപ്പ് പറഞ്ഞ് പൊലീസ് മേധാവികൾ
ഇതിനകം തന്നെ കലാപങ്ങൾ അക്രമങ്ങൾക്ക് വഴിമാറിയ പല ഇടങ്ങളിലെയും പൊലീസ് അധികാരികൾ തെരുവിൽ മുട്ടുകുത്തി നിന്ന്, മിനിയാപൊളിസിലെ തങ്ങളുടെ സഹപ്രവർത്തകരിൽ നിന്നുണ്ടായ തെറ്റിന് മാപ്പുപറയുന്ന രംഗങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിഷേധക്കാരെ കഴിയുന്നതും വേഗത്തിൽ അനുനയിപ്പിച്ച് അക്രമങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ അമേരിക്കയിലെ പല സംസ്ഥാനങ്ങളിലെയും ഗവർണർമാരും പൊലീസ് മേധാവികളും ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് ഇപ്പോൾ എരിതീയിൽ എണ്ണയൊഴിക്കുന്നതുപോലുള്ള ട്രംപിന്റെ പുതിയ പരാമർശം.നേതൃത്വത്തിന്റെ കഴിവില്ലായ്മയാണ് മിനിയപൊളിസിൽ പ്രതിഷേധം പടരാൻ കാരണമായതെന്നും മേയർക്ക് ജോലി ചെയ്യാൻ കഴിവില്ലെങ്കിൽ താൻ അമേരിക്കൻ സൈന്യത്തെ അയയ്ക്കുമെന്നും ട്രംപ് നേരത്തേയും കുറ്റപ്പെടുത്തിയിരുന്നു.
♦ ക്രൂരത വിവരിച്ച് പോസ്റ്റുമാർട്ടം റിപ്പോർട്ട്
ജോർജ് ഫ്ലോയ്ഡിന്റേത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമെന്ന ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മിനിയാപൊളിസ് പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് കഴുത്ത് ഞെരിച്ച വേളയിൽ ഹൃദയസ്തംഭനം മൂലമാണ് 46കാരൻ മരണപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫ്ലോയ്ഡിന്റെ കുടുംബം നിയോഗിച്ച സ്വകാര്യ പരിശോധന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ഔദ്യോഗിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫ്ലോയ്ഡ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്നായിരുന്നു അവർ കണ്ടെത്തിയത്. പൊലീസുകാർ കഴുത്തിലും പുറത്തും അമർത്തി ചവിട്ടിയതിനെത്തുടർന്ന് ശ്വാസം കിട്ടാതെ മരിച്ചതെന്നായിരുന്നു റിപ്പോർട്ട്.
♦ ഉപദേശകർക്കിടയിൽ ഭിന്നത
യു.എസിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം നേരിടുന്നത് സംബന്ധിച്ച് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഉപദേശകർക്കിടയിൽ കടുത്ത ഭിന്നത. ട്രംപ് രാജ്യത്തെ ഔദ്യോഗികമായി അഭിസംബോധന ചെയ്ത് സമാധാനത്തിന് ആഹ്വാനം ചെയ്യണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കലാപത്തെയും കൊള്ളിവയ്പ്പിനെയും കടുത്തഭാഷയിൽ പ്രസിഡന്റ് അപലപിക്കണമെന്ന് ചിലർ പറയുന്നു. അല്ലെങ്കിൽ നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ മദ്ധ്യനിലപാടുള്ളവരുടെ വോട്ട് ചോരുമെന്നാണ് ഇവരുടെ വാദം. അതേസമയം, വിഷയം ട്രംപ് കൈകാര്യം ചെയ്ത രീതി ശരിയായില്ല എന്നുള്ള അഭിപ്രായമാണ് രാജ്യത്ത് ഭൂരിപക്ഷമുള്ളത്.
♦ മേയറുടെ മകളും അറസ്റ്റിൽ
പ്രക്ഷോഭത്തിൽ പങ്കെടുത്ത ന്യൂയോർക് സിറ്റി മേയർ ബിൽ ഡി ബ്ലാസിയോവിന്റെ മകളും അറസ്റ്റിൽ. നിയമവിരുദ്ധമായ സംഘംചേരലിനാണ് ചിയാര ഡി ബ്ലാസിയോ അറസ്റ്റിലായത്. ഇവരെ പിന്നീട് വിട്ടയച്ചു.പ്രതിഷേധത്തിൽ പങ്കെടുത്ത 2000ലധികം ആളുകൾ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
♦ സംസ്കാരം ഹൂസ്റ്റണിൽ
ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാരം ജന്മനഗരമായ ഹൂസ്റ്റണിൽ നടക്കും. ഹൂസ്റ്റൺ മേയർ സിൽവെസ്റ്റർ ടേണർ ആണ് ഇക്കാര്യം അറിയിച്ചത്. യു.എസിലാകെ പ്രക്ഷോഭം പടരുന്നതിനൊപ്പം സമാധാന ശ്രമങ്ങളും സജീവമാണ്. ഇതിനിടയിലാണ് ‘ഇത് ഫ്ലോയ്ഡ് വളർന്ന നഗരമാണ്, അദ്ദേഹത്തിന്റെ മൃതദേഹം ഇവിടേക്ക് കൊണ്ടുവരുമെന്ന്’ മേയർ പറഞ്ഞത്.
ലോകത്തെ മഹത്തായ രാജ്യമാണ് നമ്മുടേത്. നമ്മൾ അത് ഭദ്രമായി കാത്തുസൂക്ഷിക്കും. ഞാൻ നിങ്ങളെ സംരക്ഷിക്കാനായി പോരാടും. ഞാനാണ് നിങ്ങളുടെ ക്രമസമാധാനപാലകൻ. സമാധാനപരമായി പ്രതിഷേധിക്കുന്നവരുടെ ഒപ്പവും ഞാനുണ്ട് -ട്രംപ്
♦ ♦ ♦ ♦ ♦ ♦ ♦
"എനിക്ക് അമേരിക്കൻ പ്രസിഡന്റിനോട് ഒരു അപേക്ഷയുണ്ട്. കലാപങ്ങളുടെ കാര്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ദയവായി വായടച്ച് മിണ്ടാതിരിക്കുക" - ആർട്ട് എയ്‌സ്‌വിഡോ, ഹൂസ്റ്റൺ പൊലീസ് ചീഫ്
♦ ♦ ♦ ♦ ♦ ♦ ♦